malappuram local

വികസന സ്വപ്്‌നവുമായി മലപ്പുറം ജില്ല 50ാം വയസ്സിലേക്ക്്

മലപ്പുറം: വികസന സ്വപ്്‌നങ്ങളുമായി മലപ്പുറം ജില്ല 50ാം വയസ്സിലേക്ക്. 1969 ജൂണ്‍ 16 നാണ് ജില്ല നിലവില്‍ വന്നത്. കോഴിക്കോട്, പാലക്കാട് ജില്ലകളുടെ ഭാഗങ്ങളെ കൂട്ടിച്ചേര്‍ത്തായിരുന്നു രൂപീകരണം. പഴയ കോഴിക്കോട് ജില്ലയിലെ ഏറനാട്, തിരൂര്‍ താലൂക്കുകളുടെയും പാലക്കാട് ജില്ലയിലെ പെരിന്തല്‍മണ്ണ, പൊന്നാനി താലൂക്കുകളുടെയും പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തായിരുന്നു പുതിയ ജില്ലയുടെ രൂപീകരണം. ഏറെ വിമര്‍ശനങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമൊടുവിലായിരുന്നു മലപ്പുറത്തിന്റെപിറവി.സില്‍വര്‍ ജൂബിലിയുടെ പടിവാതിലിലെത്തി നില്‍ക്കുമ്പോഴും ജില്ലയുടെ സമഗ്ര വികസനം പോരായ്്മകളുടേതാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള അടിസ്ഥാന ആവശ്യങ്ങള്‍ക്കായുള്ള വികസനം ഇപ്പോഴും അകലെയാണ്. അടുത്ത കാലം വരെ പിന്നാക്ക ജില്ലയെന്ന പേരുണ്ടായിരുന്ന മലപ്പുറം വിദ്യാഭ്യാസ, അരോഗ്യമേഖലകളിലുണ്ടാക്കിയ നേട്ടങ്ങള്‍ സംസ്ഥാനത്തെ മുന്‍നിര ജില്ലകളിലൊന്നാക്കി ഉയര്‍ന്നിട്ടുണ്ട്. പ്രവാസികള്‍ ഏറെയുള്ള ജില്ലയില്‍ ഗള്‍ഫ് പണം ഏറെ എത്തിയെങ്കിലും ജില്ലയുടെ വികസനത്തിനായി കാര്യക്ഷമമായ വിനിയോഗം നടക്കാത്തത് എന്നും വിമര്‍ശന വിധേയമാണ്. സ്വകാര്യ ആശുപത്രികള്‍ ഏറെയുള്ള ജില്ലയില്‍ സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യ സംവിധാനങ്ങള്‍ ഇപ്പോഴും പിന്നാക്കാവസ്ഥയില്‍തന്നെ. മഞ്ചേരിയില്‍ അടുത്ത കാലത്ത് നിലവില്‍ വന്ന മെഡിക്കല്‍ കോളജില്‍ ഇപ്പോഴും സൂപ്പര്‍സ്‌പെഷാലിറ്റി സൗകര്യങ്ങളായിട്ടില്ല. ജില്ലയിലെ മൂന്നു താലൂക്ക് ആശുപത്രികള്‍ക്കു ജില്ലാ ആശുപത്രികളുടെ പദവി നല്‍കിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളില്‍ വര്‍ധനവുണ്ടായില്ല. ആയുര്‍വേദ രംഗത്ത് പ്രശസ്തമായ ജില്ലയിലെ കോട്ടക്കല്‍ ആര്യവൈദ്യ ശാലയിലെ ഒരു വിഭാഗം ജനങ്ങള്‍ക്ക് സൗജന്യ ചികില്‍സയൊരുക്കുന്നത് ആശ്വാസമാണ്. പനികള്‍ പടര്‍ന്നുപിടിക്കുമ്പോഴും മെച്ചപ്പെട്ട ലാബ് സംവിധാനങ്ങള്‍ സര്‍ക്കാര്‍ മേഖലയില്‍ ഇല്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതുന്ന ജില്ലയാണ് മലപ്പുറം. തുടര്‍പഠനത്തിന് യോഗ്യത നേടുന്ന കുട്ടികളുടെ എണ്ണത്തിലും മലപ്പുറം മുന്നിലാണ്. എന്നാല്‍, ഇവര്‍ക്ക് പ്ലസ് വണ്ണിന് തുടര്‍ന്നു പഠിക്കാന്‍ സര്‍ക്കാര്‍, എയ്്ഡഡ് മേഖലകളില്‍ ഇപ്പോഴും വേണ്ടത്ര സംവിധാനങ്ങളില്ല. കാലിക്കറ്റ്്് സര്‍വകലാശാല, തിരൂര്‍ തുഞ്ചന്‍ മലയാളം സര്‍വകലാശാല എന്നിവയുണ്ടെങ്കിലും കോളജ് വിദ്യാഭ്യാസത്തിന് ആവശ്യമായ സീറ്റുകള്‍ ജില്ലയില്‍ ഇല്ല. റെയില്‍ഗതാഗതത്തിലും ജില്ല അവഗണിക്കപ്പെടുകയാണ്. ഏറെ കാലമായി വാഗ്്ദാനം ചെയ്യപ്പെടുന്ന നിലമ്പൂര്‍-നഞ്ചന്‍ഗോഡ് റെയില്‍പാത ഇന്നും കടലാസില്‍ തന്നെ. അങ്ങാടിപ്പുറം - ഫറോക്ക് പാതയും, താനൂര്‍ - ഗുരുവായൂര്‍ പാതയും ഇനിയും യാഥാര്‍ഥ്യത്തിലേക്കടുത്തിട്ടില്ല. വ്യോമഗതാഗത മേഖലയില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ട് ജില്ലയ്ക്ക് അഭിമാനമാണ്. എന്നാല്‍, ഈ വിമാനത്താവളെ തളര്‍ത്തുന്ന രീതിയിലുള്ള തീരുമാനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ അടുത്ത കാലത്ത് എടുത്തു വരുന്നത്. സര്‍ക്കാര്‍ ഫണ്ട് ഏറെ അനുവദിക്കപ്പെട്ടിട്ടും കരകയറാത്ത മേഖലയാണ് ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഒട്ടേറെ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നും യാഥാര്‍ഥ്യമായിട്ടില്ല. ആഢ്യന്‍പാറ വെള്ളച്ചാട്ടം, തേക്ക് മ്യൂസിയം, മലപ്പുറത്ത് കോട്ടകുന്ന്, പൊന്നാനി ബിയ്യം കായല്‍ എന്നിവയാണ് ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ മികച്ചു നില്‍ക്കുന്നത്. ഇവിടങ്ങളിലും അന്യജില്ലകളില്‍ നിന്നോ മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കഴിയുന്ന മികച്ച പദ്ധതികളൊന്നുമില്ല. കടലുണ്ടി പക്ഷിസങ്കേതം, കുറ്റിപ്പുറത്തെ നിള പാര്‍ക്ക്, പെരിന്തല്‍മണ്ണയിലെ കൊടികുത്തി മല, വേങ്ങരക്കടുത്ത ഊരകം മല എന്നിവിടങ്ങളിലെല്ലാം പദ്ധതികളേറെ പ്രഖ്യാപിക്കപ്പെട്ടെങ്കിലും വികസനം അകലെയാണ്.മലയോര മേഖലയില്‍ പ്രകൃതിക്ഷോഭവും വന്യജീവികളുടെ ശല്യവും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. പച്ചക്കറി ഉത്പാദത്തിലാണ് ജില്ലയില്‍ മുന്നേറ്റം നടക്കുന്നത്. മല്‍സ്യബന്ധന മേഖലയിലും  പ്രതിസന്ധി തുടരുകയാണ്. പടിഞ്ഞാറെ അതിര്‍ത്തി പൂര്‍ണമായും കടലോരമുള്ള ജില്ലയാണ് മലപ്പുറം. എന്നാല്‍, മല്‍സ്യബന്ധനത്തിന് ആധൂനിക സംവിധാനങ്ങളൊന്നും ഇപ്പോഴും നിലവില്‍ ഇല്ല. മലപ്പുറത്ത് ആധുനിക വ്യവസായങ്ങളും വേരുപിടിക്കുന്നില്ല. വര്‍ഷങ്ങള്‍ പഴക്കമുള്ള കുറ്റിപ്പുറത്തെ സോപ്‌സ് ആന്റ് ഡിറ്റര്‍ജന്റ്‌സ് ഫാക്ടറി പ്രവര്‍ത്തനം നിര്‍ത്തി. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എടരിക്കോട്, മലപ്പുറം സ്പിന്നിംഗ് മില്ലുകള്‍ നഷ്ടക്കണക്കുകളുമായാണ് മുന്നോട്ടുപോവുന്നത്. കാക്കഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന കിന്‍ഫ്ര പാര്‍ക്കിലും മലപ്പുറത്തെ ഇന്‍കെല്‍ സിറ്റിയിലും സ്വകാര്യ സംരംഭകര്‍ നടത്തുന്ന ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങളാണ് ജില്ലയ്ക്ക് പ്രതീക്ഷ നല്‍കുന്നത്. കേരളത്തിന്റെ ഗള്‍ഫ് കുടിയേറ്റ ചരിത്രത്തില്‍ സുപ്രധാന സ്ഥാനമാണ് മലപ്പുറത്തിന്റേത്. വിവിധ ഗള്‍ഫ് രാജ്യങ്ങലിലേക്കു മലപ്പുറത്തുകാര്‍ പതിറ്റാണ്ടുകള്‍ക്ക് മുന്പ് തുടങ്ങിവച്ച തൊഴില്‍തേടിയുള്ള യാത്രകള്‍ ചരിത്രത്തിന്റെ ഭാഗമാണ്. ജില്ലയിലെ മിക്കവാറും കുടുംബങ്ങളിലും ഒരു പ്രവാസിയെങ്കിലും ഉണ്ടായിരിക്കും. സൗദി അറേബ്യയിലെ പ്രവാസി മലയാളികളില്‍ ഭൂരിഭാഗവും മലപ്പുറത്തുകാരാണ്. പ്രവാസികള്‍ കഴിഞ്ഞ പതിറ്റാണ്ടുകളില്‍ നാട്ടിലേക്കു അയച്ചതു കോടിക്കണക്കിനു രൂപയാണ്. എന്നാല്‍, ഈ പണം ക്രിയാത്്മകവും വികസനപരവുമായി ഉപയോഗപ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരുകളും ജില്ലാഭരണകൂടവും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും പരാജയപ്പെട്ടെന്നതു ഏറെ കാലമായി ഉയരുന്ന വിമര്‍ശനമാണ്.കാല്‍പപന്തുകളിയുടെ നാടാണ് മലപ്പുറം. എന്നാല്‍, കളിച്ചു വളരുന്ന കുട്ടികള്‍ക്ക് പരിശീലിക്കാന്‍ നല്ല മൈതാനങ്ങളോ അനുബന്ധ സൗകര്യങ്ങളോ ഇല്ല. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നിയന്ത്രണത്തില്‍ മഞ്ചേരി പയ്യനാടും മലപ്പുറം കോട്ടപ്പടിയിലുമുള്ള സ്‌റ്റേഡിയങ്ങള്‍ മാത്രമാണ് അല്‍പ്പമെങ്കിലും ആശ്വാസം. പ്രധാന പുഴകളായ ഭാരതപ്പുഴയും ചാലിയാറും കടലുണ്ടിപ്പുഴയുമെല്ലാം മരണാസന്നമാണ്. വേനലില്‍ വറ്റി വരളുന്ന പുഴകളെ സംരക്ഷിക്കാന്‍ വ്യക്തമായ പദ്ധതികളൊന്നും നടപ്പാക്കാനായിട്ടില്ല. തടയണകള്‍ കെട്ടി വെള്ളം സംരംഭിക്കാന്‍ പ്രാദേശിക തലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പുഴയുടെ മലനീകരണം, കയ്യേറ്റം തുടങ്ങി പ്രശ്്‌നങ്ങള്‍ പരിഹരിക്കാതെ കിടക്കുന്നു.തിരൂര്‍ കേന്ദ്രീകരിച്ച് പുതിയ ജില്ല വേണമെന്ന ആവശ്യം ശക്തമായി വരികയാണ്. ഭൂവിസ്തൃതി ഏറെയുള്ള മലപ്പുറത്തിന്റെ ഭരണപരമായ ആവശ്യങ്ങള്‍ക്കും ജനങ്ങളുടെ സൗകര്യങ്ങള്‍ക്കുമായി വിഭജനം അനിവാര്യമാണെന്ന ആവശ്യം വിവിധ സംഘടനകള്‍ ഉയര്‍ത്തുന്നുണ്ട്. പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികളും ഈ ആവശ്യത്തെ പിന്തുണച്ചു തുടങ്ങിയിട്ടുണ്ട്.
Next Story

RELATED STORIES

Share it