Alappuzha local

വള്ളങ്ങള്‍ നീരണിയുന്നു; ആര്‍പ്പുവിളികള്‍ ഉയരുന്നു

ആലപ്പുഴ: ഓളപ്പരപ്പിലെ ഒളിംപിക്‌സില്‍  കരുത്തു തെളിയിക്കാന്‍ ത്രസിച്ചു നില്‍ക്കുന്ന കളിവള്ളങ്ങള്‍ക്കായി കരയാകെ ഉണരുകയായി. കരനാഥന്മാരുടെ അനുഗ്രഹവുമായി വള്ളങ്ങള്‍ ഒന്നൊന്നായി നീരണിഞ്ഞു തുടങ്ങി. പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ പായിപ്പാടനും എടത്വാ വില്ലേജ് ബോട്ടു ക്ലബിന്റെ ഗബ്രിയേല്‍ ചുണ്ടന്‍ ഇന്നലെ നീരണിഞ്ഞു.
നെഹ്‌റു ട്രോഫി വിജയങ്ങളില്‍ റെക്കാര്‍ഡുകള്‍ സൃഷ്ടിച്ച കുട്ടനാടിന്റെ കരുത്തന്മാരായ യുബിസി കൈനകരി തുഴയുന്ന ആയാപറമ്പ് പാണ്ടി ചുണ്ടന്‍ ഇന്ന് രാവിലെ 11നും11. 30 നും ഇടയില്‍ നീരണിയും.
കടല്‍ക്കുത്തിന്റെ കരുത്തുമായി പുന്നമടയിലെത്തി വിസ്മയ ചരിത്രങ്ങള്‍ തീര്‍ത്ത കൊല്ലം ജീസസിന്റെ  വലിയ ദിവാഞ്ചിയും ഇതേ സമയത്ത്് നീരണിയും. നിരവധി തവണ ജല ചക്രവര്‍ത്തിപ്പട്ടം കരസ്ഥമാക്കിയ പുന്നമടയുടെ രോമാഞ്ചമായ ജവാഹര്‍ തായങ്കകരിയുടെ നീരണിയല്‍ 27ന് 9.30നും 10 നും ഇടയിലാണ്.
മറ്റു വള്ളങ്ങളും ഒന്നൊന്നായി നീരണിയല്‍ ചടങ്ങിലേക്ക് കടന്ന് പരിശീലത്തുഴച്ചില്‍ ആരംഭിക്കുമ്പോള്‍ നാടാകെ ആര്‍പ്പു വിളികളാല്‍ മുഖരിതമാകും. പരിശീലനത്തുഴച്ചിലിന് മുന്നോടിയായി ക്യാംപുകള്‍ ആരംഭിക്കാനുള്ള തിരക്കിലാണ് ഒന്നാം നിര ക്ലബുകള്‍.ജലോത്സവ പ്രേമികള്‍ക്കിടയില്‍ പായും പുലിയെന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പായിപ്പാടന്‍ ചുണ്ടനില്‍ പുന്ന—മനടയില്‍ ഇക്കുറി മാറ്റുരക്കാന്‍ എത്തുന്നത് പള്ളാത്തുരുത്തി ബോട്ട് ക്ലബാണ്. അഴകിന്റെ രാജകുമാരനായ നടുഭാഗം ചുണ്ടനില്‍ കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴയെറിയും.
ന്യൂജെന്‍ വള്ളങ്ങളില്‍ ശ്രദ്ധേയനായ ഗബ്രിയേലില്‍ എടത്വാ വില്ലേജ് ബോട്ടു ക്ലബും ജലചക്രവര്‍ത്തി കാരിച്ചാലില്‍ കുമരകം ബോട്ട് ക്ലബും സെന്റ് ഫ്രാന്‍സിസ് ബോട്ട് ക്ലബും സംയുക്തമായും തുഴയെറിയും. നെഹ്‌റുട്രോഫിയില്‍ പുത്തന്‍ ചരിത്രം രചിക്കാന്‍ എത്തുന്ന പോലീസ് ടീം കാട്ടില്‍ തെക്കേതിലാണ് മത്സരത്തിനെത്തുന്നത്.
ദേവസില്‍ കെവി ബിസിയും ചമ്പക്കുളം ചുണ്ടനില്‍ എന്‍സിഡിസിയും സെന്റ് പയസ് ചുണ്ടനില്‍ എസ്എച്ച് കൈനകരിയും ആനാരിയില്‍ എസ്എന്‍ബിസിയും മാറ്റുരക്കാന്‍ എത്തും.
ഒന്നലധികം തവണട്രോഫി നേടിയ വെള്ളം കുളങ്ങരയില്‍ തകഴി പമ്പാക്ലബ് മത്സരിക്കുമ്പോള്‍ പുന്നമടയില്‍ മിന്നല്‍പ്പിണരുകള്‍ തീര്‍ത്ത കുമരകം നവധാര ബോട്ട് ക്ലബ് ശ്രീ വിനായകനില്‍ കരുത്തുതെളിയിക്കാന്‍ എത്തും. പുന്നമടക്കായലിന്റെ വീര പുത്രരില്‍ ഒരാളായ ശ്രീഗണേശനില്‍ നാട്ടകം ബോട്ട് ക്ലബും ഇല്ലിക്കളത്തില്‍ തിരുവാര്‍പ്പ് ബോട്ടു ക്ലബും മത്സരത്തിനെത്തും.
Next Story

RELATED STORIES

Share it