kannur local

വാഹന പരിശോധയ്‌നക്കിടെ യുവാവിന് പോലിസ് മര്‍ദനം

തലശ്ശേരി: നഗരത്തില്‍ പോലിസ് നടത്തിയ വാഹന പരിശോധയ്‌നക്കിടെ ബൈക്ക് യാത്രികനായ യുവാവിന് പോലിസിന്റെ മര്‍ദനം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാധ്യമ പ്രവര്‍ത്തകരെ പോലിസ് അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതും തര്‍ക്കത്തിനിടയാക്കി. തലശ്ശേരി ഗുഡ്‌ഷെഡ് റോഡില്‍ എംകെസി ക്വാര്‍ട്ടേഴ്‌സില്‍ റിസ്‌വാനാ(26)ണ് മര്‍ദനമേറ്റത്.
ഇയാളെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. റിസ്‌വാനും സുഹൃത്തും മണവാട്ടി ജങ്ഷനില്‍ നിന്ന് ഗുഡ്‌ഷെഡ് റോഡിലേക്ക് പോവുന്ന വഴി പോലിസ് ഇവര്‍ സഞ്ചരിച്ച മോട്ടോര്‍ ബൈക്കിന് കൈ നീട്ടി. വണ്ടി നിര്‍ത്തിയപ്പോള്‍ ബൈക്ക് ഓടിച്ചയാള്‍ ഹെല്‍മറ്റ് ധരിച്ചിട്ടില്ലെന്ന് പോലിസ് പറഞ്ഞു.
എന്നാല്‍ തിരക്കേറിയ റോഡില്‍ പെട്ടെന്ന് കൈ നീട്ടിയാല്‍ റോഡില്‍ തെന്നിവീഴാന്‍ സാധ്യതയുണ്ടെന്ന് ബൈക്കിന്റെ പിന്നില്‍ ഇരുന്ന റിസ്‌വാന്‍ പോലിസിനോട് പറഞ്ഞു. ഈ സമയം യുവാവിനോട് താഴെ ഇറങ്ങാന്‍ പോലിസ് ആവിശ്യപ്പെട്ടതോടെ വാക്കുതര്‍ക്കമായി. തുടര്‍ന്ന് പോലിസ് ജീപ്പിലേക്ക് കയറാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറാവാത്ത യുവാവിനെ എസ്‌ഐ ഉള്‍പ്പെടെയുള്ള പോലിസുകാര്‍ മര്‍ദിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇതോടെ നാട്ടുകാരും പ്രശ്‌നത്തില്‍ ഇടപെട്ടു.
സംഭവത്തെ തുടര്‍ന്ന് ഇതുവഴിയുള്ള വാഹന ഗതാഗതവും തടസ്സപ്പെട്ടു. പിന്നീട് കൂടുതല്‍ പോലിസ് എത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. നിരന്തരം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന നഗരത്തില്‍ അതിന് പരിഹാരം കാണാതെ നഗരത്തില്‍ വാഹന പരിശോധന നടത്തുന്നത് ഏറെ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it