malappuram local

വികസനം ആര്‍ക്കുവേണ്ടിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം: എസ്ഡിപിഐ

മലപ്പുറം: കേരളത്തില്‍ ദേശീയപാത വികസനത്തിന്റെ മറവില്‍ ബിഒടി നടപ്പാക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്നു വ്യക്തമാക്കാന്‍ തയ്യാറാവണമെന്നു എസ്ഡിപിഐ സംസ്ഥാനസമിതി അംഗം വി ടി ഇക്‌റാമുല്‍ ഹഖ്. എസ്്ഡിപിഐ ഇന്നലെ ആരംഭിച്ച ദേശീയപാത ചുങ്കപ്പാതയാക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ ജന വഞ്ചന തിരിച്ചറിയുക കാംപയിന്‍ കുറ്റിപ്പുറത്ത് ഉദ്ഘാടനം ചെയ്യ്യുകയായിരുന്നു അദ്ദേഹം. 30 മീറ്റര്‍ ഹൈവേ വികസനത്തിന് കേരളത്തില്‍ ആരും എതിരല്ല. എന്നാല്‍, കൂടുതല്‍ ഭൂമി ഏറ്റെടുത്ത്് നിരവധി കുടുംബങ്ങളെ വഴിയാധാരമാക്കുന്ന ജനാധിപത്യ വിരുദ്ധ നിലപാട് സര്‍ക്കാര്‍ എടുക്കുമ്പോള്‍ ഉയരുന്ന ജനകീയ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ഫാഷിസ്റ്റ് നിലപാടാണ്.
30 മീറ്ററില്‍ തന്നെ ആറു വരിപ്പാത ഒരുക്കാന്‍ സൗകര്യം ഉണ്ടായിരിക്കെ 45 മീറ്ററില്‍ കൂടുതല്‍ സ്ഥലമേറ്റെടുത്ത് ദേശീയപാത നിര്‍മിക്കാനുള്ള ശ്രമം കോര്‍പറേറ്റുകള്‍ക്കുവേണ്ടിയാണ്. ജനസാന്ദ്രത കൂടിയ മലപ്പുറം ജില്ലയില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് ന്യായമായ ഭൂമിയുടെ വില നല്‍കാതെ നിര്‍ബന്ധിതമായി ഒഴിപ്പിക്കാനുള്ള ശ്രമം ജനാധിപത്യ സര്‍ക്കാരിന് യോജിച്ചതല്ല. പൊതുമരാമത്ത് വകുപ്പിന്റെ കണക്കനുസരിച്ച് 1329.154 ഹെക്റ്റര്‍ ഭൂമി ഏറ്റടുക്കേണ്ടതുണ്ട്. സെന്റിന് അര ലക്ഷം രൂപ നല്‍കിയാല്‍ പോലും പതിനാറായിരം കോടി രൂപ വേണം. ഇത് വിപണി വിലയുടെ കാല്‍ ശതമാനം പോലും ആവുന്നില്ല. ഹൈവേയ്ക്ക് ഇരുവശവും താമസിക്കുന്ന പതിനായിരങ്ങളെ വഴിയാധാരമാക്കി ഭൂമി ഏറ്റെടുക്കാന്‍ നിര്‍ബന്ധം പിടിക്കുന്നത് കോര്‍പറേറ്റ് താല്‍പര്യമാണ്. മലപ്പുറത്ത് പ്രധിഷേധം ഉയരുമ്പോള്‍ രാജ്യ ദ്രോഹമായും വര്‍ഗീയമായും ചാപ്പകുത്തുന്നത് നവ ഫ്യൂഡല്‍ ഫാഷിസ്റ്റ് തന്ത്രമാണ്. കേരളത്തിന്റെ പൊതു നിരത്തുകളെ കച്ചവടവല്‍കരിച്ച് കോര്‍പറേറ്റ് കമ്പനികള്‍ക്ക് അവസരമൊരുക്കുന്നതിനു പിന്നില്‍ വിഹിതം പറ്റുന്നവരും ബിനാമി പങ്കാളിത്തമുള്ളവരുമാണെന്നും വി ടി ഇക്‌റാമുല്‍ ഹഖ് കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് ജലീല്‍ നീലാമ്പ്ര, ജനറല്‍ സെക്രട്ടറി എ കെ അബ്ദുല്‍ മജീദ്, സെയ്തലവി ഹാജി, എം പി മുസ്തഫ, ടി എം ഷൗക്കത്ത്, അഷ്‌റഫ് തിരൂര്‍, മുജീബ് സംസാരിച്ചു.
Next Story

RELATED STORIES

Share it