Idukki local

വാഴക്കുല വില തകര്‍ന്നു; കര്‍ഷകര്‍ ദുരിതത്തില്‍

കട്ടപ്പന: കാലാവസ്ഥ വ്യതിയാനം മൂലമുള്ള രോഗങ്ങളും വിലക്കുറവും ഹൈറേഞ്ചിലെ വാഴകര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. വാഴയ്ക്ക് വേര് അഴുകല്‍, കൂമ്പുവാട്ടം, പിണ്ടിപ്പുഴു, ഇലകള്‍ക്കുണ്ടാകുന്ന മഞ്ഞളിപ്പ് തുടങ്ങിയ രോഗങ്ങളുമുണ്ട്. ഇതിന് പുറമേ തമിഴ്‌നാട്ടില്‍ നിന്നുള്ള വാഴക്കുലകളുടെ വരവ് കൂടിയതും വില കുറയാന്‍ കാരണമായി.
കഴിഞ്ഞ സീസണില്‍ 55 മുതല്‍ 60 വരെ വില ലഭിച്ചിരുന്ന എത്തക്കായ്ക്ക് ഇപ്പോള്‍ 35 മുതല്‍ 40 വരെയാണ് വില. നാടന്‍ ഏത്തനാണ് ആവശ്യക്കാര്‍ കൂടുതലെങ്കിലും വിലക്കുറവുള്ള തമിഴ്നാട് പഴത്തിനാണ് കൂടുതല്‍ ചെലവ്. പാളയങ്കോടന്‍ പഴത്തിന് കഴിഞ്ഞ സിസണില്‍ 30 രൂപ ലഭിച്ചിരുന്നത് 25-28 ആയി കുറഞ്ഞു. എറ്റവും വിലക്കുറവ് ഞാലിപ്പൂവന്‍ കുലകള്‍ക്കാണ്. കഴിഞ്ഞവര്‍ഷം 65 രൂപയുണ്ടായിരുന്നത് ഇപ്പോള്‍ 30-35 ആയി. റോബസ്റ്റയ്ക്ക് 3 രൂപ കുറഞ്ഞു. 18 രൂപ ലഭിച്ചിരുന്നത് 15 ആയി.
മഴ എത്തുന്നതോടെ വാഴക്കുലയ്ക്ക് വന്‍തോതില്‍ വിലയിടിയുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. നിരവധി ആളുകള്‍ ഹൈറേഞ്ചിന്റെ വിവിധ ഇടങ്ങളില്‍ ഏക്കര്‍ കണക്കിന് സ്ഥലം പാട്ടത്തിനെടുത്ത് ഏത്തവാഴയും മറ്റും കൃഷിചെയ്തിട്ടുണ്ട്.  ഇവയിലേറെയും ബാങ്ക് വായ്പകളും ബ്ലേഡുകാരുടെ പക്കല്‍ നിന്നും പണം എടുത്തുമൊക്കെയുള്ളതാണ്. അതിനാല്‍ വാഴക്കുലകളുടെ വിലക്കുറവ് പാട്ടക്കൃഷിക്കാരെ പ്രതികൂലമായി ബാധിക്കും. മികച്ച വിലയുണ്ടായിരുന്നതിനാല്‍ ധാരാളം കര്‍ഷകര്‍ വാഴകൃഷി നല്ലനിലയില്‍ നടത്തിവന്നിരുന്നു.
ഏറെ പ്രതീക്ഷയോടെയാണ് പലരും വായ്പകളൊക്കെ തരപ്പെടുത്തി ഏത്തവാഴ കൃഷിക്കിറങ്ങുന്നത്. എന്നാല്‍, അപ്രതീക്ഷിതമായെത്തുന്ന രോഗങ്ങളും കൊടുങ്കാറ്റും പെരുമഴയും അടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍ ഇവരുടെ  പ്രതീക്ഷകളെ തകിടംമറിക്കുന്നു. ഓഖി കൊടുങ്കാറ്റിന്റെ വേളയില്‍ ഏക്കര്‍കണക്കിന് ഏത്തവാഴകള്‍ നിലംപൊത്തിയിരുന്നു.
Next Story

RELATED STORIES

Share it