kozhikode local

വാനരന്‍മാര്‍ക്ക് പുറമെ കാട്ടാനയും; കര്‍ഷകര്‍ വീടുപേക്ഷിക്കുന്നു

താമരശ്ശേരി: കുരങ്ങ് ശല്യത്തിനു പുറമെ കാട്ടു പന്നിയും കാട്ടാനയും കുന്നിറങ്ങിയതോടെ കര്‍ഷകര്‍ വീടും കൃഷിയും ഉപേക്ഷിക്കേണ്ട അവസ്ഥയില്‍. പുതുപ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലെ അടിവാരം, മുപ്പതേക്ര, കണലാട്, മരുതിലാവ്, ചിപ്പിലിത്തോട്ചുരം രണ്ടാം വളവ്, നാലാം വളവ് പ്രദേശങ്ങളിലെ ജനങ്ങളാണ് കുരങ്ങ് ശല്യത്തിനു പുറമെ കാട്ടു പന്നികളുടെയും കാട്ടനാകളുടെയും ശല്യവും സഹിക്കാനാവാതെ പൊറുതി മുട്ടുന്നത്. ജീവിത മാര്‍ഗ്ഗത്തിനായി ഉണ്ടാക്കുന്ന കൃഷികള്‍ പൂര്‍ണമായും ഇവ നശിപ്പികൊണ്ടിരിക്കുന്നു. ഇതിനു പുറമെ കുരങ്ങന്മാര്‍ വീടുകളില്‍ നിന്നും ഭക്ഷണങ്ങളും വസ്ത്രങ്ങളും പാത്രങ്ങളടക്കമുള്ളവയും കടത്തികൊണ്ടുപോവുന്നു.
എതിര്‍ക്കുന്നവരെ ഇവ അക്രമിക്കുകയും ചെയ്യുന്നു. ഇവയെ തുരത്താനോ എതിര്‍ക്കാനോ സാധിക്കാതെ കര്‍ഷകര്‍ കുറെ കാലമായി സഹിച്ചു കഴിയുന്നു. നിരവധി തവണ അധികൃതരെ മുന്നില്‍ പ്രശ്‌നമവതരിപ്പിച്ചങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. സ്‌കൂളുകളിലേക്കും മദ്‌റസ, പള്ളി, അമ്പലം എന്നിവിടങ്ങലിലേക്കും കുട്ടികളെ തനിച്ചുവിടാന്‍ രക്ഷിതാക്കള്‍ ഭയപ്പെടുന്നു. കുരങ്ങന്മാരും കാട്ടു പന്നികളും പകല്‍ സമയങ്ങളിലും മനുഷ്യരെ അക്രമിക്കുന്നു.
കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടമിറങ്ങി നിരവധിപേരുടെ വാഴത്തോട്ടങ്ങളും മറ്റ് കൃഷിയും നശിപ്പിച്ചിരുന്നു. ഇവയെ തുരത്താന്‍ കര്‍ഷകര്‍ക്ക് വന്യ ജീവി നിയമം പേടി സ്വപ്‌നമായി മാറുന്നു. കൃഷി ഭൂമിയില്‍ വന്യമൃഗങ്ങള്‍  സ്വാഭാവിക മരണം സംഭവിച്ചാലും കര്‍ഷകര്‍ സമാധാനം പറയേണ്ടിവരുന്നു. ഇത് കര്‍ഷകരെ തെല്ലൊന്നുമല്ല ആകുലതപ്പെടുത്തുന്നത്.
ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ ജീവനും സ്വത്തും അപകടാവസ്ഥയിലായിട്ടും അധികാരികള്‍ അറിഞ്ഞ ഭാവം നടിക്കുന്നില്ലെന്ന ആക്ഷേപമാണ് ജനങ്ങള്‍ ഉന്നയിക്കുന്നത്. തങ്ങളുടെ ജീവനും സ്വത്തും നില നിര്‍ത്താന്‍ ജനകീയ പ്രക്ഷോഭം നടത്താനുള്ള ഒരുക്കത്തിലാണ് കര്‍ഷകരും കുടുംബങ്ങളും.
Next Story

RELATED STORIES

Share it