Idukki local

വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ കുറവ്

നെടുങ്കണ്ടം: ജില്ലയിലേക്കെത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ കുറവ്. ഇതോടെ, ടൂറിസത്തെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന നൂറു കണക്കിന് ചെറുകിട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലായി. അറബ് വിനോദ സഞ്ചാരികളുടെ എണ്ണത്തിലാണ് ഗണ്യമായ കുറവുണ്ടായത്.
നിപ ഭീതിയും കാലവര്‍ഷത്തിന് തൊട്ടുമുമ്പുണ്ടായ കനത്ത മഴയും മണ്ണിടിച്ചിലും മറ്റും മണ്‍സൂണ്‍ സീസണില്‍ ജില്ലയിലേക്കെത്തേണ്ടിയിരുന്ന സഞ്ചാരികള്‍ കുറയാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍. കുറിഞ്ഞി സീസണ്‍ മുന്നില്‍ കണ്ട് കഴിഞ്ഞ വര്‍ഷം മതല്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നവരുടെ പ്രതീക്ഷകള്‍ക്കാണ് ഇതോടെ മങ്ങലേറ്റത്. ജൂണ്‍ മൂതല്‍ ആഗസ്ത് വരെയുള്ള മാസങ്ങളില്‍ അറബ് സഞ്ചാരികളുടെ കുത്തൊഴുക്കാണ് മുമ്പ് അനുഭവപ്പെട്ടിരുന്നത്.ഇത്തവണ പ്രതീക്ഷിച്ചിരുന്നതില്‍ പകുതിപോലും സഞ്ചാരികള്‍ എത്തിയില്ല.
പ്രധാനമായും സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, യെമന്‍, ബഹ്‌റിന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് അറബികള്‍ കൂട്ടമായി എത്താറുള്ളത്. വിനോദസഞ്ചാരത്തിനു പുറമേ ആയുര്‍വേദ സുഖചികിത്സ, കര്‍ക്കിടക ചികിത്സ, തിരുമ്മ്, ശസ്ത്രക്രിയകള്‍ എന്നിവയ്ക്കും അറബികള്‍ തിരഞ്ഞെടുത്തിരുന്നത് ഓഗസ്റ്റ് വരെയുള്ള മാസങ്ങളായിരുന്നു. ഗള്‍ഫ് നാടുകളില്‍ ഈ സമയം 50 ഡിഗ്രിക്കു മുകളില്‍ ചൂട് വര്‍ധിക്കുന്നതിനാലും പൊതു അവധിയായതിനാലും തണുപ്പ് അനുഭവപ്പെടുന്ന ഇടുക്കിയിലേക്ക് അറബി സഞ്ചാരികള്‍ ആകര്‍ഷിക്കപ്പെട്ടിരുന്നു. ഇവരുടെ വരവോടെ  മറ്റു മേഖലകളില്‍ മഴക്കാലത്ത് സഞ്ചാരികള്‍ ഒഴിയുമെങ്കിലും ഇടുക്കിക്ക് വര്‍ഷംമുഴുവന്‍ സീസണായിരുന്നു.
ഇതിനാല്‍ വിവിധ സ്ഥാപനങ്ങള്‍ നൂറുകണക്കിന് അറബ് ഗൈഡുകളെയാണ് നിയമിച്ചത്. സഞ്ചാരികള്‍ ഇല്ലാതായതോടെ ഇവര്‍ക്കും ജോലിയില്ലാതെയായി. കുറിഞ്ഞി സീസണ്‍ മുന്നില്‍ കണ്ട് കഴിഞ്ഞ വര്‍ഷം മതല്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നവരുടെയും പ്രതീക്ഷകള്‍ക്ക് ഇതോടെ മങ്ങലേറ്റിട്ടുണ്ട്. വ്യാപാരമേഖലയും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സ്തംഭനാവസ്ഥയിലാണ്. തേയില, സുഗന്ധവ്യഞ്ജനങ്ങള്‍, ഹോം മെയ്ഡ് ചോക്കളേറ്റുക ള്‍ എന്നിവയുടെ വില്‍പനയും ഗണ്യമായി കുറഞ്ഞു.
കുമളി മൂന്നാര്‍ സംസ്ഥാന പാതയിലെ നിരവധി ടൂറിസം സ്ഥാപനങ്ങളാണ് ഇതിനോടകം പൂട്ടിപ്പോയത്. പ്രാദേശിക ടൂറിസം കേന്ദ്രങ്ങളിലെ സ്ഥാപനങ്ങളും അടച്ചുപൂട്ടലിനരികെയാണ്.
കുറിഞ്ഞി സീസണില്‍ ആളുകളെത്തുമെന്ന പ്രതീക്ഷയില്‍ ചില സ്ഥാപനങ്ങള്‍ നഷ്ടം സഹിച്ചും, ജീവനക്കാരുടെ എണ്ണം കുറച്ചുമാണ് ഇപ്പോഴും തുറന്നു പ്രവര്‍ത്തിക്കുന്നത്. കാലവര്‍ഷ ദുരന്തങ്ങള്‍ മുന്നില്‍ക്കണ്ട് ഹൈറേഞ്ച് മേഖലയിലെ എല്ലാ ഓഫ് റോഡ് റൈഡിങ്ങും ജില്ലാ ഭരണകൂടം നിരോധിച്ചിരുന്നു. ഇതോടെ, നൂറുകണക്കിനുപേരുടെ വരുമാന മാര്‍ഗവും ഇല്ലാതായി. ഓഫ് റോഡ് റൈഡ് മാത്രം പ്രതീക്ഷിച്ചു ദിനംപ്രതി വന്നിരുന്ന നൂറുകണക്കിന് സഞ്ചാരികളും ഇടുക്കിയെ ഉപേക്ഷിച്ചു.
Next Story

RELATED STORIES

Share it