ernakulam local

വരാപ്പുഴയില്‍ അടി തെറ്റി, ഒടുവില്‍ ജോര്‍ജ് പുറത്ത്‌

കൊച്ചി: വരാപ്പുഴയില്‍ പോലിസ് കസ്റ്റഡിയില്‍ക്രൂരമായ മര്‍ദനത്തിനിരയായി ദേവസ്വംപാടം ഷേണായി പറമ്പില്‍ വീട്ടില്‍ രാമകൃഷ്ണന്റെ മകന്‍ എസ് ആര്‍ ശ്രീജിത്ത്(29) മരിച്ചപ്പോള്‍ മുതല്‍ ആലുവ റൂറല്‍ എസ്പിയായിരുന്ന എ വി ജോര്‍ജ് പ്രതിക്കൂട്ടിലായിരുന്നു.
എസ്പിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്ന റൂറല്‍ ടൈഗര്‍ ഫോഴ്‌സ് (ആര്‍ടിഎഫ്) ഉദ്യോഗസ്ഥരാണ് ശ്രീജിത്തിനെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. വീടുമുതല്‍ പോലിസ് വാഹനത്തില്‍ കയറ്റുന്നതുവരെ ശ്രീജിത്തിനെ മര്‍ദ്ദിച്ചുവെന്ന് വീട്ടുകാരും അയല്‍വാസിയും മൊഴി നല്‍കിയിരുന്നു. ഇതുകൊണ്ട് സംഭവത്തില്‍നിന്ന് ഒഴിഞ്ഞു മാറാന്‍ എ വി ജോര്‍ജിനു സാധിക്കില്ലെന്നു ആദ്യഘട്ടത്തില്‍ തന്നെ വ്യക്തമായിരുന്നു.
പക്ഷേ പ്രത്യേക അന്വേഷണ സംഘം കേസ് എറ്റെടുത്തിട്ടു പോലും ജോര്‍ജിനെതിരേ നടപടി വൈകിയതോടെ ജോര്‍ജിന്റെ ഉന്നത രാഷ്ട്രീയ സ്വാധീനമാണ് ഇതിന് കാരണമെന്നായിരുന്നു ആക്ഷേപം ഉയര്‍ന്നിരുന്നത്.
ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് പോലിസുകാരടക്കം ജോര്‍ജിനെതിരേ മൊഴി നല്‍കിയിരുന്നുവെന്ന വിവരം പുറത്തു വന്നിരുന്നു. എന്നിട്ടും ജോര്‍ജിനെതിരേ നടപടിയുണ്ടായിരുന്നില്ല.
ജോര്‍ജിനെതിരേ ആരോപണം ശക്തമായതോടെ ആലുവ റൂറല്‍ എസ്പി സ്ഥാനത്ത് നിന്നും സ്ഥലം മാറ്റി തലയൂരാന്‍ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. തൃശൂര്‍ പോലിസ് അക്കാദമിയിലേക്ക് എ വി ജോര്‍ജ് മാറ്റിയതിനു പിന്നാലെ തുടരെ തുടരെ മുന്‍ എസ്പിക്കെതിരേ കൂടുതല്‍ ആരോപണങ്ങള്‍ വന്നുകൊണ്ടിരുന്നു ശ്രീജിത് കസ്റ്റഡിയില്‍ മരിച്ച് ഒരു മാസം പിന്നിട്ടതിനു ശേഷമാണ് ജോര്‍ജിനെ അന്വേഷണ സംഘം ശരിയായ വിധത്തില്‍ ചോദ്യം ചെയ്യാന്‍ പോലും തയാറായത്. അതും ശ്രീജിത്തിന്റെ കുടുംബത്തിന്റെയും വിവിധ രാഷ്ട്രീയ പാര്‍ടികളുടെയും നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന്.
കഴിഞ്ഞ ദിവസമായിരുന്നു ചോദ്യം ചെയ്യല്‍. അതിനു ശേഷം അന്വേഷണ സംഘം എ വി ജോര്‍ജിന്റെ വീഴ്്ചകള്‍ അക്കമിട്ടു നിരത്തി ഇന്നലെ റിപോര്‍ട്ട് കൊടുത്തതോടെയാണ് സര്‍ക്കാര്‍ ജോര്‍ജിനെ സസ്‌പെന്റു ചെയ്യാന്‍ തയാറായത്. വരാപ്പഴ കസ്റ്റഡി മരണം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം മുഖ്യപ്രചരണ ആയുധമാക്കിയതോടെ ഇതിനെ നേരിടാന്‍ ജോര്‍ജിനെ സസ്‌പെന്റു ചെയ്യുകയല്ലാതെ സര്‍ക്കാരിന് മറ്റു മാര്‍ഗമില്ലാതായി.
വരാപ്പുഴ ദേവസ്വം പാടം സ്വദേശി വാസുദേവന്റെ വീടാക്രമണക്കേസില്‍ യഥാര്‍ഥ പ്രതികളെയാണ് അറസ്റ്റു ചെയ്തതെന്നും പോലിസിനു തെറ്റുപ്പറ്റിയിട്ടില്ലെന്നും ന്യായീകരിച്ച കൊണ്ടിരുന്ന എ വി ജോര്‍ജിന് ആദ്യ തിരിച്ചടി ലഭിച്ചത് അന്വേഷണ സംഘം സമര്‍പ്പിച്ച പ്രാഥമിക റിപോര്‍ട്ടിലാണ്. പ്രാഥമിക റിപോര്‍ട്ട് സംസ്ഥാന പോലിസ് മേധാവിക്കു കൊടുത്തപ്പോള്‍ എസ്പിക്കു വീഴ്ചയുണ്ടായെന്നു രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
മര്‍ദനമേറ്റു വേദനയില്‍ കഴിയുമ്പോള്‍ പോലും ശ്രീജിത്തിനു ചികില്‍സ നല്‍കുന്നതില്‍ തന്റെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ക്കു ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടും എസ്പി നടപടിയെടുക്കാത്തത്ത് അന്വേഷണ സംഘം റിപോര്‍ടില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും അറിയുന്നു.
Next Story

RELATED STORIES

Share it