Flash News

വിഎആര്‍ സാങ്കേതികവിദ്യ: അനുകൂലിച്ചും പ്രതികൂലിച്ചും ടീമുകള്‍

മോസ്‌കോ: കഴിഞ്ഞ ബ്രസീല്‍ ലോകകപ്പില്‍ ഫിഫ കൊണ്ടുവന്ന വളരെ ശ്രദ്ധേയമായ ഒരു സാങ്കേതികവിദ്യയായിരുന്നു ഗോള്‍ലൈന്‍ ടെക്‌നോളജി. പന്ത് ഗോള്‍വര കടന്നിട്ടുണ്ടോ എന്നറിയാനുള്ള നൂതന സംവിധാനമായിരുന്നു ഇത്. ഇത്തവണത്തെ റഷ്യന്‍ ലോകകപ്പിലെ ഒരു പ്രധാന സാങ്കേതികവിദ്യയാണ് വിഎആര്‍ അഥവാ വീഡിയോ അസിസ്റ്റന്റ് റഫറിയിങ്.
മോശം റഫറിയിങിന്റെ പേരില്‍ മല്‍സരത്തിന്റെ ഗതി തന്നെ മാറിമറിയുന്ന ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഈ ലോകകപ്പി ല്‍ വിഎആര്‍ ഉപയോഗിക്കാന്‍ ഫിഫ തീരുമാനിച്ചത്. നേരത്തേ ചില ക്ലബ്, അന്താരാഷ്ട്ര മല്‍സരങ്ങള്‍ക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്തിയിരുന്നു. ആദ്യ റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ വിഎആറിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമ്മിശ്ര പ്രതികരണവുമായാണ് ടീമുകള്‍ രംഗത്തെത്തിയത്.
ലോകകപ്പില്‍ ഇതുവരെ കഴിഞ്ഞ മല്‍സരങ്ങളില്‍ റഫറിക്ക് ഒരു ചുവപ്പ് കാര്‍ഡ് പോലും പുറത്തെടുക്കേണ്ടിവന്നിട്ടില്ല എന്നതാണ് വിഎആറിന്റെ ഏറ്റവും വലിയ മേന്മയായി ചൂണ്ടിക്കാട്ടപ്പെടുന്നത്. 1990 വരെയുള്ള മല്‍സരങ്ങളില്‍ ആദ്യത്തെ ഒമ്പതു മല്‍സരം കഴിയുമ്പോള്‍ കുറഞ്ഞത് ഒരു ചുവപ്പ് കാര്‍ഡെങ്കിലും എടുക്കേണ്ടിവന്നിരുന്നു. എന്നാല്‍, ഇത്തവണ ഇന്നലെ നടന്ന 15ാമത്തെ മല്‍സരമായ കൊളംബിയ-ജപ്പാന്‍ മല്‍സരത്തിനിടെയാണ് റഫറിക്ക് ആദ്യമായി ചുവപ്പ് കാര്‍ഡ് പുറത്തെടുക്കേണ്ടിവന്നത്.
വിഎആര്‍ ഉപയോഗിച്ചിരുന്നുവെങ്കില്‍ ബ്രസീലിനെതിരേ സ്വിറ്റ്‌സര്‍ലന്റിന്റെ സമനില ഗോള്‍ നിയമവിരുദ്ധമാവുമെന്നാണ് ബ്രസീല്‍ പരിശീലകന്‍ ടിറ്റേ ആരോപിച്ചത്. ഗോള്‍ശ്രമത്തിന് ഇടയില്‍ ബ്രസീലിയന്‍ പ്രതിരോധനിരക്കാരന്‍ ജാവോ മിറാന്‍ഡയെ സ്വിസ് താരം സ്യൂബര്‍ ഫൗള്‍ ചെയ്തിരുന്നു എന്നാണ് മല്‍സരത്തിനു ശേഷം ടിറ്റേ ആരോപിച്ചത്. മല്‍സരത്തിന്റെ 20ാം മിനിറ്റില്‍ കുടിഞ്ഞോയുടെ തകര്‍പ്പന്‍ ലോങ്‌റേഞ്ചിലൂടെ മുന്നിലെത്തിയ ബ്രസീലിനെ സമനിലയില്‍ കുരുക്കിയായിരുന്നു 50ാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മറുപടി എത്തിയത്.
ഷാക്കീരിയുടെ കോര്‍ണര്‍ കിക്കിനു തലവച്ച് സ്യൂബര്‍ വല കുലുക്കുകയായിരുന്നു. എന്നാല്‍, ഗോള്‍വല ചലിപ്പിക്കാനുള്ള ശ്രമത്തിന് ഇടയില്‍ മിറാന്‍ഡയെ സ്യൂബര്‍ പുഷ് ചെയ്തിരുന്നു. അങ്ങനെ വരുമ്പോള്‍ ഗോള്‍ അനുവദിക്കാതിരിക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍, അവിടെ റഫറി അതിനു മുതിര്‍ന്നില്ല. മാത്രമല്ല, 74ാം മിനിറ്റിലെ ബോക്‌സിനു മുന്നില്‍ ഗബ്രിയേല്‍ ജീസസിനെ ഫൗള്‍ ചെയ്തതും റഫറി അവഗണിച്ചു. സാങ്കേതികവിദ്യയുടെ സഹായം നമുക്കുണ്ട്. വിഎആര്‍ ഉപയോഗിച്ചിരുന്നുവെങ്കില്‍ മത്സരഫലം തന്നെ മാറിയേനെ എന്നും ടിറ്റേ പറയുന്നു.
എന്നാല്‍, കളിയുടെ ആവേശത്തെയും രസത്തെയും വിഎആര്‍ കൊല്ലുന്നതായിട്ടാണ് ചില ടീമുകളുടെ പരിശീലകര്‍ ആരോപിക്കുന്നത്. ഒരു ടീം ഗോള്‍ നേടിയാല്‍ ആഘോഷം അലതല്ലുന്ന ഗ്യാലറികളെ നിശ്ശബ്ദമാക്കി മറുതീരുമാനം വരുന്നത് ഒരുതരത്തിലും ഫുട്‌ബോള്‍ ലോകത്തിനു ഭൂഷണമല്ലെന്നാണ് ഇവരുടെ പക്ഷം.
Next Story

RELATED STORIES

Share it