Alappuzha local

വള്ളികുന്നത്തെ ആര്‍എസ്എസ് ആക്രമണം: പ്രതികള്‍ കസ്റ്റഡിയിലെന്ന് സൂചന

വള്ളികുന്നം: വള്ളികുന്നത്ത് കെഎസ്‌യു, ഡിവൈഎഫ്‌ഐ. പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ കസ്റ്റഡിയിലെന്ന് സൂചന. കേസിലെ മുഖ്യ പ്രതികളായ പ്രദേശത്തെ ആര്‍എസ്എസ്‌ന നേതാക്കളാണ് പോലിസ് കസ്റ്റഡിയില്‍ കഴിയുന്നത്. അക്രമവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് പ്രവര്‍ത്തകരായ കന്നിമേല്‍ ആലിന്റെ കിഴക്കതില്‍ മോനിഷ് എന്ന രവിശങ്കര്‍(25), തഴവ കറുത്തേരി മംഗലത്ത് വീട്ടില്‍ അയ്യപ്പന്‍(28), കന്നിമേല്‍ ഇല്ലിക്കുളത്ത്ശിവപ്രസാദ്(27), വാളച്ചാല്‍ കൊല്ലക പടീറ്റത്തില്‍ ഷിബു ഭവനത്തില്‍ ഷിജു(26), മഹേഷ്(26), അമല്‍(26), നന്ദു(27), രഞ്ജിത്ത്(24), അജിത്ത്(32), അനന്ദു(27), പ്രണവ്(26), അമലേഷ്(24), വിഷ്ണു(25), എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന ഏഴോളം പേര്‍ക്കെതിരെയുമാണ് വള്ളികുന്നം പോലിസ് കേസെടുത്തിട്ടുള്ളത്. തിങ്കളാഴ്ച്ച രാത്രി എട്ടോടെയാണ് ആര്‍എസ്എസ്. ആക്രമണത്തില്‍ കെഎസ്‌യു,ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്. ഡിവൈഎഫ്‌ഐ വള്ളികുന്നം പടിഞ്ഞാറ് മേഖലാ സെക്രട്ടറി തെക്കേമുറി എം എസ് മന്‍സിലില്‍ ഷാജഹാന്‍, കാമ്പിശ്ശേരി കൊട്ടാട്ടുകുഴി വടക്ക് സുള്‍ഫിക്കര്‍, കെഎസ്‌യു വള്ളികുന്നം മണ്ഡലം സെക്രട്ടറി കാഞ്ഞിപ്പുഴ കൂനന്റയ്യത്ത് ജസീല്‍, വൈസ് പ്രസിഡന്റ് വാളച്ചാല്‍ പള്ളിയമ്പില്‍ വടക്കതില്‍ ഷമീല്‍ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഇവരില്‍ ജസീലിന്റെ പരിക്ക് ഗുരുതരമാണ്. ജസീലിനെ തലയുടെ പിറകില്‍ ദണ്ഡ് കൊണ്ട് അടിച്ച ശേഷം, വയറിനു കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റതിനെ തുടര്‍ന്ന് ജസീലിനെ കായംകുളം താലൂക്ക് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുകയും ചെയ്തു.രാത്രി വൈകിയുണ്ടായ സംഘര്‍ഷത്തില്‍ നാല് ആര്‍എസ്പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ കല്ലേറുണ്ടായി. നാല് ബൈക്കുകളും, ഒരു കാറും അക്രമികള്‍ തല്ലി തകര്‍ത്തു. ജില്ലാ പോലിസ് ചീഫ് എസ് സുരേന്ദ്രന്‍ ഇന്നലെ ഉച്ച വരെ പ്രദേശത്ത് ക്യാംപ് ചെയ്ത് സ്ഥിതി ഗതികള്‍ വിലയിരുത്തി. മാവേലിക്കര സിഐ ശ്രീകുമാര്‍, വള്ളികുന്നം എസ് ഐ അഭിലാഷ് എന്നിവരുടെ നേത്രത്വത്തില്‍ പ്രദേശത്ത് വന്‍ പോലിസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. സിപിഎം സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാഘവന്‍ ഉദ്ഘാടനം ചെയ്തു. മാവേലിക്കര എംഎല്‍എ ആര്‍ രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. കോണ്‍ഗ്രസിന്റെ പ്രകടനത്തിന് കെ പി ശ്രീകുമാര്‍, ജി രാജീവ്, ബി രാജലക്ഷ്മി, സുഹൈര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it