വിഎച്ച്എസ്ഇക്ക് കുട്ടികളില്ല; കോഴ്‌സുകള്‍ നിര്‍ത്താന്‍ ഉത്തരവ്

തിരുവനന്തപുരം: പരമ്പരാഗത വിഎച്ച്എസ്ഇ തൊഴിലധിഷ്ഠിത കോഴ്—സുകള്‍ക്ക് വിദ്യാര്‍ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും താല്‍പര്യം കുറഞ്ഞതോടെ അവ നിര്‍ത്തലാക്കാനൊരുങ്ങി സര്‍ക്കാര്‍. മിനിമം കുട്ടികളില്ലാത്ത കോഴ്—സുകളില്‍നിന്നു കുട്ടികളെ മറ്റു കോഴ്‌സുകളിലേക്ക് മാറ്റണമെന്ന് കാണിച്ച് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് ഉത്തരവിറക്കി.
വിവിധ സ്‌കൂളുകളിലായി 25 കോഴ്‌സുകളാണ് ഈ വര്‍ഷം നിര്‍ത്തലാക്കുന്നത്. സ്‌കൂളുകളുടെയും കോഴ്—സുകളുടെയും പട്ടികയും ഉത്തരവില്‍ ചേര്‍ത്തിട്ടുണ്ട്. ദേശീയ നൈപുണ്യ വികസന പദ്ധതിയായ എന്‍എസ്‌ക്യുഎഫ് നടപ്പായിത്തുടങ്ങിയതോടെയാണ് പരമ്പരാഗത വിഎച്ച്എസ്ഇക്ക് കുട്ടികള്‍ കുറഞ്ഞത്. ഈ വര്‍ഷം 66 സ്‌കൂളുകളിലാണ് എന്‍എസ്‌ക്യുഎഫ് കോഴ്‌സുകള്‍ തുടങ്ങിയത്. ഈ കോഴ്—സ് പഠിക്കുന്നവര്‍ക്കേ സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ ഭാവിയില്‍ തൊഴിലധിഷ്ഠിത ജോലികള്‍ക്ക് അപേക്ഷിക്കാനാവൂ. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനപ്രകാരം തൊഴിലധിഷ്ഠിത ജോലികള്‍ക്കുള്ള യോഗ്യതയായി എന്‍എസ്‌ക്യുഎഫ് കോഴ്—സുകള്‍ മാറുകയാണ്. സംസ്ഥാനത്ത് 389 വിഎച്ച്എസ്ഇ സ്‌കൂളുകളിലായി ആയിരത്തില്‍പ്പരം കോഴ്‌സുകളാണുള്ളത്. ഒരു കോഴ്‌സിന് 25 കുട്ടികളെങ്കിലും മിനിമം വേണമെന്നാണ് കണക്ക്. ഇതില്ലാത്ത കോഴ്‌സുകളിലെ കുട്ടികളെ അതേ സ്‌കൂളിലെ മറ്റേതെങ്കിലും കോഴ്‌സിലേക്ക് മാറ്റിച്ചേര്‍ക്കാനാണ് ഉത്തരവ്. എന്നാല്‍, അതിനു കുട്ടികള്‍ തയ്യാറാവുമോ എന്നതാണ് ആശങ്ക.
അടുത്തവര്‍ഷം മുതല്‍ കൂടുതല്‍ സ്‌കൂളുകളിലേക്ക് എന്‍എസ്‌ക്യുഎഫ് വ്യാപിപ്പിക്കും. എന്നാല്‍, ഘട്ടംഘട്ടമായാണ് ഈ മാറ്റമെങ്കില്‍ കൂടുതല്‍ പരമ്പരാഗത കോഴ്‌സുകള്‍ക്ക് കുട്ടികളെ കിട്ടാതാവും. ബാക്കിയുള്ള സ്‌കൂളുകളെ കൂടി പുതിയ പാഠ്യരീതിയിലേക്ക് വേഗം മാറ്റുകയാണ് ലക്ഷ്യം. പരമ്പരാഗത കോഴ്സുകളിലാണ് കൂടുതല്‍ പഠനസമയം. എന്‍എസ്‌ക്യുഎഫ് നടപ്പാക്കുമ്പോള്‍ അധികമാവുന്ന അധ്യാപകരെ എന്തു ചെയ്യുമെന്ന കാര്യത്തിലും നയപരമായ തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടില്ല.

Next Story

RELATED STORIES

Share it