Kollam Local

വായനയെ വീണ്ടെടുക്കാന്‍ അക്ഷര സംഗമവുമായി ക്ലാപ്പന പഞ്ചായത്ത്

കരുനാഗപ്പള്ളി:വായനയെ വീണ്ടെടുക്കാന്‍ അക്ഷരസംഗമം പദ്ധതിയുമായി ക്ലാപ്പന ഗ്രാമപ്പഞ്ചായത്തിന്റെ വേറിട്ട പദ്ധതി. പഞ്ചായത്തിലെ ഓരോ ഗ്രന്ഥശാലയ്ക്കും നാല്‍പ്പതിനായിരം രൂപ വീതം വിലവരുന്ന പുസ്തകങ്ങള്‍,റീഡിങ് ടേബിളുകള്‍, പുസ്തകങ്ങള്‍ സൂക്ഷിക്കാന്‍ അലമാരകള്‍, കസേരകള്‍ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി കൈമാറുന്നത്. ഓരോ ഗ്രന്ഥശാലയിലും കേന്ദ്രീകരിച്ച് വായനയുടെ ലോകം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാന്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും വായനയിലേക്കെത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഗ്രന്ഥശാലകളുടെ ഭൗതിക സാഹചര്യങ്ങള്‍ പരമാവധി വര്‍ധിപ്പിക്കും. അവയെ ആധുനിക വിവര വിജ്ഞാന കേന്ദ്രങ്ങളാക്കി മാറ്റാനും ലക്ഷ്യമിടുന്നു. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ എല്ലാ ഗ്രന്ഥശാലകളിലും പദ്ധതി നടപ്പാക്കി തുടങ്ങി. 2018-19 വാര്‍ഷിക പദ്ധതിയില്‍ ഇതിനായി ആദ്യഘട്ടത്തില്‍ മൂന്നര ലക്ഷത്തോളം രൂപമാറ്റി വച്ചാണ് പദ്ധതി ആരംഭിച്ചത്. പഞ്ചായത്തിലെ ഗ്രന്ഥശാലാ പ്രവര്‍ത്തകരുടെ കുടുംബ സംഗമത്തില്‍ വച്ച് പുസ്തകങ്ങളുടെയും ഫര്‍ണീച്ചറുകളുടെയും വിതരണ ഉത്ഘാടനം താലൂക്ക് കൗണ്‍സില്‍ സെക്രട്ടറി വി വിജയകുമാര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ് എം ഇക്ബാല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ് ശ്രീകല, സ്ഥിരം സമിതി അധ്യക്ഷന്‍ വരവിള മനേഷ്, പി ബിന്ദു, എം ഗീത,ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി കെ സുശീലന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it