kasaragod local

വികേന്ദ്രീകരണത്തിന് മാതൃകയാവേണ്ടത് ഗ്രാമസഭകള്‍: ഡെപ്യൂട്ടി സ്പീക്കര്‍

കാസര്‍കോട്്: അധികാരകേന്ദ്രീകരണത്തില്‍ നിന്ന് അധികാരവികേന്ദ്രീകരണത്തിലേക്ക് കേരളം ചുവടുവെച്ചപ്പോള്‍ തദ്ദേശസ്ഥാപനങ്ങള്‍ കൂടുതല്‍ ശക്തമാവുകയും ജനകീയമാവുകയും ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി പറഞ്ഞു. കേരള നിയമസഭ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച അധികാര വികേന്ദ്രീകരണത്തിന്റെ കേരള പാഠങ്ങള്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.1611 ല്‍പരം നിയമനിര്‍മാണങ്ങള്‍ ഇതേവരെ നടന്നു കഴിഞ്ഞു. പഞ്ചായത്ത്, നഗരപാലിക ബില്‍ വഴി വിഭവങ്ങള്‍ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സ്വതന്ത്രമായി വിനിയോഗിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായി.  സംസ്ഥാനബജറ്റില്‍ 40 ശതമാനം തുക ത്രിതലപഞ്ചായത്തുകള്‍ക്ക് നീക്കി വെയ്ക്കപ്പെട്ടു-അദ്ദേഹം പറഞ്ഞു. മുന്‍ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി കുട്ടി അഹമ്മദ് കുട്ടി വിഷയാവതരണം നടത്തി. കേരളം മല്‍സരിക്കേണ്ടത് മറ്റ് സംസ്ഥാനങ്ങളോടല്ല സ്വന്തം ഇന്നലകളോടാണെന്ന് കുട്ടി അഹമ്മദ് കുട്ടി പറഞ്ഞു. ഇന്നലെകളിലെ അനുഭവങ്ങളും നേട്ടങ്ങളും തിരിച്ചടികളും ഉള്‍ക്കൊണ്ട് മെച്ചപ്പെട്ട നാളെയാവണം നമ്മുടെ ലക്ഷ്യം. ജില്ലയിലെ ഭരണത്തിന്റെ നായകന്‍ ആര് എന്നതായിരുന്നു ഭരണപരിഷ്‌കാരകമ്മീഷനു മുന്നിലെ ചോദ്യം.  കലക്ടറാണോ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിയാണോ എന്ന് 1937 മുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടു.79ല്‍ ജില്ലാ കൗണ്‍സില്‍ എന്ന ആശയം കൈവന്നതോടെ ഇതിനു മറുപടിയും ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ സംബന്ധിച്ചു.
Next Story

RELATED STORIES

Share it