Idukki local

വിഎസിനെ കൈകാര്യം ചെയ്ത രീതി വേണ്ട; എം എം മണിക്ക് സിപിഐയുടെ താക്കീത്

നെടുങ്കണ്ടം: സിപിഐ ഉടുമ്പന്‍ചോല നിയോജകമണ്ഡലം കമ്മിറ്റിയില്‍ എം എം മണിക്കെതിരെ രൂക്ഷ വിമര്‍ശനം. ഭൂമാഫിയായെ സംരക്ഷിക്കാനുള്ള സമീപനമാണ് എം എം മണി പിന്‍തുടരുന്നതെന്നും കയ്യേറ്റ ഭൂമിക്കാരെ സംരക്ഷിക്കാനുള്ള മന്ത്രിയുടെ നീക്കം എന്തുവിലകൊടുത്തും തടയുമെന്നും സിപിഐ ഉടുമ്പന്‍ചോല നിയോജകമണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. വി എസ് അച്യൂതാനന്ദനെ കൈകാര്യം ചെയ്ത നിലപാട് സിപിഐയോട് എടുക്കെണ്ടന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. സമ്മേളനത്തില്‍ 182 പ്രതിനിധികള്‍ പങ്കെടുത്തു. സിപിഐ മണ്ഡലം സെക്രട്ടറിയായി പി കെ സദാശിവനെ തെരഞ്ഞെടുത്തു. സിപിഐ ദേശീയ കൗണ്‍സില്‍ അംഗം സി ദിവാകരന്‍, ഇ എസ് ബിജിമോള്‍ എംഎല്‍എ, ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ എന്നിവര്‍ പങ്കെടുത്തു. ഉടുമ്പന്‍ചോല മണ്ഡലം സമ്മേളനത്തില്‍ മന്ത്രി എം എം മണിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നതോടെ ഉടുമ്പന്‍ചോല മണ്ഡലത്തില്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള ഏറ്റുമട്ടല്‍ ശക്തമായി. സിപിഎം ലോക്കല്‍ കമ്മിറ്റി സമ്മേളനങ്ങളില്‍ സിപിഐ സ്വീകരിക്കുന്ന നിലപാടിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. തോമസ് ചാണ്ടി വിഷയത്തിലും കൊട്ടകമ്പൂരിലെ ഭൂമി കയ്യേറ്റ വിഷയങ്ങളിലും സിപിഐ സ്വീകരിച്ചിരിക്കുന്ന നിലപാടിനെതിരെ ലോക്കല്‍ സമ്മേളനങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് സിപിഎം ഉയര്‍ത്തിയത്. ഇതോടെയാണ് സിപിഐക്കെതിരെ സിപിഎം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്കെതിരെ രംഗത്ത് വന്നത്. പാര്‍ട്ടിക്കും ജില്ലാ സെക്രട്ടറി കെ കെ ശിവരാമനുമെതിരെ മന്ത്രി എം എം മണി നടത്തിയ രൂക്ഷവിമര്‍ശനത്തില്‍ പ്രതിഷേധിച്ച് സിപിഐ ഉടുമ്പന്‍ചോല മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നെടുങ്കണ്ടം ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതോടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ മറനീക്കീ പുറത്തെത്തി. സിപിഎം കട്ടപ്പന ഏരിയാ കമ്മിറ്റി ഓഫിസ് ഉദ്ഘാടന വേദിയിലാണ് മന്ത്രി മണി സിപിഐയുടെ നടപടികളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. ജില്ലയില്‍ ഉയര്‍ന്നുവന്ന ഭൂപ്രശ്‌നങ്ങളില്‍ സിപിഐ കോണ്‍ഗ്രസിനെ സഹായിച്ചെന്നും അതിന് പ്രതിഫലമായി എന്താണു കിട്ടിയതെന്ന് വ്യക്തമാക്കണമെന്നും എം എം മണി പറഞ്ഞിരുന്നു. മന്ത്രി നടത്തിയ പ്രതികരണമാണ് മണ്ഡലത്തിലെ സിപിഐ നേതൃത്വത്തെ ചൊടിപ്പിച്ചത്.
Next Story

RELATED STORIES

Share it