വരവില്‍ കവിഞ്ഞ സ്വത്ത്; മുന്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ ശിക്ഷിച്ചു

തിരുവനന്തപുരം: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ തൃശൂര്‍ എംവിഐ ആയിരുന്ന പി സുബ്രഹ്മണ്യനെ കോഴിക്കോട് എന്‍ക്വയറി കമ്മീഷനര്‍ ആന്റ് സ്‌പെഷ്യല്‍ ജഡ്ജി (വിജിലന്‍സ്) ശിക്ഷിച്ചു. തൃശൂര്‍ മുന്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കോഴിക്കോട് ഫറോക്ക് സ്‌നേ ഹം”വീട്ടില്‍ പി സുബ്രഹ്മണ്യനെയാണ് നാലു വര്‍ഷം തടവിനും 22.6 ലക്ഷം രൂപ പിഴയൊടുക്കുന്നതിനും അനധികൃതമായി സമ്പാദിച്ച 36.5 സെന്റ് വസ്തു കണ്ടുകെട്ടുന്നതിനും കോടതി വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു.
പി സുബ്രഹ്മണ്യന്‍ കേരള മോട്ടോര്‍ വെഹിക്കിള്‍സ് വകുപ്പില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായും ജോലി നോക്കിവന്ന 1993 മുതല്‍ 2003 വരെയുള്ള കാലയളവില്‍ നിയമാനുസൃതമായ വരുമാനത്തില്‍ കവിഞ്ഞ് സ്വന്തം പേരിലും ഭാര്യാസഹോദരനായ രവീന്ദ്രന്റെ പേരിലും അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലന്‍സ് കേസ്.
ബിനാമിയായ രവീന്ദ്രന്റെ പേരില്‍ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ 20.5 സെന്റ് സ്ഥലം വാങ്ങുകയും കോഴിക്കോട് ജില്ലയിലെ ഫറോക്കില്‍ 16 സെന്റ് സ്ഥലം വാങ്ങി 3000 അടി വിസ്തീര്‍ണമുള്ള വീട് നിര്‍മിക്കുകയും ചെയ്തതായി സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞു. ഇവ കണ്ടുകെട്ടുന്നതിനും കോടതി ഉത്തരവിട്ടു.
കോഴിക്കോട് എന്‍ക്വയറി കമ്മീഷണര്‍ ആന്റ് സ്‌പെഷ്യ ല്‍ കോടതി ജഡ്ജി കെ വി ജയകുമാറാണ് ശിക്ഷ വിധിച്ചത്. കോഴിക്കോട് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ മുന്‍ പോലിസ് സൂപ്രണ്ട് ബാലകൃഷ്ണക്കുറുപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡിവൈഎസ്പി ജി സാബുവാണ് അന്വേഷണം പൂര്‍ത്തിയാക്കി പ്രതിയുടെ പേരില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി 135 സാക്ഷികളെ വിസ്തരിക്കുകയും 451 രേഖകള്‍ പരിശോധിക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി വിജിലന്‍സ് അഡീഷനല്‍ ലീഗല്‍ അഡൈ്വസര്‍ ഒ ശശി ഹാജരായി.

Next Story

RELATED STORIES

Share it