വിടവാങ്ങിയത് കാരുണ്യത്തിന്റെ കൈത്തിരി

അബ്ദുര്‍റഹ്മാന്‍ ആലൂര്‍

കാസര്‍കോട്: സമ്പന്നതയില്‍ കഴിഞ്ഞുകൂടുമ്പോഴും സമൂഹത്തിലെ നിരാലംബരുടെ കണ്ണീരൊപ്പാന്‍ മുന്നില്‍ നിന്ന മഹാമനസ്‌കനായിരുന്നു ഇന്നലെ വിട പറഞ്ഞ റദ്ദുച്ച എന്ന പി ബി അബ്ദുര്‍റസാഖ് എംഎല്‍എ. വായില്‍ വെള്ളിക്കരണ്ടിയുമായല്ല അദ്ദേഹം ജനിച്ചത്. ഏഴാം തരം മാത്രം വിദ്യാഭ്യാസം, എന്നാല്‍ അറിവിന്റെ സാമ്രാജ്യം വിപുലമായിരുന്നു. ഏഴ് ഭാഷകള്‍ കൈകാര്യം ചെയ്യാനറിയാവുന്ന ജനപ്രതിനിധിയായിരുന്നു റദ്ദുച്ച. സപ്ത ഭാഷാ സംഗമഭൂമിയായ മഞ്ചേശ്വരത്തിന്റെ ജനപ്രതിനിധിയായി നിയമസഭയിലെത്തി സത്യപ്രതിജ്ഞ ചെയ്തത് കന്നഡയിലായിരുന്നു.
പരമ്പരാഗത മുസ്‌ലിം കുടുംബത്തിലായിരുന്നു ജനനം. 2000ല്‍ ലീഗ് ടിക്കറ്റില്‍ ചെങ്കള പഞ്ചായത്തിലേക്ക് മല്‍സരിച്ചത്. അഞ്ചു വര്‍ഷം ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് പദവി അലങ്കരിച്ചു. 2005ല്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായി. അന്നത്തെ എല്‍ഡിഎഫ് ഭരണസമിതിക്കെതിരേ 2010ല്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായതിനെ തുടര്‍ന്ന് ഏഴു മാസത്തോളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. തുടര്‍ന്ന്, 2011ല്‍ മഞ്ചേശ്വരത്ത് നിന്നു നിയമസഭയിലേക്ക് മല്‍സരിച്ച് വിജയിക്കുകയായിരുന്നു. 2016ലും മഞ്ചേശ്വരത്ത് നിന്നു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മഞ്ചേശ്വരത്തിന്റെ സമഗ്ര വികസനത്തിനു നിരവധി പദ്ധതികള്‍ നടപ്പാക്കി. മാപ്പിളപ്പാട്ട് ഗായകന്‍ കൂടിയാണ്. വിവാഹവീടുകളില്‍ പാട്ട് പാടാതെ റദ്ദുച്ച തിരിച്ചുപോവാറില്ല.
തുളു ഭാഷയുടെ പരിപോഷണത്തിനായി ആവിഷ്‌കരിച്ച തുളു അക്കാദമിക്ക് വേണ്ടി മഞ്ചേശ്വരം കടമ്പാറില്‍ ആസ്ഥാന മന്ദിരം സ്ഥാപിക്കാന്‍ ഇദ്ദേഹത്തിന്റെ ഇടപെടലിലൂടെ സാധിച്ചു. മംഗല്‍പാടി സിഎച്ച്‌സിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തി. മഞ്ചേശ്വരം താലൂക്ക് രൂപീകരണം, മഞ്ചേശ്വരം തുറമുഖ നിര്‍മാണം എന്നിവ ഇദ്ദേഹത്തിന്റെ സംഭാവനയാണ്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് സംസ്ഥാന സര്‍ക്കാരിന്റെ സീറോ ലാന്റ് പദ്ധതിയിലേക്ക് രണ്ട് ഏക്കര്‍ സ്ഥലം സംഭാവന നല്‍കി ശ്രദ്ധ നേടിയിരുന്നു. നെല്ലിക്കട്ടയില്‍ ഇദ്ദേഹത്തിന്റെ പേരില്‍ സ്വകാര്യ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് നി ര്‍ധനര്‍ക്ക് സ്ഥലം നല്‍കി വീട് നിര്‍മിച്ച് നല്‍കിയിരുന്നു. ഉപ്പള ആസ്ഥാനമായി ഉര്‍ദു അക്കാദമി, മൊഗ്രാല്‍ മാപ്പിള ഗവേഷണ കേന്ദ്രം എന്നിവ സ്ഥാപിച്ചു കിട്ടുന്നതിനും പ്രവര്‍ത്തിച്ചു.
കുമ്പള മുതല്‍ തലപ്പാടി വരെയുള്ള ദേശീയപാതാ വികസനത്തിനു മുന്‍കൈയെടുത്തു. ബദിയടുക്ക ഉക്കിനടുക്കയിലെ നി ര്‍ദിഷ്ട മെഡിക്കല്‍ കോളജിനും വേണ്ടി റദ്ദുച്ച സര്‍ക്കാരില്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നു.

Next Story

RELATED STORIES

Share it