വാഹന നികുതി: കേന്ദ്ര നീക്കം ഫെഡറല്‍ സംവിധാനത്തിന് എതിര് - മന്ത്രി എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: മോട്ടോര്‍ വാഹന നികുതി നിരക്ക് രാജ്യത്തൊട്ടാകെ ഏകീകരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് എതിരായ നടപടിയാണെന്നു മന്ത്രി എ കെ ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ് ഇത്. നിലവില്‍ സംസ്ഥാനത്തു നിലനില്‍ക്കുന്ന നികുതിഘടന ധനകാര്യബില്ലിലൂടെ സംസ്ഥാന നിയമസഭ അംഗീകരിച്ചു നടപ്പാക്കിയതാണ്. സംസ്ഥാനത്തെ ജനങ്ങളുടെ താല്‍പര്യം കണക്കിലെടുത്താണ് വിവിധ വിഭാഗങ്ങളില്‍പ്പെട്ട വാഹനങ്ങള്‍ക്ക് ആറു ശതമാനം മുതല്‍ 20 ശതമാനം വരെ നികുതിനിരക്ക് നിശ്ചയിച്ചിട്ടുള്ളത്. ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍, അഞ്ചു ലക്ഷം രൂപയ്ക്ക് താഴെ വിലവരുന്ന കാറുകള്‍ എന്നിവയ്ക്ക് ആറു ശതമാനമാണു നികുതി. കേന്ദ്ര നിര്‍ദേശപ്രകാരം ഈ നിരക്ക് ഏകീകരിച്ചാല്‍ എട്ടു മുതല്‍ 10 ശതമാനം വരെ നികുതി ഉയരും. അതേസമയം, ആഡംബര കാറുകള്‍ ഉള്‍പ്പെടെ 20 ലക്ഷത്തിനു മുകളില്‍ വിലവരുന്ന വാഹനങ്ങളുടെ നികുതി 20 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി കുറയുകയും ചെയ്യുന്നതാണു കേന്ദ്ര നിര്‍ദേശം.
സാധാരണ ജനങ്ങള്‍ക്ക് കൂടുതല്‍ ഭാരം ഉണ്ടാക്കുന്ന കേന്ദ്രനിര്‍ദേശം സംസ്ഥാനത്ത് നടപ്പാക്കാന്‍ ഈ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ഗുവാഹത്തിയില്‍ ചേര്‍ന്ന ഗതാഗതമന്ത്രിമാരുടെ യോഗത്തില്‍ സംസ്ഥാനത്തിന്റെ എതിര്‍പ്പ് നേരത്തേ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നികുതിനിരക്ക് ഏകീകരണത്തിന്റെ മറവില്‍ സാധാരണക്കാരന്റെ വാഹനങ്ങള്‍ക്ക് നികുതി ഉയര്‍ത്തുകയും ആഡംബര വാഹനങ്ങള്‍ക്ക് നികുതി കുറയ്ക്കുകയും ചെയ്യുന്ന നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. ഭരണഘടനയിലും കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലും മാറ്റം വരുത്തിയാല്‍ മാത്രമേ ഇത്തരം നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്രത്തിനും കഴിയുകയുള്ളു. 11 മന്ത്രിമാര്‍ മാത്രം പങ്കെടുത്ത യോഗതീരുമാനം രാജ്യത്തെ ഗതാഗതമന്ത്രിമാരുടെ പൊതുവായ തീരുമാനം എന്ന രീതിയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it