malappuram local

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിര ഗുളികകള്‍ വിതരണം ചെയ്യും

മലപ്പുറം: ദേശീയ വിരമുക്ത ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിരഗുളികകള്‍ (ആല്‍ബന്റസോള്‍) വിതരണം ചെയ്യും. ഒരു വയസ്സുമുതല്‍ 19 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് ഗുളികകള്‍ വിതരണം ചെയ്യുന്നത്. അങ്കണവാടികളിലും സ്‌കൂളുകളിലുമാണ് ഇന്ന് ഗുളികകള്‍ വിതരണം ചെയ്യുക. ഗുളികകള്‍ ലഭിക്കാത്ത കുട്ടികള്‍ക്ക് 15ന് നല്‍കാനും നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തി ല്‍ പറഞ്ഞു. ആരോഗ്യ, തദ്ദേശ സ്വയംഭരണം, വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പുകള്‍ കൈകോര്‍ത്താണ് ദേശീയ വിരമുക്ത ദിനാചരണം നടത്തുന്നത്. ജില്ലയില്‍ 10 ഹെല്‍ത്ത് ബ്ലോക്കുകളിലായി 929581 കുട്ടികള്‍ക്കാണ് ഗുളികകള്‍ നല്‍കുന്നത്. തീരദേശത്തെ അഞ്ച് ഹെല്‍ത്ത് ബ്ലോക്കുകള്‍ ദിനാചരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇവിടെ ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന മന്ത് രോഗ നിവാരണ യജ്ഞത്തിന്റെ ഭാഗമായി ആല്‍ബന്റസോള്‍ ഗുളികകള്‍ വിതരണം ചെയ്തിരുന്നു. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ 1433 സ്‌കൂളുകളില്‍ 670 465 വിദ്യാര്‍ഥികള്‍ക്കും 4178 അങ്കണവാടികളും ഡേ-കെയര്‍ സെന്ററുകളിലായി 259116 കുട്ടികള്‍ക്കും ഗുളികകള്‍ വിതരണം ചെയ്യുന്നതിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായിട്ടുണ്ട്. വിതരണത്തിന്റെ  ജില്ലാ തല ഉദ്ഘാടനം പെരിന്തല്‍മണ്ണ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും. സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികളില്‍ 40 ശതമാനം പേരും വിളര്‍ച്ച ബാധിച്ചവരാണ്. ഇതിന് കാരണമായ വിരശല്യം ഇല്ലാതാക്കുക ലക്ഷ്യമിട്ടാണ് വിരമുക്ത ദിനാചരണം സംഘടിപ്പിക്കുന്നത്. കേരളത്തിലെ മണ്ണില്‍ 2.8 ശതമാനത്തോളം വിവിധ വിരകളുടെ സാന്നിധ്യമുണ്ട്. ഈ സാഹചര്യത്തില്‍ മുഴുവന്‍ കുട്ടികള്‍ക്ക് വിരശല്യത്തിനുള്ള ഗുളികകള്‍ നല്‍കണം. രണ്ട് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 200 ഗ്രാം (പകുതി ഗുളിക), 2 മുതല്‍ 19 വയസ്സുവരെയുള്ള കുട്ടകള്‍ക്ക് 400 ഗ്രാം (ഒരു ഗുളിക) ആല്‍ബന്റസോള്‍ നല്‍കണമെന്ന് ആര്‍സിഎച്ച് ഓഫിസര്‍ ഡോ. രോണുക പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മാസ് മീഡിയ ഓഫിസര്‍ ടി എം ഗോപാലന്‍, ഡെ. മാസ്മീഡിയ ഓഫിസര്‍ എം പി മണി പങ്കെടുത്തു.
Next Story

RELATED STORIES

Share it