Alappuzha local

വലിയ കുളത്തെ നാടിന്റെ ശുദ്ധജല സംഭരണിയാക്കി മാറ്റി യുവജന കൂട്ടായ്മ

വള്ളികുന്നം: നൂറ്റാണ്ടു പഴക്കമുള്ള വള്ളികുന്നത്തെ മുത്തശ്ശികുളത്തെ തെളിനീരാക്കി യുവജന കൂട്ടായ്മ. കാഞ്ഞിപ്പുഴയില്‍ സ്ഥിതി ചെയ്യുന്ന വലിയ കുളമാണു സേവ് വലിയകുളം പ്രവര്‍ത്തകര്‍ ശുചീകരിച്ചെടുത്ത് നാടിനു സമര്‍പ്പിച്ചത്. മതരാഷ്ട്രീയ വ്യത്യാസമില്ലാതെ കാഞ്ഞിപ്പുഴയിലെ നൂറോളം വരുന്ന യുവാക്കളാണു വലിയകുളം വൃത്തിയാക്കുന്നതിനു മുന്നിട്ടിറങ്ങിയത്.
വലിയകുളം സംരക്ഷണ സമിതിക്ക് ഭക്ഷണത്തിനും കുടി വെള്ളത്തിനുമുള്ള തുക അയച്ച് പ്രവാസികളും മറ്റു സഹായങ്ങളുമായി സമീപ വാസികളും ഒപ്പം കൂടിയതോടെ ശുദ്ധ ജലസ്രോതസ്സ് എന്ന പഴയ കാല പ്രതാപത്തിലേക്ക് വലിയ കുളമെത്തിപ്പെട്ടത് കുറഞ്ഞ സമയം കൊണ്ടായിരുന്നു. വര്‍ഷങ്ങളായി മാലിന്യ കേന്ദ്രമായി കിടക്കുന്ന വലിയകുളത്തിന്റെ ശോചനീയാവസ്ഥയെ പറ്റി ജലദിനത്തി ല്‍ നാട്ടുകാരനായ യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതാണു ഇങ്ങനെയൊരു ഉദ്യമത്തിനു വഴി തെളിഞ്ഞത്.
ദീര്‍ഘ ചതുരാകൃതിയില്‍ ഒരേക്കറോളം വരുന്ന സ്ഥലത്താണു  വലിയകുളം സ്ഥിതി ചെയ്യുന്നത്. ഓച്ചിറ, ചാരും മൂട്, കാഞ്ഞിപ്പുഴ, കറ്റാനം റോഡുകളാ ല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ശുദ്ധ ജല സ്രോതസ്സാണു വലിയകുളം. വലിപ്പത്തിനു പുറമേ നാട്ടുകാര്‍ക്കും ദൂരെ ദിക്കുകളില്‍ നിന്നും വള്ളികുന്നത്തെത്തുന്ന കാളവണ്ടിക്കാര്‍,കാല്‍ നടക്കാര്‍, വ്യാപാരികള്‍ ഉള്‍പ്പടെ ധാരാളം ആളുകളുടെ ആശ്രയമായതിനാലാണു ജലാശയത്തിനു വലിയകുളം എന്ന പേരു ലഭിച്ചത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പായലും,മാലിന്യങ്ങളും,ചെളിയും നിറഞ്ഞ് ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്ന വലിയ കുളം നവീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശ വാസികള്‍ നിരവധി തവണ അധികൃതരോട് പരാതി ഉന്നയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
നിരവധി തവണ വലിയ കുളത്തിന്റെ ശോച്യാവസ്ഥ മാവേലിക്കര എം എല്‍ എ, എം പി, വള്ളികുന്നം പഞ്ചായത്ത് അധികൃതര്‍, ഭരണിക്കാവ് ബ്ലോക്ക് അധികാരികള്‍ എന്നിവരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ജലാശയങ്ങള്‍ സംരക്ഷിക്കുന്നതിനയുള്ള ഫണ്ടുകള്‍ ഒന്നും തന്നെ നാളിത് വരെ വലിയകുളത്തിനായി വകയിരുത്തിയിട്ടില്ല. വലിയ കുളത്തിന്റെ മോശം അവസ്ഥ സമീപത്തെ കിണറുകളിലേക്കും വ്യാപിച്ചിരുന്നു. കുളം സംരക്ഷിക്കാത്തത് കാരണം വലിയ കുളത്തിലെ ജല ലഭ്യത കുറയുകയും വേനല്‍ കഠിനമാവുന്നതിനു മുമ്പ് തന്നെ പരിസരത്തെ കിണറുകള്‍ വറ്റിയ നിലയിലാണ്.
യുവാക്കളുടെ ശ്രമ ഫലമായി മുത്തശ്ശി കുളം ഉപയോഗ യോഗ്യമായതോടു കൂടി കുടിവെള്ള ക്ഷാമം പരിഹരിക്കപ്പെടും എന്ന പ്രതീക്ഷയിലാണു നാട്ടുകാര്‍. ശുചീകരണത്തിനു സേവ് വലിയകുളം സമിതി ചെയര്‍മാന്‍ ഷമീം വാളക്കോട്,കണ്‍വീനര്‍ സിയാദ് എസ്, ഷറഫ് അസ്‌ലമി, രാജന്‍ പിള്ള, ഷിഹാബ് എ, താഹിര്‍ പ്ലാമൂട്ടില്‍, മുജീര്‍, അഖില്‍, പ്രണവ്, അന്‍സര്‍,ജസീ ല്‍, താഹിര്‍ എം എം സിദ്ദീഖ്, ഷിനാസ്, ഷമീം കോയിക്കല്‍ വള്ളികുന്നം ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ സുമ രാജന്‍, ഇന്ദിരാ തങ്കപ്പന്‍, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ റസിയ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it