Articles

വര്‍ഗീയതയുടെ വിത്തെറിഞ്ഞ് പരീക്ഷണം

ഇന്ദ്രപ്രസ്ഥം - നിരീക്ഷകന്‍
തിരഞ്ഞെടുപ്പുകാലമായി എന്നതിനു തെളിവ് വേറെ വേണ്ട. ഉത്തരേന്ത്യയില്‍ വ്യാപകമായി വര്‍ഗീയകലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു. കൊള്ളയും കൊള്ളിവയ്പും കൊലപാതകങ്ങളും വ്യാപകമായിരിക്കുന്നു. ബിഹാറില്‍ ഒരിടത്ത് തുടങ്ങിയ കലാപം ചുരുങ്ങിയ സമയത്തിനകമാണ് ഏഴെട്ട് ജില്ലകളില്‍ പടര്‍ന്നുപിടിച്ചത്. തൊട്ടടുത്ത സംസ്ഥാനമായ ബംഗാളിലും സ്ഥിതി അതുതന്നെ. അവിടെ മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ബര്‍ദ്വാന്‍ ജില്ലയില്‍ അരക്ഷിതാവസ്ഥയാണ്. അക്രമത്തിന് ആഹാനം ചെയ്ത് നാട്ടില്‍ കുഴപ്പമുണ്ടാക്കിയ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മഹാനെതിരേ പോലിസ് കേസെടുത്തിരിക്കുകയാണ്.
കര്‍ണാടകയില്‍ തിരഞ്ഞെടുപ്പുകാലമാണ്. അവിടെ ഭരിക്കുന്നത് കോണ്‍ഗ്രസ് ആയതിനാല്‍ പഴയപോലെ സംഘപരിവാരത്തിന് തരികിട പരിപാടികള്‍ സംഘടിപ്പിക്കാന്‍ കഴിയുന്നില്ല. അതിനാല്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു വര്‍ഗീയകലാപം സൃഷ്ടിക്കാനാണ് കഠിനശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തില്‍ വാര്‍ത്ത നല്‍കിയത്, മുസ്‌ലിംകളുടെ ആക്രമണത്തില്‍ ജൈന സന്ന്യാസിക്ക് പരിക്കു പറ്റി എന്നാണ്. പരിക്കേറ്റു കിടക്കുന്ന സന്ന്യാസിയുടെ പടവും കൊടുത്തു. പക്ഷേ, സന്ന്യാസിക്കു പരിക്കു പറ്റിയത് വാഹനാപകടത്തിലാണെന്ന് പോലിസ് കണ്ടെത്തി. കുഴപ്പമുണ്ടാക്കാനായി നുണ പ്രചരിപ്പിച്ച പത്രാധിപരെ കസ്റ്റഡിയിലെടുത്തു.
അതോടെ സംഘപരിവാരത്തിന്റെ മട്ടു മാറി. തങ്ങളുടെ സ്വന്തം പത്രാധിപരെ വിട്ടയക്കണമെന്നാണ് ഇപ്പോള്‍ പ്രചാരണം നടക്കുന്നത്. നുണ പറയാനും പ്രചരിപ്പിക്കാനും നാടു കുട്ടിച്ചോറാക്കാനുമുള്ള തങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് അവിടെ പരിവാരപ്പടയുടെ പോരാട്ടം.
ഈ വര്‍ഷം നിരവധി സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പു നടക്കുന്നുണ്ട്. കര്‍ണാടക തിരിച്ചുപിടിക്കുകയെന്നത് പ്രയാസമാണെന്ന് മോദി-അമിത് ഷാ സംഘത്തിനു ബോധ്യം വന്നുതുടങ്ങിയിട്ടുണ്ട്. അതിനാല്‍ വിജയം കൊയ്യാന്‍ തങ്ങളുടെ കൈയിലുള്ള  പറ്റിയ മരുന്ന് പുറത്തെടുക്കാന്‍ തന്നെയാണ് അവര്‍ തീരുമാനിച്ചിരിക്കുന്നത്. അത് വര്‍ഗീയതയാണ്. ജനങ്ങളെ തമ്മിലടിക്കുന്ന അവസ്ഥയില്‍ എത്തിക്കുക, കലാപം കത്തിപ്പടര്‍ന്നാല്‍ ഗുണം തങ്ങള്‍ക്കു കിട്ടും എന്നാണ് അവര്‍ കണക്കുകൂട്ടുന്നത്. കലാപങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന ആരോപണവും ഉന്നയിക്കാമല്ലോ.
കര്‍ണാടകയിലെ പ്രശ്‌നം, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ചാണക്യതന്ത്രങ്ങള്‍ക്കു മുന്നില്‍ അമിട്ടുഷാജിയുടെ പരിപാടികള്‍ പൊളിഞ്ഞുപാളീസാവുന്നു എന്നതുതന്നെയാണ്. അവിടെ ലിംഗായത്തുകള്‍ പ്രബല സമുദായമാണ്. തങ്ങളെ പ്രത്യേക മതമായി അംഗീകരിക്കണം എന്നാണ് ബസവണ്ണയുടെ അനുയായികള്‍ പറയുന്നത്. പക്ഷേ, സംഘപരിവാരത്തിന് അതു പിടിക്കുന്നില്ല. ഹിന്ദു ഐക്യമാണ് ഭരണം പിടിക്കാന്‍ പറ്റിയ തുറുപ്പുചീട്ട് എന്ന് ആര്‍എസ്എസിനറിയാം. ഹിന്ദുവികാരം ഉണര്‍ത്തിയാല്‍ പണ്ട് കേരളത്തിലെ ആചാര്യന്‍ പറഞ്ഞപോലെ നായാടി മുതല്‍ നമ്പൂതിരി വരെയുള്ള സകല കൂട്ടരുടെയും വോട്ട് പിടിക്കാം. അതിനു മുസ്‌ലിംവിരുദ്ധ വര്‍ഗീയവിഷം പ്രയോഗിക്കുക തന്നെയാണ് ഒരേയൊരു മാര്‍ഗം.
അതാണ് ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ബംഗാളിലും ബിഹാറിലും രാമനവമിക്ക് ത്രിശൂലവും കുന്തവും ഒക്കെയായാണ് സംഘികള്‍ രംഗത്തിറങ്ങിയത്. ഇതിനു മുമ്പ് ഒരിക്കലും രാമനവമിക്ക് ഇങ്ങനെ ആയുധവുമായി ജാഥ നടത്തുന്ന പതിവില്ല. ഇപ്പോള്‍ ഭരണം തങ്ങളുടെ വകയല്ലേ; രാമനും തങ്ങളുടെ സ്വന്തം ആള്‍. ത്രിശൂലവുമായി നടക്കുക മാത്രമല്ല, വേണ്ടിവന്നാല്‍ രാവണന്‍ എന്നു പേരിട്ട് വഴിയെ പോവുന്ന പാവപ്പെട്ടവനെ തല്ലിക്കൊല്ലാനും മടിക്കില്ല എന്നാണ് രാമഭക്തന്മാര്‍ പ്രഖ്യാപിക്കുന്നത്. പ്രഖ്യാപിക്കുക മാത്രമല്ല, ബംഗാളിലെ അസന്‍സോളില്‍ അതു പ്രയോഗിക്കുകയും ചെയ്തു. നാട്ടിലെ പള്ളി ഇമാമിന്റെ 15 വയസ്സുള്ള മകനെയാണ് പിടിച്ചുകൊണ്ടുപോയി തല്ലിക്കൊന്നത്. തന്റെ മകന്റെ മരണത്തിനു പകരം ചോദിക്കാന്‍ ആരും പോകരുത് എന്നാണ് ഇമാം ജനങ്ങളോടു പറഞ്ഞത്. അക്രമം ആരുടെ താല്‍പര്യമാണ് എന്ന് ജനങ്ങള്‍ക്കറിയാം; അത്തരം തന്ത്രങ്ങള്‍ ആരുടെ ബുദ്ധിയിലാണ് വിളയുന്നത് എന്നും ജനങ്ങള്‍ക്കറിയാം.
അതിനാല്‍ നാടെങ്ങും ഇത്തരത്തിലുള്ള മാരക വിഷപ്രയോഗങ്ങള്‍ നടന്നുവരുകയാണ്. കഴിഞ്ഞതവണ ഉത്തര്‍പ്രദേശില്‍ വര്‍ഗീയകലാപമുണ്ടാക്കി വന്‍തോതില്‍ വോട്ട് നേടി വിജയിച്ചത് അമിത് ഷാ മറന്നിട്ടില്ല. യുപിയില്‍ പോലും അത്തരം വേലത്തരങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങി എന്ന് ഗോരഖ്പൂരിലെ കൊടും തിരിച്ചടി തെളിയിച്ചു. ഇപ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പിന്റെ അന്തരീക്ഷമാണ്. നാട് കുട്ടിച്ചോറാവാതിരിക്കണമെങ്കില്‍ ജനങ്ങള്‍ അങ്ങേയറ്റം ജാഗ്രത പാലിക്കണം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.                                           ി
Next Story

RELATED STORIES

Share it