kannur local

വളപട്ടണത്ത് മണല്‍വാരല്‍ തകൃതി

വളപട്ടണം: റെയില്‍വേ പാലത്തിനടിയില്‍ നിന്നു അനധികൃതമായി മണല്‍വാരുന്നതിനെതിരേ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി നടത്തിയ ബോധവല്‍ക്കരണത്തിനു പുല്ലുവില. ബോധവല്‍ക്കരണ ക്ലാസ് നടത്തിയതിന്റെ പിറ്റേന്ന് തന്നെ മണല്‍വാരല്‍ തകൃതി.
ഇന്നലെയും പാലത്തിനടിയില്‍ നിന്നും സമീപങ്ങളില്‍ നിന്നുമെല്ലാം മണല്‍വാരല്‍ പതിവുപോലെ നടന്നു. വളപട്ടണം പഞ്ചായത്ത്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസമാണ് വളപട്ടണം പഞ്ചായത്ത് ഹാളില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചത്. അനധികൃതമായി മണല്‍വാരുന്നത് ശ്രദ്ധയില്‍പെട്ടാല്‍ 182 ടോള്‍ഫ്രീ നമ്പറില്‍ ആര്‍പിഎഫിനെ അറിയിക്കണമെന്ന് ക്ലാസില്‍ അറിയിച്ചിരുന്നു. ക്ലാസില്‍ 150ഓളം തൊഴിലാളികളാണ് പങ്കെടുത്തിരുന്നത്. മണല്‍വാരല്‍ കാരണം പ്രകൃതിക്കും റെയില്‍വേ പാലത്തിനുമുണ്ടാവുന്ന ബലക്ഷയവും നിയമപ്രശ്‌നങ്ങളുമെല്ലാം ക്ലാസില്‍ അവതരിപ്പിച്ചിരുന്നുവെങ്കിലും പിറ്റേന്ന് തന്നെ അതെല്ലാം കാറ്റില്‍പ്പറത്തി പതിവുപോലെ തൊഴിലാളികള്‍ മണല്‍വാരാനിറങ്ങുകയായിരുന്നു. മുന്‍കാലങ്ങളില്‍ മണല്‍വാരലിനു ഇതര സംസ്ഥാന തൊഴിലാളികളെ പിടികൂടിയാല്‍ കേസെടുക്കുന്നത് പോലിസിനു തലവേദനയാവാറുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാല്‍ പ്രതികള്‍ അവരുടെ നാട്ടിലേക്ക് പോവും.
പിന്നീട് കോടതിയുടെ കേസ് നടപടികള്‍ക്കൊന്നും ഇവരെത്താറില്ല. ഇവരുടെ വിലാസത്തില്‍ ബന്ധപ്പെട്ടാലും നിരാശയായിരിക്കും ഫലം. ഇത് പോലിസിനു കോടതിയില്‍ നിന്ന് വിമര്‍ശനം കേള്‍ക്കാന്‍ കാരണമാവാറുണ്ട്.
ഇത്തരം നൂലാമാലകള്‍ ഒഴിവാക്കാന്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കുന്ന സംഭവവും ഉണ്ടായിട്ടുണ്ട്. വളപട്ടണം റെയില്‍വേ പാലത്തിനു സമീപത്തു നിന്ന് നൂറുകണക്കിനു തോണികളിലാണ് ദിനേന മണല്‍വാരുന്നത്. കണ്‍മുന്നില്‍ നടക്കുന്ന മണല്‍വേട്ട പോലും തടയാന്‍ പോലിസിനു കഴിയുന്നില്ല.
Next Story

RELATED STORIES

Share it