വള്ളം മറിഞ്ഞ് അപകടം: കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

കടുത്തുരുത്തി: മുണ്ടാറിലെ വെള്ളപ്പൊക്ക ദുരിതം റിപോര്‍ട്ട് ചെയ്തു മടങ്ങിയ ചാനല്‍ സംഘം സഞ്ചരിച്ച വള്ളം  മറിഞ്ഞ് കാണാതായ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി. മാതൃഭൂമി ചാനലിന്റെ കടുത്തുരുത്തി പ്രാദേശിക ലേഖകന്‍ ആപ്പാഞ്ചിറ മാന്നാര്‍ പട്ടശ്ശേരില്‍ കെ കെ സജി(മെഗാസ് സജി- 48)യുടെ മൃതദേഹം ഇന്നലെ രാവിലെയും ചാനലിന്റെ തിരുവല്ല യൂനിറ്റിലെ ഡ്രൈവര്‍ ഇരവിപേരൂര്‍ കോഴിമല കൊച്ചുരാമുറിയില്‍ (ഉഴത്തില്‍) ബാബുവിന്റെ മകന്‍ ബിപിന്‍ ബാബുവി(27)ന്റെ മൃതദേഹം വൈകീട്ട് ഏഴോടെയുമാണ് കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സിന്റെയും നേവിയുടെയും നാട്ടുകാരുടെയും മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ അപകടം നടന്ന സ്ഥലത്തിന് സമീപം ചളിയില്‍ പുതഞ്ഞ നിലയിലാണ് സജിയുടെ മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് ബിപിന്റെ മൃതദേഹം കരിയാറിന്റെ പടിഞ്ഞാറു ഭാഗത്ത് പൊങ്ങിയതായി അഭ്യൂഹം പരന്നിരുന്നെങ്കിലും വള്ളം മുങ്ങിയ സ്ഥലത്ത് നിന്ന് തന്നെയാണ് ബിപിന്റെ മൃതദേഹവും കണ്ടെത്തിയത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് മുണ്ടാര്‍ പാറേല്‍ കോളനിയുടെ സമീപം കരിയാറിന്റെ മനയ്ക്കച്ചിറ ഒമ്പതാം നമ്പറിലാണ് അപകടമുണ്ടായത്. അഞ്ചംഗസംഘത്തിലുണ്ടായിരുന്ന ചാനലിന്റെ കാമറാമാന്‍ കോട്ടയം ചിറക്കടവ് അടിച്ചുമാക്കല്‍ അഭിലാഷ് എസ് നായര്‍ (29), റിപോര്‍ട്ടര്‍ തൃശൂര്‍ കുടപ്പുഴമന കെ ബി ശ്രീധരന്‍ നമ്പൂതിരി (29), വള്ളം നിയന്ത്രിച്ചിരുന്ന നാട്ടുകാരനായ അനീഷ് ഭവനില്‍ അഭിലാഷ് (40) എന്നിവരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു.
സജിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്നലെ വൈകീട്ടോടെ ആപ്പാഞ്ചിറയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: സുനിത. മക്കള്‍: അമിഗ സജി , അമിയ സജി. ബിപിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Next Story

RELATED STORIES

Share it