Flash News

500 രൂപയ്ക്ക് ആധാര്‍ വിവരങ്ങള്‍, വാര്‍ത്ത നല്‍കിയ പത്രത്തിനും ലേഖികയ്ക്കുമെതിരേ കേസ്‌

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: 500 രൂപ നല്‍കിയാല്‍ വ്യക്തികളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിനല്‍കുന്നുവെന്ന് വെളിപ്പെടുത്തിയ ദി ട്രിബ്യൂണ്‍ പത്രത്തിനും ലേഖികയ്ക്കുമെതിരേ ആധാര്‍ അതോറിറ്റി (യുഐഡിഎഐ) കേസ് രജിസ്റ്റര്‍ ചെയ്തു. യുഐഡിഎഐ ഡെപ്യൂട്ടി ഡയറക്ടറാണ് പത്രത്തിനും ലേഖിക രചനാ ഖൈറയ്ക്കുമെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 500 രൂപ നല്‍കിയാല്‍ വാട്‌സ്ആപ്പ് കൂട്ടായ്മ വഴി വ്യക്തികളുടെ ആധാര്‍ വിവരങ്ങളും 300 രൂപ കൂടി നല്‍കിയാല്‍ വ്യാജ ആധാറും ലഭിക്കുമെന്നായിരുന്നു വാര്‍ത്ത. രചനാ ഖൈറയ്ക്കു പുറമെ വിവരങ്ങള്‍ ശേഖരിക്കാനായി ഇവര്‍ സമീപിച്ച അനില്‍ കുമാര്‍, സുനില്‍ കുമാര്‍, രാജ് എന്നിവരുടെ പേരുകളും എഫ്‌ഐആറില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അതോറിറ്റിയുടെ പരാതി ലഭിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ അലോക് കുമാര്‍ സ്ഥിരീകരിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 419, 420, 468, 471 വകുപ്പുകളും ഐടി നിയമത്തിലെ 66 വകുപ്പും ആധാര്‍ നിയമത്തിലെ 36, 37 വകുപ്പുകളും ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. വഞ്ചന, ആള്‍മാറാട്ടം നടത്തി തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍, യഥാര്‍ഥമെന്നു കാട്ടി വ്യാജരേഖ സമര്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണിവ. എന്നാല്‍, കേസ് സംബന്ധിച്ചു പ്രതികരിക്കാന്‍ ട്രിബ്യൂണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് ഹരീഷ് ഖാരെ വിസമ്മതിച്ചു. അജ്ഞാതരായ ആളുകള്‍ വഴി പത്രത്തിന്റെ ലേഖിക വ്യക്തികളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. കുറ്റകരമായ ഗൂഢാലോചനയിലൂടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു. ക്രൈംബ്രാഞ്ചിന്റെ സൈബര്‍ സെല്‍ വിഭാഗത്തിനാണു പരാതി നല്‍കിയിരിക്കുന്നത്. പത്രത്തില്‍ വാര്‍ത്ത വന്നതിനു പിന്നാലെ ലേഖികയ്ക്കു വെളിപ്പെടുത്തിക്കിട്ടിയ ആധാര്‍ വിവരങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കണമെന്നു ചൂണ്ടിക്കാട്ടി യുഐഡിഎഐ ചണ്ഡീഗഡ് റീജ്യനല്‍ ഓഫിസ് ട്രിബ്യൂണിന്റെ പത്രാധിപര്‍ക്കു കത്തെഴുതിയിരുന്നു. വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ, ആധാര്‍  വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയില്ലെന്ന് അവകാശപ്പെട്ട് യുഐഡിഎഐ വാര്‍ത്താക്കുറിപ്പും ഇറക്കിയിരുന്നു.
Next Story

RELATED STORIES

Share it