Districts

വാഹനപരിശോധനയ്ക്കിടെ ഒരു കോടി രൂപയും 10 കിലോ കഞ്ചാവും പിടികൂടി

വാഹനപരിശോധനയ്ക്കിടെ ഒരു കോടി രൂപയും 10 കിലോ കഞ്ചാവും പിടികൂടി
X
ഇരിട്ടി: വാഹന പരിശോധനയ്ക്കിടെ ഇരിട്ടിയില്‍ രേഖകളില്ലാത്ത ഒരു കോടി അഞ്ചുലക്ഷം രൂപയും 10 കിലോ കഞ്ചാവും പിടികൂടി. ക്രിസ്മസ്-പുതുവല്‍സരാഘോഷത്തിനു മുന്നോടിയായി എക്‌സൈസ് സംഘം കേരള-കര്‍ണാടക അതിര്‍ത്തിയായ കൂട്ടുപുഴ മേഖലയില്‍ നടത്തിയ വാഹന പരിശോധനയിലാണ് വന്‍ കഞ്ചാവ്-കറന്‍സി വേട്ട. ഇന്നലെ പുലര്‍ച്ചെ മൂന്നുമുതല്‍ ആറുവരെയാണു പരിശോധന നടത്തിയത്.



കര്‍ണാടകയില്‍ നിന്നു തലശ്ശേരി ഭാഗത്തേക്ക് കാറില്‍ കടത്തുകയായിരുന്ന 1,04,99,450 രൂപയാണ് ഇരിട്ടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കൊയിലത്തും സംഘവും ചേര്‍ന്നു കൂട്ടുപുഴ പാലത്തിനു സമീപത്ത് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പെരിങ്ങത്തൂര്‍ അണിയാരം സ്വദേശി ചെറിയ കല്ലിങ്കല്‍ ഹൗസില്‍ മഹമൂദി(48)നെ അറസ്റ്റ് ചെയ്തു. പണമുള്‍പ്പെടെ പിന്നീട് കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറി. കാറിന്റെ ഡ്രൈവറുടെ സീറ്റിനടിയില്‍ കവറിലാക്കി ഒളിപ്പിച്ച നിലിയലായിരുന്നു പണം. എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ അബ്ദുന്നാസിര്‍, ഓഫിസര്‍മാരായ ജോണി ജോസ്, കെ സജേഷ്, കെ എന്‍ രവി എന്നിവരും പരിശോധനയ്ക്കു നേതൃത്വം നല്‍കി.

കിളിയന്തറ എക്‌സൈസ് ചെക് പോസ്റ്റിനു സമീപത്ത് പരിശോധനയ്ക്കിടെയാമ് ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 15 ലക്ഷം രൂപയിലേറെ വിലവരുന്ന കഞ്ചാവ് കൂട്ടുപുഴ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി രജിത്തും സംഘവും പിടികൂടിയത്. ട്രാവല്‍ ബാഗില്‍ പ്ലാസ്റ്റിക് കവറിലിട്ട് ഒളിപ്പിച്ച നിലയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പരപ്പനങ്ങാടി സ്വദേശി പഞ്ചാരന്റെ പുരക്കല്‍ പി മുബഷിറി(23)നെ അറസ്റ്റ് ചെയ്തു. േചാദ്യം ചെയ്യലിന് ശേഷം ഇദ്ദേഹത്തെ വടകര നാര്‍ക്കോട്ടിക് സ്‌പെഷല്‍ കോടതിയില്‍ ഹാജരാക്കി. ബംഗളൂരുവില്‍ നിന്നു ഒരു എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് കഞ്ചാവ് എല്‍പിച്ചതെന്നും ലക്ഷ്യസ്ഥാനത്തെത്തിച്ചാല്‍ തനിക്ക് കിലോയ്ക്ക് 4000 രൂപ ലഭിക്കുെമന്നും മുബഷിര്‍ പറഞ്ഞതായി എക്‌സൈസ് സംഘം അറിയിച്ചു. പ്രിവന്റിവ് ഓഫിസര്‍ സര്‍വജന്‍, സിവില്‍ ഓഫിസര്‍മാരായ പി പി സുഹൈല്‍, കെ മുഹമ്മദ് ഹാരിസ് എന്നിവര്‍ കഞ്ചാവ് വേട്ടയ്ക്ക് നേതൃത്വം നല്‍കി. അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ അന്‍സാരി ബീഗു, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പത്മകുമാര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it