വളര്‍ത്തുമൃഗ സെന്‍സസ്: വിവരശേഖരണത്തിന് അനുകൂല സ്ഥിതിയില്ലസമയക്രമത്തില്‍ ഇളവ് തേടി കേരളം

സി എ സജീവന്‍

തൊടുപുഴ: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ രാജ്യവ്യാപക വളര്‍ത്തുമൃഗ സെന്‍സസിന് ആറുമാസത്തെ ഇളവുതേടി കേരളം. നേരത്തേ അനുവദിച്ച ഒരുമാസത്തെ സമയം പോരെന്നു ചൂണ്ടിക്കാട്ടി വീണ്ടും കേന്ദ്ര മൃഗസംരക്ഷണ വകുപ്പിനെ സമീപിക്കാനൊരുങ്ങുകയാണ് സംസ്ഥാനം. എല്ലാ സംസ്ഥാനങ്ങളിലും ഒക്ടോബര്‍ 1ന് ആരംഭിച്ച സെന്‍സസാണ് നവംബര്‍ 1നു തുടങ്ങിയാല്‍ മതിയെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി അറിയിച്ചത്. എന്നാല്‍, ഒരുമാസത്തിനുള്ളില്‍ സെന്‍സസ് നടത്താനാവില്ലെന്നു ചൂണ്ടിക്കാട്ടി കേന്ദ്രത്തെ സമീപിക്കാനൊരുങ്ങുകയാണ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്. ആറുമാസം നീട്ടിനല്‍കണമെന്നാണ് കേരളത്തിന്റെ ആവശ്യം. എന്നാല്‍, മൂന്നുമാസത്തില്‍ കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്നാണ് കേന്ദ്രത്തില്‍ നിന്ന് അനൗദ്യോഗികമായി അറിയിച്ചിരിക്കുന്നത്. സമയം കൂടുതല്‍ ന ല്‍കുന്നത് കേന്ദ്ര പദ്ധതി രൂപീകരണത്തെ ബാധിക്കുമെന്നതാണു കാരണം.
സെന്‍സസ് നടത്താന്‍ മൂന്നുമാസമെങ്കിലും സമയം നീട്ടിനല്‍കിയില്ലെങ്കില്‍ അത് സംസ്ഥാനത്തെ പ്രതികൂലമായി ബാധിക്കും. സെന്‍സസ് നടത്തുന്നതിനുള്ള സാമൂഹികാന്തരീക്ഷം ഇനിയും രൂപപ്പെട്ടിട്ടില്ല. മിക്ക കുടുംബങ്ങളും നഷ്ടക്കെടുതികളില്‍ നിന്നു പൂര്‍ണമായും മോചിതമായിട്ടില്ല. മാത്രമല്ല, വെള്ളപ്പൊക്കത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് വ്യാപക ജീവനാശവുമുണ്ടായി. ഇപ്പോഴത്തെ നിലയില്‍ കണക്കെടുപ്പ് നടത്തിയാല്‍ ചത്തുപോയവയൊന്നും സംസ്ഥാനത്തിന്റെ മൃഗസമ്പത്തിന്റെ കണക്കില്‍ വരില്ല. ഇത് ദുരവ്യാപക പ്രത്യാഘാതമുണ്ടാക്കും. ഈ വര്‍ഷം നടക്കുന്ന സെന്‍സസിനെ അടിസ്ഥാനമാക്കിയാണ് അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള വകുപ്പിന്റെ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. അതനുസരിച്ചാവും സംസ്ഥാനവിഹിതവും നിര്‍ണയിക്കപ്പെടുക.
അഞ്ചുവര്‍ഷം കൂടുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ വളര്‍ത്തുമൃഗങ്ങളുടെ കണക്കെടുക്കുന്നത്. പരമ്പരാഗത നിലയില്‍ നിന്നു മാറി ഹൈടെക് രീതിയിലാണ് ഇത്തവണത്തെ സെന്‍സസ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഇതിനായി എല്ലാ ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ടാബ്‌ലറ്റുകള്‍ വാങ്ങിനല്‍കിയിട്ടുണ്ട്. സാധാരണഗതിയില്‍ ഇന്‍വിജിലേറ്റര്‍മാര്‍ വീടുകളിലെത്തി വിവിധ ഫോറങ്ങളില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുകയാണ് ചെയ്തിരുന്നത്. എന്നാല്‍, ഇക്കുറി ഇന്‍സ്‌പെക്ടര്‍മാര്‍ വീടുകള്‍തോറുമെത്തി ടാബില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തും. ഇതിനായി ഒരു ടാബിന് 6,500 രൂപയാണ് കേന്ദ്രം അനുവദിച്ചത്.
ആഗസ്ത് 20ന് സെന്‍സസ് നടത്താനായിരുന്നു കേരളം നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍, രാജ്യത്തെല്ലായിടത്തും ഒരേദിനത്തില്‍ ആരംഭിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സെന്‍സസ് ഒക്ടോബര്‍ 1ന് തീരുമാനിക്കുകയായിരുന്നു. അതിനിടെയാണ് പ്രളയക്കെടുതിയുണ്ടായത്.

Next Story

RELATED STORIES

Share it