വര്‍ഗീയതയുടെ രാഷ്ട്രീയത്തിലേക്ക്

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
ജൂലൈ 19നു ജമ്മു-കശ്മീര്‍ കൂട്ടുകക്ഷി മന്ത്രിസഭയില്‍ നിന്നു ബിജെപി പിന്‍വാങ്ങുകയും പിഡിപി മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി മന്ത്രിസഭയുടെ രാജി സമര്‍പ്പിക്കുകയും ചെയ്തതോടെ മൂന്നു കാര്യങ്ങള്‍ വ്യക്തമായി. ഒന്ന്: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പറ്റിയ തക്കം നോക്കി പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുങ്ങുകയാണ്. രണ്ട്: കശ്മീര്‍ പ്രശ്‌നം ആഭ്യന്തരമായും സാര്‍വദേശീയമായും ഏറ്റവും സങ്കീര്‍ണമായ ക്രമസമാധാന-രാഷ്ട്രീയ പ്രശ്‌നമായി മാറാന്‍ പോകുന്നു. മൂന്ന്: വരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി ഉയര്‍ത്തുന്ന തീവ്രഹിന്ദുത്വ അജണ്ടയുടെ പ്രധാന സ്രോതസ്സ് പാകിസ്താനും 'മുസ്‌ലിം തീവ്രവാദ-ഭീകരത'യുമായിരിക്കും.
അത്തരമൊരു രാഷ്ട്രീയ ധ്രുവീകരണത്തിനുള്ള തയ്യാറെടുപ്പിന് അവസരമൊരുക്കാനാണ് പിഡിപിയുമായി ഉണ്ടാക്കിയ രാഷ്ട്രീയ-ഭരണബാന്ധവത്തെ മൊഴിചൊല്ലാന്‍ ബിജെപി മുന്‍കൈയെടുത്തത്. കടുത്ത രാഷ്ട്രീയ വൈരുധ്യങ്ങള്‍ മൂലം അചിന്ത്യവും അപ്രായോഗികവുമായ ഒരു കൂട്ടുകക്ഷിഭരണമാണ് 2015 മാര്‍ച്ചിലെ തൂക്കുനിയമസഭയില്‍ ബിജെപിയും പിഡിപിയുമായി ഉണ്ടാക്കിയത്. കശ്മീരിന് 370ാം വകുപ്പ് അനുസരിച്ചുള്ള പ്രത്യേക പദവിയും 345ാം വകുപ്പ് അനുസരിച്ചുള്ള സവിശേഷാവകാശവും നഖശിഖാന്തം എതിര്‍ക്കുന്ന പാര്‍ട്ടിയാണ് ബിജെപി.
കോണ്‍ഗ്രസ് സഖ്യത്തിനു തയ്യാറായിട്ടും ബിജെപിയെ ഹസ്തദാനം ചെയ്ത് ആശ്ലേഷിച്ച മുഫ്തി മുഹമ്മദ് സഈദ് ജമ്മു-കശ്മീരിന്റെ 49ാം മുഖ്യമന്ത്രിയായി. അവസരവാദപരമായ കൂട്ടുകെട്ടെന്ന് മറ്റുള്ളവര്‍ വിമര്‍ശിച്ചപ്പോഴും കശ്മീര്‍ താഴ്‌വരയില്‍ സമാധാനം പുനഃസ്ഥാപിക്കാനും യുവാക്കളെയും ജനങ്ങളെയും കൂടെ നിര്‍ത്താനുമാണ് മുഫ്തി ശ്രമിച്ചത്. ഇതിനുള്ള രാഷ്ട്രീയ പശ്ചാത്തലവും വികസന സഹായവും കേന്ദ്ര ഗവണ്മെന്റില്‍ നിന്ന് ഉണ്ടാവുമെന്ന് മുഫ്തി മുഹമ്മദ് സഈദ് പ്രതീക്ഷ പുലര്‍ത്തി.
പാകിസ്താനില്‍ നിന്നു സൈനികാക്രമണവും ഭീകരാക്രമണവും നേരിടുന്ന കശ്മീരില്‍ ബിജെപിയുമായി ചേര്‍ന്നുള്ള രാഷ്ട്രീയ സഖ്യത്തിന് മുഫ്തി മുഹമ്മദ് സഈദ് നേതൃത്വം നല്‍കുകയായിരുന്നു. ചരിത്രത്തില്‍ ആദ്യമായി ഒരു സംസ്ഥാന ഗവണ്മെന്റിന്റെ രൂപീകരണത്തില്‍ പ്രധാനമന്ത്രി നേരിട്ട് പങ്കാളിയായതും ഇതിന്റെ രൂപീകരണത്തിലാണ്. പത്തു മാസത്തിനകം മുഫ്തി മരണപ്പെട്ടു. മകള്‍ മെഹ്ബൂബ മുഫ്തി മുഖ്യമന്ത്രിയായി.
അനുരഞ്ജനത്തിന്റെ രാഷ്ട്രീയ മാതൃകയായാണ് ജമ്മു-കശ്മീര്‍ കൂട്ടുകക്ഷി ഭരണത്തെ ബിജെപി ഉയര്‍ത്തിപ്പിടിച്ചിരുന്നത്. മന്ത്രിസഭയുടെ മൂന്നു വാര്‍ഷികങ്ങളും തങ്ങളുടെ അനുരഞ്ജന രാഷ്ട്രീയ നയത്തിന്റെ വിജയമായി ബിജെപി ആഘോഷിക്കുകയും ചെയ്തു. പിന്തുണ പിന്‍വലിച്ചതിനു സഖ്യത്തിന്റെ അണിയറശില്‍പിയായിരുന്ന ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ് നല്‍കിയ വിശദീകരണം 'സമര്‍ഥിക്കാനാകാത്ത സഖ്യ'മെന്നാണ്. 2014ല്‍ സംസ്ഥാനങ്ങള്‍ തോറും അനുരഞ്ജന-രാഷ്ട്രീയനയ പരീക്ഷണങ്ങളിലൂടെ വന്‍ വിജയം നേടി കേന്ദ്രഭരണം പിടിച്ച നരേന്ദ്ര മോദി വരുംതിരഞ്ഞെടുപ്പില്‍ പഴയ തീവ്രഹിന്ദുത്വ വര്‍ഗീയ അജണ്ടയിലേക്കു തന്നെ മടങ്ങുമെന്നു വ്യക്തമായി.
ജമ്മു-കശ്മീര്‍ പഴയപടി ഗവര്‍ണര്‍ ഭരണത്തിലേക്കു മടങ്ങിയെന്ന് ആശ്വസിക്കാവുന്ന സ്ഥിതിയല്ല അവിടെ നിലനില്‍ക്കുന്നത്. 'റൈസിങ് കശ്മീരി'ന്റെ പത്രാധിപരെ പട്ടാപ്പകല്‍ വെടിവച്ചുകൊന്നതും ഈദുല്‍ ഫിത്വ്ര്‍ ആഘോഷിക്കാന്‍ അവധിയില്‍ വീട്ടിലേക്കു പോയ സൈനികനെ തട്ടിക്കൊണ്ടുപോയി വധിച്ചതും ജമ്മു-കശ്മീരിലെ ജനാധിപത്യ സര്‍ക്കാരിന്റെ തകര്‍ച്ചയോടു ചേര്‍ന്നുള്ള സംഭവങ്ങളാണ്. ഗവര്‍ണറുടെ ഉപദേശിഭരണവും രാജ്യത്തെ ഏറ്റവും കൂടുതല്‍ സൈനിക സാന്നിധ്യവും പോരാഞ്ഞ് സൈനിക കമാന്‍ഡോകളെ ഇറക്കിയതും കൊണ്ട് അവിടെ സമാധാനം പുലരില്ല.
നെഹ്‌റു ഗവണ്‍മെന്റ് കശ്മീര്‍ പ്രശ്‌നത്തില്‍ സ്വീകരിച്ച തെറ്റായ നയം തുടരുകയാണ് കേന്ദ്രം ഭരിച്ച ഗവണ്മെന്റുകള്‍ ചെയ്തത്. ഇപ്പോള്‍ ബിജെപിയുടെ കൂടി സംഭാവനയോടെ അത് കൂടുതല്‍ അപകടകരമാവും. 1946 ജനുവരിയില്‍ പാകിസ്താന്‍ കശ്മീരിനെ ആക്രമിച്ചപ്പോള്‍ തെറ്റായ ഉപദേശം സ്വീകരിച്ചാണ് നെഹ്‌റു ഗവണ്മെന്റ് ഐക്യരാഷ്ട്ര സഭയ്ക്ക് പാകിസ്താനെതിരേ പരാതി നല്‍കിയത്. യുഎന്നും പാകിസ്താനും ഇന്ത്യയും ചേര്‍ന്നുള്ള ഒരു ത്രികോണ സാര്‍വദേശീയ തര്‍ക്കപ്രശ്‌നമായി 70 വര്‍ഷമായി കശ്മീര്‍ പ്രശ്‌നം നിലനില്‍ക്കുകയാണ്. യുഎന്‍ പ്രമേയങ്ങളുടെ കുടക്കീഴില്‍ പാകിസ്താന്‍ കശ്മീരിന്റെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടുന്നു.
സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ 'ആയിരം വര്‍ഷം നീളുന്ന കശ്മീരിനു വേണ്ടിയുള്ള യുദ്ധപ്രഖ്യാപന'വും 'ഇന്ത്യയെ കീഴടക്കുക'യെന്ന ഹാഫിസ് സഈദിന്റെ സ്വപ്‌നവും ജമ്മു-കശ്മീരിനെ രാഷ്ട്രീയമായി വേട്ടയാടി. തിരഞ്ഞെടുപ്പ് കൃത്രിമത്തിനെതിരായ പ്രതിഷേധങ്ങള്‍ വളര്‍ന്ന് വിഘടന പ്രക്ഷോഭങ്ങളായി. അവയ്ക്ക് മതപരവും രാഷ്ട്രീയവുമായ പുതിയ മുഖങ്ങള്‍ രൂപപ്പെട്ടു. സങ്കീര്‍ണമായ ഈ അവസ്ഥ നിലനില്‍ക്കെയാണ് ബിജെപി-പിഡിപി പരീക്ഷണം വഴിക്കുവച്ച് കേന്ദ്രം ഭരിക്കുന്ന ബിജെപി തന്നെ തകര്‍ത്തത്.
കശ്മീരിലെ യഥാര്‍ഥ വിഷയം സാമൂഹിക-രാഷ്ട്രീയ പ്രശ്‌നമായിരുന്നു. അതിനെ രാഷ്ട്രീയ-സൈനിക പ്രശ്‌നമാക്കി മാറ്റുന്നതില്‍ കേന്ദ്രത്തിലെ ഭരണാധികാരികള്‍ക്കൊപ്പം പാകിസ്താനും പങ്കുവഹിച്ചു. ഒരുവശത്ത് സ്വതന്ത്ര കശ്മീര്‍ വാദവും അതിര്‍ത്തിക്കപ്പുറത്തുനിന്നു രാഷ്ട്രീയമായും സൈനികമായും അതിനുള്ള പിന്തുണയും വഴി. വികസനവും സാമ്പത്തിക പാക്കേജുകളും നല്‍കി ഹൃദയങ്ങളും തലച്ചോറുകളും പിടിച്ചെടുക്കുക എന്ന സര്‍ക്കാര്‍ നയം പരാജയപ്പെട്ടു. കശ്മീര്‍ ജനത അനിശ്ചിതത്വത്തിലും സുരക്ഷിതത്വ ഭീഷണിയിലുമാണ് കഴിയുന്നത്.
ബിജെപിയുടെ രാഷ്ട്രീയ പാലംവലിയില്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായ ജമ്മു-കശ്മീരില്‍ അവിശ്വാസത്തിന്റെ മഞ്ഞുവീഴ്ചയാണ്. വലിയ പ്രതീക്ഷയാണ് സ്ത്രീകളുടെ മുന്നേറ്റം കാണിച്ച കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കണ്ടത്. അതെല്ലാം തകര്‍ന്നെന്നു മാത്രമല്ല, പകരം ഭയത്തിന്റെ കാര്‍മേഘങ്ങളാണ് ഇന്നു നിറഞ്ഞുനില്‍ക്കുന്നത്. അതില്‍ നിന്ന് ജമ്മു-കശ്മീര്‍ ജനതയെ ഇന്ത്യന്‍ പൗരന്മാരെന്ന നിലയില്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കേണ്ട രാഷ്ട്രീയ ബാധ്യത ആരു നിര്‍വഹിക്കുമെന്ന ചോദ്യമാണ് ഉയര്‍ന്നുനില്‍ക്കുന്നത്. കല്ലെറിഞ്ഞതിന് 11,000 പേരുടെ പേരില്‍ ഉണ്ടായിരുന്ന കേസുകള്‍ മെഹ്ബൂബയുടെ പിഡിപി ഗവണ്മെന്റ് പിന്‍വലിച്ചത് ബിജെപിയെ അസ്വസ്ഥമാക്കിയിരുന്നു. ജനവിധി സൃഷ്ടിച്ച ജനാധിപത്യത്തിന്റെ പാലമാണ് ഭരണത്തിലിരുന്ന് ബിജെപി തകര്‍ത്തത്. പട്ടാളത്തെ കൊണ്ടു മാത്രം ജമ്മു-കശ്മീരില്‍ സമാധാനം ഉണ്ടാക്കാനാകുമോ? അതോ മൂന്നു വര്‍ഷത്തെ ഭരണപങ്കാളിത്തത്തിന്റെ തണലില്‍ ലഡാക്കിലും ജമ്മുവിലും ബിജെപി സൃഷ്ടിച്ച തീവ്രമായ വര്‍ഗീയ ധ്രുവീകരണം സംസ്ഥാനത്തെ രക്ഷിക്കുമോ?
ഒരു പൊതുതിരഞ്ഞെടുപ്പു കൂടി കഴിഞ്ഞ് മുറിവുകളെക്കുറിച്ച് സാവകാശം പര്യാലോചിക്കാമെന്നാവാം പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും ചിന്ത. പക്ഷേ, ജമ്മു-കശ്മീരിലെ ജനങ്ങള്‍ അതുവരെ ക്ഷമിക്കുമെന്ന് സമാധാനിക്കുക പ്രയാസമാണ്. ജമ്മു-കശ്മീരിന്റെ രാഷ്ട്രീയ ചരിത്രം അതല്ല വിളിച്ചുപറയുന്നത്. വിശേഷിച്ച് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണം ഒരു തുടര്‍പ്രതിഭാസമായി നിലനില്‍ക്കുമ്പോള്‍; പട്ടാളവും നിരോധനാജ്ഞയും നിത്യേന കണികണ്ടുണരുമ്പോള്‍. ബിജെപിയില്‍ നിന്നു വികസനത്തിനുള്ള സഹായം ഉണ്ടാകുമെന്നു പ്രതീക്ഷിച്ചാണ് സഖ്യമുണ്ടാക്കിയത്; പക്ഷേ, അതുണ്ടായില്ല എന്ന് മെഹ്ബൂബ മുഫ്തി തന്നെ പറയുമ്പോള്‍.                     ി

(വള്ളിക്കുന്ന്ഓണ്‍ലൈന്‍.
വേര്‍ഡ്പ്രസ്.കോം)
Next Story

RELATED STORIES

Share it