വാഗമണ്‍ കേസ്: ശിക്ഷിക്കപ്പെട്ടവര്‍ വിധിക്കു മുമ്പേ ശിക്ഷ പൂര്‍ത്തിയാക്കി

പി എം അഹ്മദ്

കോട്ടയം: രാജ്യത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട വാഗമണ്‍ സിമി കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തി കൊച്ചിയിലെ എന്‍ഐഎ കോടതി ശിക്ഷിക്കപ്പെട്ടവരില്‍ ഭൂരിഭാഗം പേരും വിചാരണത്തടവുകാരായി തന്നെ ശിക്ഷ അനുഭവിച്ചു കഴിഞ്ഞു. കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയവര്‍ക്ക് പരമാവധി ജയില്‍ ശിക്ഷ വിധിച്ചിരിക്കുന്നത് ഏഴു വര്‍ഷമാണ്. എന്നാല്‍, കുറ്റക്കാരെന്നു കണ്ടെത്തി ശിക്ഷിക്കപ്പെട്ട 18 പേരില്‍ 11 പേരും ഏഴുവര്‍ഷത്തിലധികമായി വിചാരണത്തടവുകാരായി ജയിലുകളില്‍ കഴിയുകയാണ്. എട്ടുപേര്‍ എട്ടുവര്‍ഷത്തിലധികമായി ജയിലിലാണ്.
രണ്ടാം പ്രതി ബംഗളൂരു അണ്ണാസാന്ദ്രപാളയ ഹഫീസ് ഹുസയ്ന്‍, 4ാം പ്രതി ഈരാറ്റുപേട്ട പീടിയേക്കല്‍ ഷിബിലി, 7ാം പ്രതി മധ്യപ്രദേശ് ഉജ്ജയ്ന്‍ ആമില്‍ പര്‍വേസ് എന്ന സിക്കന്ദര്‍, 11 കര്‍ണാടക ബിജാപൂര്‍, മുഹമ്മദ് സമി ബഗേവാദി, 14ാം പ്രതി കര്‍ണാടക ബല്‍ഗാം നദീം സയീദ്, 15ാം പ്രതി ഉത്തര്‍പ്രദേശ് അസംഗര്‍ മുഫ്തി അബ്ദുല്‍ ബഷീര്‍, 24ാം പ്രതി കര്‍ണാടക ബെല്ലാരി, ഡോ. അസദുല്ല എച്ച്എ എന്ന അസ്‌ലം, 29ാം പ്രതി കര്‍ണാടക ദര്‍വാഡ് ഷക്കീല്‍ അഹമ്മദ് എന്നിവര്‍ എട്ടു വര്‍ഷത്തിലധികം ജയിലിലാണ്.
3ാം പ്രതി മധ്യപ്രദേശ് ഉജ്ജയ്ന്‍, നഗോളി മുല്ല, സഫ്ദര്‍ ഹുസയ്ന്‍ നഗോറി എന്ന സഫ്ദര്‍ നഗോറി, 5ാം പ്രതി കുഞ്ഞുണ്ണിക്കര പെരുന്തേലില്‍ മുഹമ്മദ് അന്‍സാര്‍ പി എ എന്ന അന്‍സാര്‍ നദ്‌വി, 30ാം പ്രതി കര്‍ണാടക ബിദാര്‍ ഡോ. മിര്‍സ അഹമ്മദ് ബേഗ് എന്നിവര്‍ ഏഴു വര്‍ഷത്തിലധികമായി തടവിലാണ്. ഒന്നാം പ്രതി ഈരാറ്റുപേട്ട പീടിയേക്കല്‍ ഷാദുലി, 26ാം പ്രതി മധ്യപ്രദേശ് ഉജ്ജയിന്‍ കമറുദ്ദീന്‍ നഗോറി, 33ാം പ്രതി ജാര്‍ഖണ്ഡ് റാഞ്ചി ഡാനിഷ്, 34ാം പ്രതി ജാര്‍ഖണ്ഡ് റാഞ്ചി മന്‍സാര്‍ ഇമാം എന്നിവര്‍ ആറു വര്‍ഷത്തിലധികമായി ജയിലിലാണ്. 6ാം പ്രതി കുഞ്ഞുണ്ണിക്കര പെരുന്തേലില്‍ അബ്ദുല്‍ സത്താര്‍ നാലു വര്‍ഷവും ഒമ്പത് മാസവും തടവ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
ചുരുക്കത്തില്‍ വാഗമണ്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവരില്‍ ഏറെക്കുറെ എല്ലാവരും ശിക്ഷ അനുഭവിച്ചുകഴിഞ്ഞിരിക്കുകയാണ്. കേസില്‍ പ്രധാന തെളിവായത് മൂന്നാം സാക്ഷി അനില്‍കുമാര്‍, 23ാം സാക്ഷി ബിജു എന്നിവരുടെ സാക്ഷിമൊഴികളായിരുന്നു. ഇവര്‍ പ്രതികളെ തിരിച്ചറിഞ്ഞെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍, ഗുജറാത്തിലെ ജയിലിലെത്തിയ ഇവര്‍ അവിടെ ജയിലില്‍ പാര്‍പ്പിച്ചിരുന്ന പ്രതികളെ ആരെയും തിരിച്ചറിഞ്ഞിരുന്നില്ല. ഈ വിവരം വിസ്താരത്തിനിടെ പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു.
Next Story

RELATED STORIES

Share it