World

വിദേശ ഐഎസ് പോരാളികള്‍ കിഴക്കന്‍ സിറിയയില്‍ നിന്ന് രക്ഷപ്പെട്ടതായി റിപോര്‍ട്ട്‌

വാഷിങ്ടണ്‍: യുഎസ് നേതൃത്വത്തില്‍ വ്യാപകമായ സൈനിക നീക്കങ്ങള്‍ നടക്കുന്നതിനിടയിലും ആയിരക്കണക്കിനു വിദേശ ഐഎസ് സായുധരും കുടുംബങ്ങളും കിഴക്കന്‍ സിറിയയില്‍ നിന്നു രക്ഷപ്പെട്ടതായി റിപോര്‍ട്ട്. യുഎസിന്റെയും യൂറോപ്പിന്റെയും സൈനിക ഇന്റലിജന്‍സ് റിപോര്‍ട്ടുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്്. സായുധര്‍ സിറിയന്‍  സൈന്യത്തിന്റെയും യുഎസ് മറീനുകളുടെയും കണ്ണുവെട്ടിച്ചാണ് സിറിയയുടെ തെക്കന്‍ അതിര്‍ത്തിയിലേക്കു രക്ഷപ്പെട്ടത്. ഇതില്‍ ഒരുവിഭാഗം തലസ്ഥാനമായ ദമസ്‌കസിനടത്തും വടക്കുപടിഞ്ഞാറന്‍ മേഖലകളിലും തമ്പടിച്ചിരിക്കുകയാണെന്നും അവര്‍ മറ്റൊരു ആക്രമണത്തിനു നേതാക്കളുടെ രഹസ്യ നിര്‍ദേശത്തിനു കാത്തിരിക്കുകയാണെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. ഒരുവിഭാഗം അല്‍ഖാഇദയുടെ സിറിയന്‍ ശാഖയില്‍ ചേര്‍ന്നു പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സിറിയയില്‍ ഐഎസ് സായുധ സംഘം സിവിലിയന്‍മാര്‍ക്കെതിരേ ഗറില്ലാ മോഡല്‍ ആക്രമണങ്ങള്‍ നടത്തുന്നതായും റിപോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. രഹസ്യമായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ ആക്രമണം നടത്തുന്നതിലാണ് ഇവര്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതെന്നും ലണ്ടന്‍ ആസ്ഥാനമായുള്ള ഒരു നിരീക്ഷണ സംഘത്തിന്റെ റിപോര്‍ട്ടില്‍ പറയുന്നു. ബഗ്ദാദില്‍ കഴിഞ്ഞ മാസമുണ്ടായ രണ്ടു ബോംബാക്രമണങ്ങളില്‍ 30ലധികം പേര്‍ കൊല്ലപ്പട്ടതും ഇതിനുദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it