kozhikode local

വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ സമയോചിത ഇടപെടല്‍: നാടുവിട്ട കുട്ടിയെ വീട്ടുകാര്‍ക്ക് കൈമാറി

വടകര: നാടുവിട്ട തളിപ്പറമ്പ കരിമ്പം സ്വദേശിയായ പതിനാറുകാരനെ വീട്ടില്‍ തിരിച്ചെത്തിക്കുന്നതിന് ട്രെയിന്‍ ടൈം വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് അംഗങ്ങളുടെ സമയോചിതമായ ഇടപെടല്‍ സഹായകമായി. ട്രെയിനില്‍ യാത്രാ സംബന്ധമായ വിവരങ്ങള്‍ കൈമാറുന്നതിനായി പ്രവര്‍ത്തിക്കുന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ആയ ട്രെയിന്‍ ടൈം വാട്ട്‌സ് ഗ്രൂപ്പിലെ അംഗം ശ്രീജ വിനോദിന്റെ ജാഗ്രതയാണ് കുട്ടിയെ പോലിസിലേല്‍പ്പിക്കുന്നതിന് സഹായകമായത്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്ന് ഏറനാട് എക്‌സ്പ്രസില്‍ ഒറ്റക്ക് യാത്ര ചെയ്യുന്ന കുട്ടി ശ്രീജയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. കുട്ടി പരിഭ്രമത്തോടെ സീറ്റില്‍ ഇരിക്കുന്നത് കണ്ട് എവിടേക്കാണ് പോവുന്നതെന്ന് ഇവര്‍ അന്വേഷിച്ചു. വിനോദയാത്ര പോവുകയാണെന്നും ഒപ്പമുള്ളവര്‍ പരശുറാം എക്‌സ്പ്രസില്‍ നേരത്തെ പുറപ്പെട്ടെന്നും മറുപടി നല്‍കി. തുടര്‍ന്ന് ശ്രീജ പയ്യോളി സ്റ്റേഷനില്‍ ട്രെയിനിറങ്ങുകയും ചെയ്തു.
കുട്ടി നല്‍കിയ മറുപടിയില്‍ തൃപ്തി വരാതെ ഇവര്‍ ട്രെയിന്‍ ടൈം ഗ്രൂപ്പ് അഡ്മിന്‍ പി കെ സി ഫൈസലിനെ വിവരമറിയിച്ചു. ഫൈസല്‍ ഗ്രൂപ്പ് അംഗമായ റെയില്‍വേ പോലിസിലെ മധുവിനെ ബന്ധപ്പെടുകയും വിവരം കൈമാറുകയും ചെയ്തു. റെയില്‍വേ പോലിസ് കോഴിക്കോട് സ്റ്റേഷനില്‍ വച്ച് ട്രെയിനില്‍ നിന്ന് കുട്ടിയെ കൂട്ടിക്കൊണ്ടു പോയി വിശദമായി കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ നാടുവിടുകയാണെന്ന് മനസിലായി.
പോലിസ് അധികൃതര്‍ ഫോണില്‍ അറിയിച്ചതിനെ തുടര്‍ന്ന് പിതാവ് കോഴിക്കോട്ടെത്തി കുട്ടിയെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. ട്രെയിനില്‍ സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ ചേര്‍ന്നുണ്ടാക്കിയ ട്രെയിന്‍ ടൈം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലായി രണ്ടായിരത്തി അറുനൂറിലേറെ അംഗങ്ങളുണ്ട്. അംഗങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഗ്രൂപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കുകയായിരുന്നു. ട്രെയിനില്‍ യാത്രക്കിടെ മറന്നു വച്ച നാല്‍പതിലേറെ വസ്തുക്കള്‍ ഉടമകള്‍ക്ക് തിരിച്ചേല്‍പ്പിക്കാനും വാട്ട്‌സ് ആപ്പ് ഗൂപ്പ് വഴി കഴിഞ്ഞു.
Next Story

RELATED STORIES

Share it