malappuram local

വാട്ടര്‍ അതോറിറ്റി പമ്പിങ് നിര്‍ത്തി; ഇന്ന് കലക്ടറേറ്റില്‍ ചര്‍ച്ച

കൃഷ്ണന്‍ എരഞ്ഞിക്കല്‍

അരീക്കോട്: ചാലിയാര്‍ പുഴയിലെ ജലം മലിനപ്പെട്ടതായി പരിശോധനയില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് വിവിധ ഭാഗങ്ങളിലേക്കുള്ള കുടിവെള്ള വിതരണം നിര്‍ത്തിവച്ചു. ഇതോടെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്കുള്ള കുടിവെള്ള വിതരണം നിലച്ചു.  ചാലിയാറിലെ വെള്ളം പച്ച നിറമായതിനെ തുടര്‍ന്ന് വിദഗ്ധ സമിതി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. മഞ്ചേരി, കോഴിക്കോട് ടൗണ്‍, 18 പഞ്ചായത്തകള്‍ എന്നിവയിലേക്ക് ചാലിയാറില്‍ നിന്നാണ് വെള്ളം പമ്പ് ചെയ്യുന്നത്. ഒരാഴ്ചയായി പുഴയിലെ വെള്ളത്തില്‍ പച്ച നിറം കാണാന്‍ തുടങ്ങിയിട്ട്. പത്രവാര്‍ത്തയെ തുടര്‍ന്ന് കോഴിക്കാട് സിഡബ്ല്യുആര്‍സിയിലെ വിദഗ്ധ സംഘം തിങ്കളാഴ്ച ചാലിയാറിലെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച് വെള്ളം പരിശോധിച്ചിരുന്നു. ജലത്തില്‍ മാലിന്യം അധികരിച്ചതിനെ തുടര്‍ന്ന് സൂക്ഷ്മ ജീവികളായ ആല്‍ഗയുടെ സാനിധ്യം മൂലമാണ് വെള്ളത്തിന് പച്ച നിറം വരാന്‍ കാരണമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. മാലിന്യങ്ങളുടെ അധിക സാനിധ്യമാണ് ജലത്തിന് കൊഴുപ്പ് വരാന്‍ കാരണമെന്നും മറ്റ് ബാക്ടീരിയകളുടെ സാനിധ്യം പരിശോധിച്ചാല്‍ മാത്രമേ കണ്ടെത്താന്‍ കഴിയൂവെന്നും ഇവര്‍ വ്യക്തമാക്കി.
അമിതമായ മാലിന്യ സാനിധ്യമുള്ളതുകൊണ്ട് വെള്ളം കുടിക്കാനോ കുളിക്കാനോ ഉപയോഗിക്കരുതെന്ന് നിര്‍ദേശമുണ്ട്. തുടര്‍ന്ന് ഇവിടെ നിന്നു വെള്ളം പമ്പ് ചെയ്യുന്നത് ജലസേചന വകുപ്പ് നിര്‍ത്തിവച്ചിരിക്കുകയാണ്. വാട്ടര്‍ അതോറിറ്റിക്ക് കീഴില്‍ ചാലിയാറിലെ വിവിധയിടങ്ങളിലായി പത്തോളം പദ്ധതികളുണ്ട്. മഞ്ചേരി മുന്‍സിപ്പാലിറ്റി, കോഴിക്കോട് ടൗണ്‍, മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളജ്, കാലിക്കറ്റ് എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലേക്കെല്ലാം ഇവിടെ നിന്നാണ് വെള്ളം പമ്പ് ചെയ്യുന്നത്. ചാലിയാറിലെ സമീപ പ്രദേശങ്ങളിലെ കിണറുകളിലും ആല്‍ഗയുടെ സാനിധ്യം ഉണ്ടാവുമെന്ന് ആശങ്കയുണ്ട്. ജില്ലാ ഭരണ കൂടവും സംഭവം ഗൗരവത്തോടെയാണ് കാണുന്നത്. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ സക്കീന, അരീക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അമ്പാഴത്തിങ്ങല്‍ മുനീറ എന്നിവര്‍ ജില്ലാ കലക്ടര്‍ അമിത് മീണയുമായി ചര്‍ച്ച നടത്തി.
ചാലിയാറിലെ വെള്ളം ഉപയോഗ ശൂന്യമായതിനെ തുടര്‍ന്ന് ബന്ധപ്പെട്ടവരുടെ യോഗം ഇന്ന് കലക്ടറേറ്റില്‍ ചേരുമെന്നും ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു.
Next Story

RELATED STORIES

Share it