Pathanamthitta local

വര്‍ഗീയതയും ദലിത് വേട്ടയും രാജ്യത്തിന് കടുത്ത അപമാനം: മുഖ്യമന്ത്രി

റാന്നി: വര്‍ഗീയതും ദലിത് വേട്ടയും കാരണം ലോകത്തിനു മുന്നില്‍ ഇന്ത്യയ്ക്ക് കടുത്ത അപമാനം നേരിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.പമ്പാ മണല്‍പുറത്ത് 23ാമത് മാടമണ്‍ ശ്രീനാരായണ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്ത് കൊല്ലം മുന്‍പ് രാജ്യത്തിനു കിട്ടിയ ആദരവും സ്വീകാര്യതയും ഇന്നില്ല. കെട്ടഴിച്ചുവിട്ട വര്‍ഗീയത കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളാണ് വിദേശരാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് അപമാനമുണ്ടാക്കുന്നത്. പശുവിന്റെ കൊമ്പില്‍ റേഡിയേഷനുണ്ടെന്നും ചാണകത്തില്‍ പ്ലൂട്ടോണിയത്തിന്റെ അംശങ്ങളുണ്ടെന്നും ഗോമൂത്രം കുടിച്ചാല്‍ കാന്‍സര്‍ മാറുമെന്നുമൊക്ക അശാസ്ത്രീയ പ്രചരണങ്ങള്‍ സമൂഹത്തിലും സോഷ്യല്‍ മീഡിയയിലും അഴിച്ചു വിടുന്നു. രാജ്യത്ത് ഇന്ന് അധികാരം കൈയാളുന്നവരാണ് ഇതു പ്രചരിപ്പിക്കുന്നത്. ഇന്ത്യാക്കാരെ പ്രാകൃതരായി ലോകരാജ്യങ്ങള്‍ ചിത്രീകരിക്കാന്‍ ഇതൊക്ക ധാരാളമാണ്. ബാബറി തകര്‍ച്ചയും ഗുജറാത്ത് കലാപവും അന്ധവിശ്വാസങ്ങളും രാജ്യത്തിന്റെ മുഖം വികൃതമാക്കി. വര്‍ഗീയ ശക്തികളുടെ വിഷക്കാറ്റില്‍ ആധുനിക കേരളം ഉലയുന്നുണ്ട്. പുരോഗമന ശക്തികളെ നെഞ്ചേറ്റി നിന്ന കേരളത്തിന്റെ അടിത്തറയ്ക്ക് ഇളക്കം തട്ടിയാല്‍ സമസ്ത നന്‍മകളും തകരും. ഇതിനെതിരായ പ്രതിരോധ മുന്നണി സാംസ്‌കാരിക രംഗത്ത് കെട്ടിപ്പടുക്കണം. ഗുരു കേരളത്തിനു നല്‍കിയ ആശയസംഹിതയാണ് അതിന് ആധാരമാകേണ്ടത്. അവസാന ദശകങ്ങളില്‍ ഗുരു വിഗ്രഹാരാധനയെ എതിര്‍ക്കുകയും ജാതിയേയും മതങ്ങളെയും തളളിക്കളയുകയും ചെയ്തു. മത നിരപേക്ഷമായ ഗുരുവിന്റെ ദര്‍ശനങ്ങള്‍ വ്യാപിപ്പിക്കണം. അതിനുളള വേദികളാണ് കണ്‍വെന്‍ഷനുകളെന്ന് പിണറായി വിജയന്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ രാജു ഏബ്രഹാം, വീണാ ജോര്‍ജ്, യോഗം കണ്‍വീനര്‍ കെ പത്മകുമാര്‍, സിപിഎം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, സിപിഐ ജില്ലാ സെക്രട്ടറി ഏ പി ജയന്‍, യോഗം കൗണ്‍സിലര്‍ ടി പി സുന്ദരേശന്‍, പി എസ് മോഹനന്‍, സൂസന്‍ അലക്‌സ്,ചിഞ്ചു അനില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it