kannur local

വികസനം പാതിവഴിയില്‍; ഇരിക്കൂര്‍ താലൂക്ക് ആശുപത്രിയോട് അവഗണന

ഇരിക്കൂര്‍: മലയോര മേഖലയിലെ പ്രധാന കിടത്തിച്ചികില്‍സാ കേന്ദ്രമായ ഇരിക്കൂര്‍ ഗവ. താലൂക്ക് ആശുപത്രി ഇവിടെനിന്ന് മാറ്റാന്‍ നീക്കം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് യുഡിഎഫ് പഞ്ചായത്ത് ഭരണസമിതിയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രി കെ സി ജോസഫിന്റെ പ്രത്യേക താല്‍പര്യപ്രകാരം ഇരിക്കൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തെ കാഷ്വാലിറ്റിയോട് കൂടിയ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയ തീരുമാനമെടുത്തിരുന്നു. പിന്നീട് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ കെ സി ജോസഫ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തി.
പ്രാരംഭ വികസന പദ്ധതികള്‍ക്കായി പുതിയ കെട്ടിടം നിര്‍മിക്കാന്‍ 55 ലക്ഷം രൂപ എംഎല്‍എ ഫണ്ടില്‍നിന്ന് അനുവദിച്ച് പണി പൂര്‍ത്തിയാക്കി. എംഎല്‍എ ഫണ്ടില്‍നിന്ന് ഒരുകോടി രൂപയോളം വീണ്ടും അനുവദിച്ചു. എന്നാല്‍, തുടര്‍ന്നുവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ വികസനപ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. ഇതിനിടെ, പ്രവാസി സംഘടനകളുടെയും നാട്ടിലെ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ആശുപത്രിയില്‍ ചില പദ്ധതികള്‍ നടപ്പാക്കി. കാഷ്വാലിറ്റി തസ്തികയില്‍ മൂന്ന് ഡോക്ടര്‍മാരെ നിയമിച്ചതല്ലാതെ പ്രസവവാര്‍ഡ്, ലാബ്, എക്‌സറേ, കാഷ്വാലിറ്റി എന്നിവ ഒരുക്കാനോ നഴ്‌സിങ്, പാരാമെഡിക്കല്‍ തസ്തികകളില്‍ കൂടുതല്‍ നിയമനം നടത്താനോ തയ്യാറായിട്ടില്ല. ആശുപത്രിയോടുള്ള അവഗണനയ്‌ക്കെതിരേ പ്രക്ഷോഭം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍.
Next Story

RELATED STORIES

Share it