wayanad local

വാഗ്ദാന ലംഘനത്തിന്റെ ഒരാണ്ട് കൂടി പിന്നിട്ട് വയനാട്

കല്‍പ്പറ്റ: 20016 നെ കുറിച്ചും വയനാടിന് പറയാനുള്ളത് വാഗ്ദാന ലംഘനത്തിന്റെ കഥകള്‍ മാത്രം. 1980 നവംബര്‍ ഒന്നിനാണ് പന്ത്രണ്ടാമത് ജില്ലയായി വയനാട് രൂപവല്‍ക്കരിച്ചത്. ആകെ ജനസംഖ്യയുടെ 18 ശതമാനം ആദിവാസികളും ആകെ ഭൂവിസ്തൃതിയുടെ 38 ശതമാനം വനവുമാണ്.
കിഴക്കോട്ടൊഴുകുന്ന കബനിയാണ് ഈ മണ്ണിന്റെ വരദാനം. വയലിന്റെ നാട് വയനാടായെന്നാണ് പ്രബല അഭിപ്രായം. കേരളത്തിലെ ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗക്കാര്‍ അധിവസിക്കുന്നതും ഏറ്റവും വലിയ ആദിവാസി വിഭാഗമായ പണിയ സമുദായമുള്ളതും വയനാട്ടിലാണ്.
ജില്ല 38ാം വാര്‍ഷികമാഘോഷിക്കുമ്പോഴും  സാമൂഹികമായും സാമ്പത്തികമായും ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ജില്ലയായി വയനാട് തുടരുന്നു. മുമ്പെങ്ങുമില്ലാത്തവിധം വിലത്തകര്‍ച്ചയും വിളനാശവും സൃഷ്ടിച്ച ആശങ്കക്കൊപ്പമാണ് വയനാട് പുതുയുഗപ്പിറവിയിലേക്ക് കാലെടുത്തു വെക്കുന്നത്. ചുരത്തില്‍ ബസ് കുടുങ്ങിയാല്‍, അല്ലെങ്കില്‍ ശക്തമായൊരു മഴ പെയ്താല്‍ ഇന്നും വയനാട്ടിലേക്കുള്ള വഴികളെല്ലാം നിശ്ചലമാവും. ബദല്‍ പാതകളെല്ലാം ഇപ്പോഴും കാത്തിരിപ്പുമാത്രം. വിനോദസഞ്ചാര മേഖലയിലും പദ്ധതികള്‍ പെരുമഴ പോലെ വന്നെങ്കിലും പലതും ഇഴഞ്ഞു നീങ്ങുകയാണ്. വിനോദ സഞ്ചാരികള്‍ ധാരാളം വയനാട്ടിലേക്ക് ചുരം കയറിയെത്തുമ്പോഴും അവര്‍ക്കായി വലിയ വിസ്മയങ്ങളൊന്നുമില്ലാത്തവിധം മരവിച്ചു നില്‍ക്കുകയാണ് വിനോദ കേന്ദ്രങ്ങള്‍.
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ഭൂരഹിതരായ ആദിവാസികള്‍ക്കുള്ള ഭൂമി വിതരണവും ആശിക്കും ഭൂമി പദ്ധതിയും നിലച്ചുകഴിഞ്ഞു. വിവാദങ്ങള്‍ ഇടകലര്‍ന്നതോടെ മണ്ണിന്റെ മക്കളുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. മെഡിക്കല്‍ കോളജും, നിലമ്പൂര്‍ നഞ്ചന്‍കോട് റെയില്‍വേയുമാണ് ഇന്നും വലിയ സ്വപ്‌നം.
സ്ഥലം സൗജന്യമായി ലഭിച്ചതോടെ മെഡിക്കല്‍ കോളജ് ഉടനടി യാഥാര്‍ഥ്യമാവുമെന്നായിരുന്നു കണക്കുക്കൂട്ടല്‍. ഇഴഞ്ഞു നീങ്ങുന്ന പദ്ധതി പക്ഷേ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. അടിസ്ഥാന സൗകര്യവികസനത്തിനായുള്ള വയനാടിന്റെ ലക്ഷ്യങ്ങള്‍ ഇപ്പോഴും അകലെയാണ്. കാര്‍ഷിക പാക്കേജുകള്‍ കര്‍ഷകനാടിന് ഗുണകരമായിട്ടില്ല.
Next Story

RELATED STORIES

Share it