വാഹനത്തിന്റെ റീടെസ്റ്റിന് ചെന്നയാളെ ജോയിന്റ് ആര്‍ടിഒ അപമാനിച്ചു

ആലങ്ങാട്(കൊച്ചി): ഏജന്റില്ലാതെ വാഹനം റീടെസ്റ്റ് നടത്താന്‍ ചെന്ന ആലങ്ങാട് സ്വദേശി സിയാദ് എന്നയാളെ പറവൂര്‍ ജോയിന്റ് ആര്‍ടിഒ അപമാനിച്ചു. വാഹനം റീടെസ്റ്റ് ചെയ്യാനുള്ള സമയക്രമം മാറ്റിയതറിയാതെ എത്തിയ സിയാദ് '10 മുതല്‍ 5 മണി വരെയല്ലേ ഓഫിസ് സമയം, എനിക്ക് വാഹനം ടെസ്റ്റ് ചെയ്തു തന്നുകൂടേ' എന്നു ചോദിച്ചതാണ് ജോയിന്റ് ആര്‍ടിഒ ബിജു ജയിംസിനെ ക്ഷുഭിതനാക്കിയത്.
രാവിലെ 8.30 മുതല്‍ 11 മണി വരെ വാഹനം ടെസ്റ്റ് ചെയ്യാനുള്ള സമയക്രമത്തിലേക്ക് മാറ്റിയത് നോട്ടീസ് ബോര്‍ഡില്‍ ഇടുകയോ വാഹന ഉടമകളെ അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് സിയാദ് പറയുന്നു. ആര്‍ടിഒ ഓഫിസില്‍ 10.30ന് എത്തുന്ന ജീവനക്കാരില്‍ നിന്നു നമ്പറിട്ട് അഞ്ചു കിലോമീറ്റര്‍ അകലെയുള്ള ടെസ്റ്റ് ഗ്രൗണ്ടില്‍ 11 മണിക്കു മുമ്പ് വാഹനം എത്തിക്കുക അപ്രായോഗികമാണ്. പകരം ഏജന്റുമാരും ആര്‍ടിഒ ഓഫിസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ധാരണ പ്രകാരം രാവിലെ ഗ്രൗണ്ടില്‍ വാഹനം എത്തിക്കുകയും പിന്നീട് ഏജന്റുമാര്‍ ആര്‍ടിഒ ഓഫിസിലെത്തി നമ്പറിടുകയുമാണ് പതിവ്. ഇങ്ങനെ ചെയ്യാന്‍ ഏജന്റുമാരെ ഒഴികെ മറ്റാരെയും ഉദ്യോഗസ്ഥര്‍ അനുവദിക്കില്ലെന്നും സിയാദ് പറഞ്ഞു. ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് തനിക്കെതിരേ വ്യാജപരാതികള്‍ നല്‍കാനുള്ള ശ്രമം നടക്കുന്നുണ്ട്. അസഭ്യം പറയുന്നതിന്റെ വീഡിയോ സിഡി അടക്കം മുഖ്യമന്ത്രി, ഗതാഗതമന്ത്രി, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, ചീഫ് സെക്രട്ടറി, ഭരണപരിഷ്‌കാര കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും സിയാദ് പറഞ്ഞു. അതിനിടെ പ്രമുഖ സിപിഎം നേതാവ് വഴി കേസ് ഒത്തുതീര്‍പ്പാക്കുന്നതിനുള്ള ശ്രമം നടക്കുന്നതായും ആരോപണമുണ്ട്.
അതേസമയം, ഈ ഉദ്യോഗസ്ഥനെതിരേ നേരത്തേയും വ്യാപക പരാതിയുണ്ടെന്നും തൃശൂരില്‍ ജോലി ചെയ്യുമ്പോള്‍ ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ ബസ് ഡ്രൈവേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇദ്ദേഹത്തിന്റെ വസതിയിലേക്ക് മാര്‍ച്ച് നടന്നിട്ടുണ്ടെന്നും പറയപ്പെടുന്നു.
Next Story

RELATED STORIES

Share it