വരാപ്പുഴ കേസ്: അറസ്റ്റിലായ പോലിസുകാരന്‍ റിമാന്‍ഡില്‍

കൊച്ചി: വരാപ്പുഴയില്‍ പോലിസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിച്ച ശ്രീജിത്തിന്റെ ബന്ധുക്കളില്‍ നിന്നു കൈക്കൂലി വാങ്ങിയ കേസില്‍ അറസ്റ്റിലായ പോലിസുകാരനെ റിമാന്‍ഡ് ചെയ്തു. പറവൂര്‍ മുന്‍ സിഐ ക്രിസ്പിന്‍ സാമിന്റെ ഡ്രൈവറായിരുന്ന പ്രദീപ് കുമാറിനെയാണ് അടുത്ത മാസം 7 വരെ കോടതി റിമാന്‍ഡ് ചെയ്തത്.
വരാപ്പുഴയില്‍ വാസുദേവന്റെ വീടാക്രമണ കേസുമായി ബന്ധപ്പെട്ട് പോലിസ് കസ്റ്റഡിയില്‍ എടുത്ത ശ്രീജിത്തിനെ കേസില്‍ നിന്ന് ഒഴിവാക്കാനും ചികില്‍സയ്ക്കായി ആശുപത്രിയില്‍ എത്തിക്കാമെന്നും പറഞ്ഞാണ് ഇയാള്‍ പണം വാങ്ങിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ശ്രീജിത്തിന്റെ ഭാര്യ അഖിലയുടെ പിതാവ് പ്രദീപിന്റെ കൈയില്‍ നിന്നാണ് പ്രദീപ് കുമാര്‍ കൈക്കൂലി വാങ്ങിയത്. 25,000 രൂപയാണ് ആവശ്യപ്പെട്ടത്. ഇതില്‍ 15,000 രൂപ മുന്‍കൂറായി വാങ്ങി.
സിഐ ക്രിസ്പിന്‍ സാമിന്റെ പേരു പറഞ്ഞ് ഏപ്രില്‍ 7നായിരുന്നു പണം വാങ്ങിയത്. എന്നാല്‍, കസ്റ്റഡിയിലിരിക്കെ മര്‍ദനമേറ്റ ശ്രീജിത്ത് ഏപ്രില്‍ 9ന് മരിച്ചു. തുടര്‍ന്ന് രണ്ടാഴ്ചയ്ക്കു ശേഷം അതേ ബന്ധുവിന്റെ കൈവശം 15,000 രൂപ തിരികെ നല്‍കിയെന്നും അന്വേഷണസംഘം കണ്ടെത്തി. പ്രദീപ് കുമാര്‍ കൈക്കൂലി വാങ്ങിയെന്നത് സ്ഥിരീകരിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. അഖിലയുടെ ഭാര്യാപിതാവ്, ഒരു ബന്ധു, ഇടനിലക്കാരനായ ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ തുടങ്ങിയവരാണ് കേസിലെ സാക്ഷികള്‍.
Next Story

RELATED STORIES

Share it