Cricket

വിജയം തുടരാന്‍ കോഹ്‌ലിക്കൂട്ടം

വിജയം തുടരാന്‍ കോഹ്‌ലിക്കൂട്ടം
X

സെഞ്ച്വൂറിയന്‍: ഇന്ത്യ - ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ അവസാന മല്‍സരം ഇന്ന്. പരമ്പര നേരത്തെ തന്നെ അക്കൗണ്ടിലാക്കിയ ഇന്ത്യ ജയം തുടരാനുറച്ച് ഇറങ്ങുമ്പോള്‍ അഭിമാന ജയം തേടിയാവും ദക്ഷിണാഫ്രിക്ക കളത്തിലിറങ്ങുന്നത്.

കരുത്തോടെ  ഇന്ത്യ

ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി ഏകദിന പരമ്പര സ്വന്തമാക്കിയ വിരാട് കോഹ്‌ലിയും സംഘവും മികച്ച ആത്മവിശ്വാസത്തോടെയാണ് ആറാം അങ്കത്തിനിറങ്ങുന്നത്. ബാറ്റിങ് നിരയില്‍ ഓപണര്‍മാര്‍ ഫോമിലേക്കുയര്‍ന്നതോടെ ഇന്ത്യയുടെ കരുത്ത് ഇരട്ടിച്ചിട്ടുണ്ട്.  രണ്ടാം വിക്കറ്റില്‍ വിരാട് കോഹ്‌ലിയുടെ സ്ഥിരതയും ഇന്ത്യക്ക് കരുത്താവും. നിലവിലെ ഏകദിനറാങ്കിങില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യ അവസാന മല്‍സരത്തിലും ജയിച്ച് പട്ടികയിലെ പോയിന്റ് വ്യത്യാസം ഉയര്‍ത്താനുറച്ചാവും കളത്തിലിറങ്ങുക.മധ്യനിരയിലെ ബാറ്റിങാണ് ഇന്ത്യയെ അലട്ടുന്ന പ്രാധാന പ്രശ്‌നം. ധവാനും രോഹിതും കോഹ്‌ലിയും മടങ്ങിയാല്‍ മധ്യനിര കൂട്ടത്തകര്‍ച്ചയെ നേരിടുന്ന കാഴ്ചയാണ് ഈ പരമ്പരയിലുടനീളം കണ്ടത്. അജിന്‍ക്യ രഹാനെ ഒരു മല്‍സരത്തില്‍ അര്‍ധ സെഞ്ച്വറി നേടി പ്രതീക്ഷ നല്‍കിയെങ്കിലും മികവ് തുടരാനായില്ല. കേദാര്‍ യാദവിന് പകരമെത്തിയ ശ്രേയസ് അയ്യരും എംഎസ് ധോണിയും മധ്യനിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും റണ്‍റേറ്റ് ഉയര്‍ത്തുന്നതില്‍ പരാജയപ്പെടുന്നു. വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ബൗളിങില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും ബാറ്റിങില്‍ തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല.അവസാന മല്‍സരത്തിലെ ടീമില്‍ മാറ്റങ്ങളുമായിട്ടാവും ഇന്ത്യ ഇറങ്ങുക. ശ്രേയസ്് അയ്യരിന് പകരം ദിനേഷ് കാര്‍ത്തികും യുസ്‌വേന്ദ്ര ചാഹലിന് പകരം അക്‌സര്‍ പട്ടേലും ഭുവനേശ്വര്‍ കുമാറിന് പകരം മുഹമ്മദ് ഷമിയും അവസാന മല്‍സരത്തില്‍ കളിക്കുമെന്നാണ് വിവരം.

ജയിക്കണം ദക്ഷിണാഫ്രിക്കയ്ക്ക്
ഇന്ത്യക്ക് മുന്നില്‍ പരമ്പര അടിയറവച്ച ദക്ഷിണാഫ്രിക്കയ്ക്ക് അവസാന ഏകദിനത്തിലെ ജയം അഭിമാന പ്രശ്‌നമാണ്. പരിക്ക് തുടക്കം മുതല്‍ വേട്ടയാടിയ ദക്ഷിണാഫ്രിക്കയ്ക്ക് ജോഹന്നാസ്ബര്‍ഗില്‍ നടന്ന നാലാം മല്‍സരത്തില്‍ മാത്രമാണ് ഇന്ത്യയെ തോല്‍പ്പിക്കാനായത്. ബാറ്റിങ് നിരയില്‍ മികച്ച താരങ്ങളുണ്ടെങ്കിലും അവസരത്തിനൊത്ത് ആര്‍ക്കും ഉയരാന്‍ കഴിയുന്നില്ല.  ഹാഷിം അംലയും, ജെ പി ഡുമിനിയും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ കഴിയുന്നില്ല. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരായ ഡേവിഡ് മില്ലര്‍ക്കും എബി ഡിവില്ലിയേഴ്‌സിനും മികവിനൊത്ത് ഉയരാന്‍ സാധിക്കാത്തതും ആതിഥേയര്‍ക്ക് തിരിച്ചടി നല്‍കുന്നു.
Next Story

RELATED STORIES

Share it