ernakulam local

വികസന പ്രവര്‍ത്തനങ്ങളില്‍ സാമൂഹ്യനീതി ഉണ്ടാവണം: മന്ത്രി

പറവൂര്‍: വികസന പ്രവര്‍ത്തനങ്ങളില്‍ സാമൂഹ്യനീതി ഉണ്ടാവണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. ബലമുള്ളവന്‍ കാര്യം കാണുന്നു എന്നുള്ള രീതിയിലല്ല സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കു ഫണ്ടു നല്‍കുന്നത്.
ഗ്രാമങ്ങളെ അവഗണിക്കാന്‍ പാടില്ല. എന്നാലേ സമഗ്ര വികസനം ഉണ്ടാവൂ. പുത്തന്‍വേലിക്കര —വലിയ പഴമ്പിള്ളിതുരുത്ത് പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുറ്റുവട്ടവും പുഴകളാല്‍ ഒറ്റപ്പെട്ടു കിടന്ന പുത്തന്‍വേലിക്കരയ്ക്ക് പുത്തനുണര്‍വു നല്‍കുന്നതാണ് ഇരുപത്തഞ്ച്  കോടി രൂപ മുതല്‍ മുടക്കി നിര്‍മിച്ച പാലം. ഇതോടെ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ ഏഴാമത്തെ പാലമാണ് ഗതാഗതത്തിന് തുറന്നുകൊടുക്കുന്നത്.
പാലത്തിന്റെ നിര്‍മാണ ഘട്ടം മുതല്‍ തടസ്സങ്ങള്‍ ഉണ്ടായെങ്കിലും വകുപ്പിന് അധിക ചെലവ് വരുത്താതെയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. ജില്ലയില്‍ ഏഴാമത്തെ പാലമാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. വൈറ്റിലയിലെ ഫ്‌ളൈ ഓവറുകളുടെ നിര്‍മാണം നടന്നു കൊണ്ടിരിക്കുന്നു. നാടിന്റെ വികസന കാര്യത്തില്‍ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെയാണ് സര്‍ക്കാര്‍ ഇടപെടുന്നതെന്നും മന്ത്രി പറഞ്ഞു.
റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പറേഷന്റെ 47 ാംമത്തെ പാലമാണ് പൂര്‍ത്തിയായിരിക്കുന്നത്. ജൂണ്‍-ജൂലൈ മാസങ്ങളില്‍ 48 പാലങ്ങള്‍ കൂടി നിര്‍മാണം തുടങ്ങാനും പൂര്‍ത്തീകരിക്കാനുമുണ്ട്.
പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായാല്‍ കടുത്ത അവഗണനയാണ് നമ്മള്‍ കാണിക്കുന്നത്. നാലുമാസം കൂടുമ്പോള്‍ എന്‍ജിനീയര്‍മാര്‍ പാലം പരിശോധിക്കണമെന്ന് മാനുവലില്‍ പറയുന്നു. ഇത് പലപ്പോഴും പാലിക്കപ്പെടാറില്ല. സംസ്ഥാനത്തുഴള്ള 3000 പാലങ്ങളില്‍ 346 എണ്ണം അടിയന്തരമായി പുനര്‍നിര്‍മിക്കേണ്ടതാണ്. ബ്രിഡ്ജസ് ആന്റ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ കൂടുതല്‍ വിപുലീകരിച്ച് വലിയ മുന്നേറ്റമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിവേക ചന്ദ്രിക സഭ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന സമ്മേളനത്തില്‍ വി ഡി സതീശന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
എസ് ശര്‍മ്മ എംഎല്‍എ, കെ വി തോമസ് എംപി, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീനാ സെബാസ്റ്റ്യന്‍, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി, പുത്തന്‍വേലിക്കര പഞ്ചായത്ത് പ്രസിഡന്റ് പി വി ലാജു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി എസ് ഷൈല, ഹിമ ഹരീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീതാ സന്തോഷ്, നിതാ സ്റ്റാലിന്‍, പി ഉല്ലാസ്, ടി എന്‍ രാധാകൃഷ്ണന്‍, റിനു ഗിലീഷ്, ഫ്രാന്‍സിസ് വലിയപറമ്പില്‍, കെ കെ അബ്ദുല്ല, റോഷന്‍ ചാക്കപ്പന്‍, എം എന്‍ ശിവദാസ്, എന്‍ ഐ പൗലോസ്, ടി ജെ അലക്‌സ്, കെ എഫ് ലിസി സംസാരിച്ചു.
Next Story

RELATED STORIES

Share it