kannur local

വികസനത്തിന് പണത്തേക്കാള്‍ പ്രധാനം പ്രാപ്തി: മന്ത്രി തോമസ് ഐസക്



കണ്ണൂര്‍: വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ പണമുണ്ടോ എന്നതല്ല ഏറ്റെടുക്കാനുള്ള പ്രാപ്തിയാണു പ്രധാനമെന്നു മന്ത്രി ഡോ. തോമസ് ഐസക്. കേരള എന്‍ജിഒ യൂനിയന്‍ 54ാം സംസ്ഥാന സമ്മേളനത്തില്‍ ‘എല്‍ഡിഎഫ് സര്‍ക്കാര്‍ പിന്നിട്ട ഒരു വര്‍ഷം’ എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിനുള്ള ഇച്ഛാശക്തി കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനുണ്ട്. സര്‍ക്കാര്‍ ലക്ഷ്യമിടുന്ന ജനപക്ഷ വികസന പ്രവര്‍ത്തനങ്ങള്‍ സാര്‍ത്ഥകമാക്കാന്‍ ജീവനക്കാര്‍ ജനങ്ങളുമായി ചേര്‍ന്നുനില്‍ക്കുകയും ജനാധിപത്യ പ്രസ്ഥാനത്തിന്റെ ഭാഗമാവുകയും ചെയ്യണം. ഒക്‌ടോബര്‍ വിപ്ലവത്തിന്റെ 100ാം വാര്‍ഷികം ആഘോഷിക്കുമ്പോഴും സോഷ്യലിസത്തിന് ലോക മേധാവിത്വം സ്ഥാപിക്കാന്‍ കഴിഞ്ഞില്ലെന്നു വിമര്‍ശിക്കുന്നവര്‍ 500 വര്‍ഷം പിന്നിട്ട മുതലാളിത്തം ഇന്നും പകുതിയോളം ലോകരാജ്യങ്ങളില്‍ കടന്നുചെന്നിട്ടില്ലെന്ന യാഥാര്‍ഥ്യം വിസ്മരിക്കുകയാണ്.  എന്നാല്‍ 60 വര്‍ഷം പിന്നിട്ട കേരളത്തിന് ലോകം ശ്രദ്ധിച്ച വികസന മാതൃകകള്‍ മുന്നോട്ടുവയ്ക്കാനായി.‘നിങ്ങളുടെ സമ്പാദ്യം നാടിന്റെ സൗഭാഗ്യം’ എന്ന സന്ദേശത്തില്‍ 25 ലക്ഷം പ്രവാസി മലയാളികളില്‍ വലിയൊരു വിഭാഗത്തെ കെഎസ്എഫ്ഇ ചിട്ടികളുമായി സഹകരിപ്പിക്കും. പോയ കാലത്തിന്റെ ആവശ്യകതയ്ക്ക് അനുസരിച്ച് രൂപം കൊണ്ട സിവില്‍ സര്‍വീസല്ല ഇന്നാവശ്യം. പുതിയ കാലഘട്ടത്തിനനുസരിച്ച് ഉടച്ചുവാര്‍ക്കല്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.ഡോ. ബി ഇക്ബാലിന്റെ നേതൃത്വത്തില്‍ നടത്തിയ വിശദമായ പഠനത്തിന്റെയും ചര്‍ച്ചയുടെയും അടിസ്ഥാനത്തില്‍ രൂപം നല്‍കിയ എല്‍ഡിഎഫ് സര്‍ക്കാറിന്റെ ജനകീയ ആരോഗ്യനയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. “പൊതുജനാരോഗ്യം-വെല്ലുവിളികളും പരിഹാരവുംഎന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി കുടുംബ ഡോക്ടര്‍ സംവിധാനം യാഥാര്‍ഥ്യമാക്കും. 1961ലെ സ്റ്റാഫ് പാറ്റേണ്‍ പുന:പരിശോധിക്കും. പിഎച്ച്‌സികളില്‍ മൂന്ന് ഡോക്ടര്‍മാരെയും അനുബന്ധ ജീവനക്കാരെയുമടക്കം  നിയമിക്കുമെന്നും അവര്‍ പറഞ്ഞു. എന്‍ജിഒ യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് ഇ പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു.  സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സുജാത കൂടത്തിങ്കല്‍, എ അബ്ദുര്‍റഹീം, പ്രഫ. ടി പി കുഞ്ഞിക്കണ്ണന്‍ സംസാരിച്ചു. സമ്മേളനം ഇന്നു വൈകീട്ട് നാലിനു പ്രകടനവും പൊതുസമ്മേളനത്തോടെയും സമാപിക്കും. പൊതുസമ്മേളനം ടൗണ്‍ സ്‌ക്വയറില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ്ാ കാരാട്ട് ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it