Idukki local

വിദേശ വനിതയുടെ പണവും കാമറയും മോഷ്ടിച്ച സംഭവം : സേലത്ത് അറസ്റ്റിലായയാളെ കുമളിയില്‍ തെളിവെടുപ്പിനെത്തിച്ചു



കുമളി: സ്വകാര്യ റിസോര്‍ട്ടില്‍ നിന്നും വിദേശ വനിതയുടെ പണവും കാമറയും മോഷ്ടിച്ച പ്രതിയെ തെളിവെടുപ്പിനായി കുമളിയില്‍ എത്തിച്ചു.മൈസൂര്‍ ജി.ബി നഗര്‍ സ്വദേശി ഹരീഷ് (62) നെയാണ് തെളിവെടുപ്പിനായി ഇന്നലെ കുമളിയില്‍ എത്തിച്ചത്. കഴിഞ്ഞ ജനുവരി 18നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.തേക്കടി സന്ദര്‍ശിക്കാനെത്തിയ ഫ്രഞ്ച് വനിത നന്ദിയാ മരിയാ ഡെന്നീസ് തേക്കടിക്കവലയിലെ സ്വകാര്യ റിസോര്‍ട്ടിലായിരുന്നു താമസിച്ചിരുന്നത്.സംഭവ ദിവസം റിസോര്‍ട്ടിലെത്തിയ ഹരിഷ് ഫ്രഞ്ച് വനിതയുടെ മുറിയില്‍ കയറി ഒരു ലക്ഷം രൂപ വിലയുള്ള കാമറയും ഒരു ലക്ഷത്തി നാല്‍പതിനായിരം രൂപ മൂല്യം വരുന്ന യൂറോയും പാസ്‌പോര്‍ട്ട് ,വിമാന ടിക്കറ്റ് എന്നിവയുമായി കടന്നു. ഇയാളുടെ ചിത്രം റിസോര്‍ട്ടിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.പരാതിയെ തുടര്‍ന്ന് കുമളി പോലിസ് അന്വേഷണം നടത്തി വരുന്നതിനിടെ തമിഴ്‌നാട്ടിലെ സേലം പള്ളപ്പെട്ടി പോലിസ് ഇയാളെ ലാപ് ടോപ് മോഷ്ടിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. ഇവിടെ നല്‍കിയ മൊഴിയെ തുടര്‍ന്ന് കുമളി പോലിസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. ഇയാള്‍ ഒരു അലോപ്പതി ഡോക്ടറാണെന്ന് മൊഴി തല്‍കിയതായി പോലിസ് പറയുന്നു.കുതിരപ്പന്തയ കമ്പക്കാരനായ ഇയാള്‍ പന്തയം നടത്തി സാമ്പത്തികമായി തകര്‍ന്നെന്നും ഇതില്‍ നിന്നും കരകയറുന്നതിനായാണ് മോഷണം നടത്തുന്നതെന്നും പോലിസ് പറഞ്ഞു. ഇക്കാരണത്താല്‍ ഇയാളുടെ ഭാര്യയും മക്കളും പിണങ്ങി വിദേശത്താണ് താമസം. ഇവിടെ നിന്നും മോഷ്ടിച്ച കാമറ ബാംഗ്ലൂരില്‍ വിറ്റതായും ഇത് കണ്ടെടുക്കുന്നതിനായി അടുത്ത ദിവസം അങ്ങോട്ടേയ്ക്ക് പോകുമെന്നും കുമളി സി.ഐ ടി ആര്‍ പ്രദീപ്കുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it