Editorial

വായന ദിനാചരണം വഴിപാടാവാതിരിക്കട്ടെ

ഇന്നലെ മുതല്‍ വായനപക്ഷം സംസ്ഥാനത്ത് ആചരിച്ചുതുടങ്ങി. 1945ല്‍ അമ്പലപ്പുഴയില്‍ അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘം രൂപീകരിക്കാന്‍ യോഗം വിളിച്ചുചേര്‍ത്ത പി എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 മുതല്‍, മലബാറിലെ ഗ്രന്ഥശാലാ പ്രവര്‍ത്തകനും സിപിഎം നേതാവുമായിരുന്ന ഐ വി ദാസിന്റെ ജന്മദിനമായ ജൂലൈ 7 വരെയുള്ള കാലമാണ് വായനപക്ഷമായി ആചരിക്കുന്നത്. ഒട്ടേറെ പരിപാടികള്‍ ഇതോടനുബന്ധിച്ചു നടക്കുന്നു.
സര്‍ക്കാര്‍ മുന്‍കൈയെടുത്തു നടത്തുന്നതിനാലും വിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂര്‍ണ സഹകരണം ലഭിക്കുന്നതിനാലും നാട്ടിലുടനീളം നിസ്വാര്‍ഥബുദ്ധിയോടെ പണിയെടുക്കുന്ന ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ കൈമെയ് മറന്നു കര്‍മനിരതരാവുന്നതിനാലും പക്ഷാചരണം ഭംഗിയായി നടക്കും. ജനങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ചും വിദ്യാര്‍ഥികള്‍ക്കിടയില്‍ വായന വ്യാപകമാവുന്നതിന് ഇത്തരം കര്‍മപദ്ധതികള്‍ വളരെയധികം സഹായകവുമാണ്. മറ്റൊരു സംസ്ഥാനത്തും ഈ രീതിയില്‍ വായനയെ പ്രോല്‍സാഹിപ്പിക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ ഇല്ലെന്ന കാര്യവും പ്രത്യേകം രേഖപ്പെടുത്തേണ്ടതുണ്ട്.
എങ്കിലും വായന ഇന്നു നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുകൂടി ഈ സന്ദര്‍ഭത്തില്‍ സഗൗരവം ആലോചിക്കേണ്ടതുണ്ട്. പഴയപോലെ ഇന്നു വായന സമൂഹത്തില്‍ സജീവമല്ല. ഗ്രന്ഥശാലാ പ്രസ്ഥാനവും കേവലമായ വായനയിലൂന്നിയല്ല ഇന്നു പ്രവര്‍ത്തിക്കുന്നത്. പത്രമാസികകള്‍ ധാരാളം പുറത്തുവരുകയും പുസ്തകങ്ങള്‍ പ്രസിദ്ധീകൃതമാവുകയും ലിറ്റററി ഫെസ്റ്റിവലുകള്‍ സാഘോഷം നടക്കുകയും ചെയ്യുന്നുണ്ടെന്നത് നേരുതന്നെ. പുസ്തകങ്ങള്‍ വിറ്റുപോകുന്നുമുണ്ട്. പക്ഷേ, പഴയ കാലത്തെന്നപോലെ അവ വായിക്കപ്പെടുന്നുണ്ടോ?
കംപ്യൂട്ടറും ഇന്റര്‍നെറ്റും സമൂഹമാധ്യമങ്ങളിലൂടെയുള്ള സംവേദനവുമൊക്കെ കടന്നുവന്നപ്പോള്‍ പുസ്തക വായന ക്ഷയിക്കുന്നുവെന്ന് തീര്‍ച്ച. പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള വായനയിലേക്ക് ആളുകള്‍ മാറിയിട്ടുമുണ്ട്. എല്ലാം വച്ചുനോക്കുമ്പോള്‍ വായന കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു എന്ന സത്യം മറച്ചുവച്ചിട്ട് കാര്യമില്ല. ഔദ്യോഗിക തലത്തിലുള്ള പദ്ധതികളും വിപണി മുന്‍കൈയെടുത്തു നടത്തുന്ന ആഘോഷങ്ങളും കൃത്യമായ അവസ്ഥയെയാണ് പ്രതിഫലിപ്പിക്കുന്നതെന്നു പറഞ്ഞുകൂടാ. പലപ്പോഴും സര്‍ക്കാര്‍ പദ്ധതികളുടെ ഫലസിദ്ധി പരിശോധിക്കപ്പെടാറുമില്ല.
ഉദാഹരണത്തിന്, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ കടബാധ്യത പരിഹരിക്കാനായി കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ സംസ്ഥാനത്തെ എല്ലാ സഹകരണ സ്ഥാപനങ്ങളെ കൊണ്ടും പതിനായിരക്കണക്കിനു രൂപയുടെ പുസ്തകങ്ങള്‍ വാങ്ങിപ്പിച്ചിരുന്നു. എസ്പിസിഎസിനു കോടിക്കണക്കിനു രൂപയുടെ വില്‍പനയുണ്ടായി. എഴുത്തുകാരുടെ റോയല്‍റ്റി കൊടുത്തുതീര്‍ത്തു. ഈ വില്‍പന കേരളത്തിലെ പുസ്തക വായന വര്‍ധിച്ചു എന്നതിന്റെ അടയാളമല്ല. ഇപ്പോഴും പുസ്തകങ്ങളില്‍ ഒട്ടുമുക്കാലും ആരാലും വായിക്കപ്പെടാതെ സഹകരണ സംഘങ്ങളില്‍ കെട്ടിക്കിടക്കുന്നു. 'ഏട്ടിലപ്പടിയും പയറ്റിലിപ്പടിയു'മായാല്‍ വായന ദിനാചരണവും വഴിപാടാവുകയില്ലേ?
Next Story

RELATED STORIES

Share it