വാട്ടര്‍ഫ്രണ്ട് സമുച്ചയങ്ങള്‍ അത്യാഹിതം ക്ഷണിച്ചുവരുത്തും: ഡോ. സുനില്‍ ദുബെ

കൊച്ചി: കേരളത്തിലെ നദീതടപ്രദേശങ്ങളിലെ വന്‍കിട സമുച്ചയങ്ങള്‍ (വാട്ടര്‍ഫ്രണ്ട് കെട്ടിടങ്ങള്‍) അത്യാഹിതം ക്ഷണിച്ചുവരുത്തുന്നവയെന്ന് സിഡ്‌നി സര്‍വകലാശാലാ പ്രഫസറും സിഡ്‌നി നഗരവികസന പദ്ധതി സീനിയര്‍ ഉപദേശകനും കോ-ഓഡിനേറ്ററുമായ ഡോ. സുനില്‍ ദുബെ. വാട്ടര്‍ഫ്രണ്ട് സമുച്ചയങ്ങള്‍ പൊതുസ്ഥലം കൈയേറുന്നതിന് തുല്യമാണ്. കേരളത്തിലെ വാട്ടര്‍ഫ്രണ്ട് സമുച്ചയങ്ങള്‍ അദ്ഭുതപ്പെടുത്തിയെന്നും ജനീവ ഫൗണ്ടേഷന്‍ ഫോര്‍ ഗവേണന്‍സ് ആന്റ് പബ്ലിക് പോളിസി സ്ഥാപക അംഗം കൂടിയായ സുനില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിലെ ഭൂപ്രകൃതിക്ക് ഒട്ടും അനുയോജ്യമല്ലാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നദീതടപ്രദേശങ്ങളില്‍ നടക്കുന്നത്. സര്‍ക്കാര്‍ ഇത് ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. വാട്ടര്‍ഫ്രണ്ടില്‍ ചെറിയ കെട്ടിടങ്ങളും അകലേക്ക് മാറ്റി വന്‍കിട കെട്ടിടങ്ങളുമാണ് കേരളത്തിന് ചേരുന്നത്. ലഭ്യമായ പരിമിത വിഭവശേഷി പ്രയോജനപ്പെടുത്തി ഗുണമേന്മയും സുസ്ഥിരവും ഉറപ്പുള്ളതുമായ നിര്‍മിതികളാണ് കേരളത്തിന് അഭികാമ്യമെന്നും സുനില്‍ ദുബെ ചൂണ്ടിക്കാട്ടി.
നമ്മുടെ സംസ്‌കാരത്തിന് അനുസരിച്ചുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളല്ല കേരളത്തില്‍ നടക്കുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഒരാള്‍ നിര്‍മിക്കുന്നതിനേക്കാള്‍ വലിയ വീട് വേണമെന്ന ചിന്ത ഓരോരുത്തരും ഒഴിവാക്കണം. ചെറിയ ചെലവില്‍ ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള വീടുകളാണ് നിര്‍മിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ പാഠമാവണമെന്നും കേരളത്തിന് അനുയോജ്യമായ നിര്‍മാണരീതികള്‍ മാത്രമേ അനുവദിക്കാവൂ എന്നും പുഴയോരങ്ങളിലും നദീതീരങ്ങളിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്നും ആസ്‌ത്രേലിയന്‍ പ്ലാനിങ് ഇന്‍സ്റ്റിറ്റിയൂട്ട് അംഗം പ്രഫ. ക്രിസ് ജോണ്‍സണ്‍, സാഹിത്യകാരന്‍ ഡോ. ഡാവിന ജാക്‌സണ്‍, ലാറ്റിനമേരിക്കന്‍ ഡവലപ്‌മെന്റ് ബാങ്ക് കണ്‍സള്‍ട്ടന്റ് എലിസ സില്‍വ എന്നിവര്‍ പറഞ്ഞു.
ആര്‍കിടെക്റ്റ് പ്രഫ. ബി ആര്‍ അജിത്തിന്റെ നേതൃത്വത്തിലുള്ള ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍കിടെക്ചര്‍ ആന്റ് ഡിസൈന്‍ ഇന്നവേഷന്‍സി(ആസാദി)ന്റെ രാജ്യാന്തര ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് യോഗത്തിനായി കൊച്ചിയില്‍ എത്തിയതായിരുന്നു ഇവര്‍.

Next Story

RELATED STORIES

Share it