'വിജിലന്‍സ് കോടതിയിലെ കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കണം'

തിരുവനന്തപുരം: വിജിലന്‍സ് കോടതികളിലെ കേസുകള്‍ സമയ ബന്ധിതമായി തീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ഹൈക്കോടതിയെ സമീപിച്ചു. എഴുതിത്തള്ളിയ കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതില്‍ വിജിലന്‍സ് കോടതികള്‍ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്ന് ഹൈക്കോടതിക്ക് അയച്ച കത്തില്‍ പറയുന്നു.
അന്വേഷണം പൂര്‍ത്തിയാക്കി റിപോര്‍ട്ട് സമര്‍പ്പിച്ച കേസുകളില്‍ പോലും നടപടിയില്ല. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് വിജിലന്‍സ് ഡയറക്ടര്‍ വിജിലന്‍സ് കോടതികള്‍ക്കെതിരേ ഹൈക്കോടതിയെ സമീപിക്കുന്നത്.  എന്നാല്‍, നിലവിലെ കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചാണ് വിജിലന്‍സ് ഡയറക്ടറുടെ നടപടി. അഡ്വക്കറ്റ് ജനറലിനെയും ഡറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെയും മറികടന്നാണ് ഡയറക്ടര്‍ നിര്‍മല്‍ ചന്ദ്ര അസ്താന ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരുമുള്‍പ്പെട്ട കേസുകള്‍ എഴുതിത്തള്ളാന്‍ വിജിലന്‍സ് റിപോര്‍ട്ട് നല്‍കിയിട്ടും കോടതികള്‍ പല ഘട്ടങ്ങളില്‍ വിശദീകരണം ചോദിക്കുകയാണ്. വിജിലന്‍സ് അന്വേഷണം അവസാനിപ്പിച്ചിട്ടും കോടതി നടപടികള്‍ നീളുന്നത് നീതി വൈകാന്‍ കാരണമാവുന്നു. കത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ച് വിജിലന്‍സ് കോടതികളിലെയും തീര്‍പ്പാക്കാത്ത കേസുകളുടെ വിവരങ്ങള്‍ ഹൈക്കോടതി ആരാഞ്ഞു. കെ എം മാണി, അഡീ. ചീഫ് സെക്രട്ടറി ടോം ജോസ്, വി എ അരുണ്‍കുമാര്‍, രാഹുല്‍ ആര്‍ നായര്‍, ടിപി ദാസന്‍ തുടങ്ങിയവര്‍ക്കെതിരായ വിജിലന്‍സ് കേസുകള്‍ അവസാനിപ്പിക്കാന്‍ വിജിലന്‍സ് റിപോര്‍ട്ട് നല്‍കിയിട്ടും കോടതികള്‍ തീരുമാനമെടുക്കാത്തതിനാല്‍ നടപടികള്‍ നീണ്ടുപോവുകയാണ്.
എന്നാല്‍, കേസുകളുടെ ബാഹുല്യം മൂലമാണ് തീര്‍പ്പ് വൈകുന്നതെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. നേരത്തെ വിജിലന്‍സില്‍ നിയമോപദേശം നിര്‍ബന്ധമല്ലെന്ന് കാണിച്ച് എന്‍ സി അസ്താന ഉത്തരവിറക്കിയിത് വിവാദമായിരുന്നു.
Next Story

RELATED STORIES

Share it