Editorial

വര്‍ഗീയ വിഭജനത്തിനുള്ള ശ്രമങ്ങള്‍ തടയണം

സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവുണ്ടാക്കാനും സാമുദായിക സൗഹാര്‍ദം തകര്‍ക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അതിനെതിരേ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിരിക്കുന്നു. ഇതുതന്നെയാണ് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസിയും പറയുന്നത്. കേരളത്തില്‍ സാമാന്യമായി നിലനില്‍ക്കുന്ന ഭീതിയാണ് ഇത്. പണ്ടൊരിക്കലുമുണ്ടായിട്ടില്ലാത്തവിധത്തില്‍ വര്‍ഗീയ ധ്രുവീകരണം നാട്ടില്‍ രൂപപ്പെട്ടിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. മഹാരാജാസ് കോളജിലെ അഭിമന്യു എന്ന വിദ്യാര്‍ഥി കൊല്ലപ്പെടാന്‍ വഴിവച്ച കാംപസ് സംഘര്‍ഷം ഈ ധ്രുവീകരണം വര്‍ധിപ്പിക്കുകയും സ്പര്‍ധയും വിദ്വേഷവും ആളിക്കത്തിക്കുന്ന പ്രചാരണങ്ങള്‍ക്കു കാരണമാവുകയും അതുമായി ബന്ധപ്പെട്ട ഭരണകൂട നടപടികളും വ്യാഖ്യാനങ്ങളും കുറേക്കൂടി കാലുഷ്യങ്ങള്‍ വിസര്‍ജിക്കുകയും ചെയ്തു എന്നതാണ് വസ്തുത.
ആരാണ് വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നത്? അഭിമന്യുവിന്റെ കൊല വളരെയധികം ദാരുണമാണ്; അതിന് ഉത്തരവാദികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടേണ്ടതുമാണ്. കേരളത്തില്‍ നാളിതുവരെ ഉണ്ടായ എല്ലാ കാംപസ് കൊലപാതകങ്ങളെയും ഇതേ അര്‍ഥത്തിലാണ് നാം നോക്കിക്കാണേണ്ടത്. എന്നാല്‍, സംഭവിച്ചത് അതല്ല. അഭിമന്യു വധത്തെ തുടര്‍ന്ന് പോലിസ് കൈക്കൊണ്ട നടപടികളും ആഭ്യന്തരവകുപ്പ് കൈയാളുന്ന പാര്‍ട്ടിയായ സിപിഎം നടത്തിയ ദുഷ്പ്രചാരണവും അറിഞ്ഞും അറിയാതെയും മുസ്്‌ലിം സമുദായത്തെ പ്രതിക്കൂട്ടിലകപ്പെടുത്തുന്നതരത്തില്‍ പൊതുവികാരം രൂപപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട്. കൊലയ്ക്ക് ഉത്തരവാദികളായവരെ പിടികൂടുന്നതിനു പകരം എസ്ഡിപിഐ നേതാക്കളെ കസ്റ്റഡിയിലെടുക്കാനാണ് പോലിസിന്റെ ഭാഗത്തു നിന്ന് ശ്രമമുണ്ടായത്. പോലിസിന്റെ കഴിവുകേടുകള്‍ക്ക് മറപിടിക്കാനുള്ള നീക്കമാണിത്. ഇതു സാമാന്യമായി മുസ്്‌ലിംകള്‍ക്കിടയില്‍ ആശങ്കയും ഭീതിയുമുളവാക്കിയിട്ടുണ്ട്. ഇത്തരം ഭീതികള്‍ സ്വാഭാവികമായും വര്‍ഗീയമായ ചേരിതിരിവുണ്ടാക്കും. അതിനാല്‍ വര്‍ഗീയ ധ്രുവീകരണം ഇല്ലാതാക്കണമെങ്കില്‍ പോലിസിന്റെയും ആഭ്യന്തരവകുപ്പിന്റെയും ഭാഗത്തുനിന്നാണ് കാര്യമായ നീക്കമുണ്ടാവേണ്ടത്. കൊലക്കേസന്വേഷണത്തില്‍ ആവശ്യമായ എല്ലാ ജാഗ്രതയും പോലിസിന്റെ ഭാഗത്തുനിന്നുണ്ടാവണം. അതിലപ്പുറത്തേക്ക് പ്രശ്‌നത്തെ വലിച്ചുനീട്ടരുത്. ഒരു പാര്‍ട്ടിയെന്ന നിലയില്‍ സിപിഎം സംയമനത്തോടെ വേണം കാര്യങ്ങളില്‍ ഇടപെടേണ്ടത്.
ഭരണകൂടത്തിന്റെയും സിപിഎമ്മിന്റെയും ഭാഗത്തുനിന്നുണ്ടായ പാളിച്ചകള്‍ മാധ്യമങ്ങളെയും മറ്റു വികാര വിനിമയോപാധികളെയും ദോഷകരമായി സ്വാധീനിച്ചിട്ടുണ്ട് എന്ന കാര്യം പറയാതിരിക്കാന്‍ വയ്യ. ചാനലുകളിലും സാമൂഹിക മാധ്യമങ്ങളിലും ഹിന്ദു വര്‍ഗീയവാദികളും മതേതര നാട്യക്കാരും അഴിച്ചുവിടുന്ന പ്രചാരണങ്ങളും പ്രകോപനങ്ങളും അതിനു തെളിവാണ്. നിര്‍ഭാഗ്യവശാല്‍ അഭിമന്യുവിന്റെ കൊല അങ്ങനെയൊരു തിന്മയ്ക്ക് വഴിവച്ചു. പക്ഷേ, തീവ്ര ഹിന്ദുത്വ നിലപാടുകള്‍ക്ക് ഇന്ധനം പകരുന്ന തരത്തിലാവാമോ സര്‍ക്കാര്‍ നടപടികള്‍? സാംസ്‌കാരിക പ്രവര്‍ത്തകരും ബുദ്ധിജീവികളും ഇസ്‌ലാമോഫോബിയയെ പരോക്ഷമായി ഉത്തേജിപ്പിക്കുന്ന ഇത്തരം പ്രചാരണങ്ങള്‍ക്കെതിരായി രംഗത്തുവരേണ്ടതല്ലേ?
Next Story

RELATED STORIES

Share it