Idukki local

വാഹനാപകടം: രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവരെ പോലിസ് ആദരിച്ചു

നെടുങ്കണ്ടം: വാഹനാപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ നടത്തിയ ധീരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നെടുങ്കണ്ടം സ്വദേശികളെ പോലിസ് ആദരിച്ചു. കഴിഞ്ഞദിവസം കല്‍ക്കൂന്തല്‍ കരടിവളവില്‍ തൊഴിലാളികളുമായി എത്തിയ ജീപ്പ് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈയെടുത്ത രണ്ടുപേരെയാണ് നെടുങ്കണ്ടം പോലിസ് സ്റ്റേഷനില്‍ ആദരിച്ചത്.
വെള്ളിയാഴ്ച രാവിലെ എട്ട് മണിയ്ക്ക് കരടിവളവില്‍ ഉണ്ടായ ജീപ്പപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ചക്കകാനം വെട്ടിക്കാട്ട് വീട്ടില്‍ ബിജു ജോസഫ്, കൈലാസനാട് പാറത്തോട് വട്ടോളില്‍ വീട്ടില്‍ അഭിജിത് മാത്യു എന്നിവരാണ് കാഴ്ചക്കാരായി നില്‍ക്കാതെ പ്രവര്‍ത്തിച്ചുമാതൃകയായത്. പലപ്പോഴും അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ യഥാസമയത്ത് ആശുപത്രിയില്‍ എത്തിച്ചാല്‍ ജീവനുകള്‍ രക്ഷിക്കാന്‍ കഴിയും. വാഹനാപകടം ഉണ്ടായ വെള്ളിയാഴ്ച രാവിലെ കവിതാ ബിജു എന്നറിയപ്പെടുന്ന ബിജു സ്വന്തം ഓട്ടോറിക്ഷയില്‍ നെടുങ്കണ്ടത്തേക്ക് വരുന്നതിനിടയില്‍ കണ്‍മുമ്പിലായിരുന്ന അപകടം നടന്നത്.
എതിരേ വന്ന എക്‌സകവേറ്റര്‍ സൈഡ് കൊടുക്കുന്നതിനിടയിലാണ് ജീപ്പ് തലകുത്തനെ പലതവണ മറിഞ്ഞത്. ഇതുകണ്ട ബിജു വണ്ടി നിര്‍ത്തി. ശബ്ദം കേട്ട് സമീപത്ത് താമസിച്ചിരുന്ന അഭിജിത്തും ഓടിയെത്തി. ഇരുവരും ചേര്‍ന്ന് ജീപ്പിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
പിന്നീട് ഗ്ലാസ് പൊട്ടിച്ചാണ് ജീപ്പിലുണ്ടായിരുന്ന 20 പേരെയും പുറത്തെടുത്തത്. ഇതിനിടെ ഫോണിലൂടെ പലരെയും ബന്ധപ്പെടുകയും കൂടുതല്‍ ആളുകള്‍ സ്ഥലത്തെത്തുകയും ചെയ്തു. വാഹനത്തില്‍ നിന്നും പുറത്തെടുത്തവരെ വാഹനങ്ങളില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ മുന്‍കൈയെടുത്തതും ഇരുവരും ചേര്‍ന്നാണ്. നെടുങ്കണ്ടം സിഐ റെജി എം കുന്നിപ്പറമ്പന്‍ ഇരുവര്‍ക്കും മൊമന്റോ നല്‍കി.
പോലിസ് സ്റ്റേഷനില്‍ കൂടിയ ആദരിക്കല്‍ ചടങ്ങില്‍ എഎസ്‌ഐ റോയി പി വര്‍ഗ്ഗിസ് അദ്ധ്യക്ഷനായി. നെടുങ്കണ്ടം എസ്.ഐ മനേഷ് പൗലോസ് അഭിനന്ദന സന്ദേശവും സിനിയര്‍ സിപിഓ പി പി വിനോദ് സ്വാഗതവും, സിപിഒ ശാന്തി രാധാക്യഷ്ണന്‍ നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it