Flash News

വരവറിയിച്ച് ചെമ്പട; മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സമനില

വരവറിയിച്ച് ചെമ്പട; മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സമനില
X


ലണ്ടന്‍:  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പുത്തന്‍ സീസണിന് മുന്നോടിയായുള്ള സൗഹൃദ പോരാട്ടത്തില്‍ ലിവര്‍പൂള്‍ ജയിച്ച് കയറിയപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സമനിലപ്പൂട്ട്. ഇംഗ്ലീഷ് ക്ലബ്ബായ ബ്ലാക്ക്ബൂണിനെ മടക്കമില്ലാത്ത രണ്ട് ഗോളിന് ചെമ്പട മുട്ടുകുത്തിച്ചപ്പോള്‍ മെക്‌സിക്കന്‍ ക്ലബ്ബായ ക്ലബ്ബ് അമേരിക്ക യുനൈറ്റഡിനെ 1-1 സമനിലയില്‍ തളച്ചിടുകയായിരുന്നു.
ഇംഗ്ലണ്ട് താരം ലീ ഗ്രാന്റ്, സ്പാനിഷ് താരം ആന്‍ഡര്‍ ഹെരീറ, ഫ്രഞ്ച് താരം അന്തോണി മാര്‍ഷ്യല്‍, സ്പാനിഷ് താരം ജുവാന്‍ മാറ്റ, ബ്രസീല്‍ താരം ആന്‍ഡ്രിയാസ് പെരെയ്‌റ, ഇക്വഡോര്‍ താരം അന്റോണിയോ വലന്‍സിയ തുടങ്ങിയ പ്രമുഖ താരങ്ങളെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ജോസ് മൊറീഞ്ഞോയുടെ ശിഷ്യഗണങ്ങള്‍ പോരിനിറങ്ങിയത്. പ്രീമിര്‍ ലീഗിന്റെ അവസാന സീസണില്‍ രണ്ടാം സ്ഥാനക്കാരായി പോരാട്ടം അവസാനിപ്പിച്ച യുനൈറ്റഡിന് പക്ഷേ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ആദ്യ പകുതിയില്‍ യുനൈറ്റഡിനെ ഗോള്‍രഹിത സമനിലയില്‍ പൂട്ടിയിട്ട ക്ലബ്ബ് അമേരിക്ക രണ്ടാം പകുതിയില്‍ ആദ്യം ലീഡുമെടുത്തു. 59ാം മിനിറ്റില്‍ ഹെന്റി ജോസി മാര്‍ട്ടിന്‍ മെക്‌സാണ് മെക്‌സിക്കോയ്ക്ക് വേണ്ടി വലകുലുക്കിയത്. പിന്നീട് സമനിലയ്ക്കായി പൊരുതിക്കളിച്ച യുനൈറ്റഡിന് 78ാം മിനിറ്റില്‍ മാറ്റ സമനില നേടിക്കൊടുക്കുകയായിരുന്നു. പിന്നീട് ഗോള്‍ അകന്ന് നിന്നതോടെ ഇരു കൂട്ടരും 1-1 സമനില പങ്കിട്ട് കളം വിടുകയായിരുന്നു. സമനില നേടിയെങ്കിലും പുതിയ സീസണിന് മുന്നോടിയായി കൂടുതല്‍ പടയൊരുക്കം വേണമെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു യുനൈറ്റഡിന്റേത്. പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന മല്‍സരത്തില്‍ ലെസ്റ്റര്‍ സിറ്റിയെയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നേരിടുന്നത്.

ലിവര്‍പൂളിന് ജയം

അവസാന സീസണില്‍ കൈയടി നേടിയ പ്രകടനം പുറത്തെടുത്തെങ്കിലും കിരീടത്തിലേക്ക് എത്താന്‍ കഴിയാതിരുന്ന ലിവര്‍പൂള്‍ ഇത്തവണ ഒരുങ്ങിത്തന്നെയാണിറങ്ങുന്നത്. അത് തെളിയിക്കുന്ന പ്രകടനമായിരുന്നു സൗഹൃദ മല്‍സരത്തില്‍ ലിവര്‍പൂള്‍ കാഴ്ചവച്ചത്. കാമറൂണ്‍ താരം ജോയല്‍ മാറ്റിപ്, ഇംഗ്ലണ്ട് താരം ആദം ലല്ലന, നെതര്‍ലന്‍ഡ് താരം വിര്‍ജില്‍ വാന്‍ ഡിജിക്ക്, ഇംഗ്ലണ്ട് താരം ഡാനിയല്‍ സ്റ്ററിഡ്ജ് എന്നീ പ്രമുഖ താരങ്ങളെയെല്ലാം ക്ലോപ് കളത്തിലിറക്കി. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ 63ാം മിനിറ്റില്‍ ലാസര്‍ മാര്‍ക്കോവിക്കും 73ാം മിനിറ്റില്‍ സ്റ്ററിഡ്ജുമാണ് ലിവര്‍പൂളിന് വേണ്ടി ലക്ഷ്യം കണ്ടെത്തിയത്. സൂപ്പര്‍ താരങ്ങളായ റോബര്‍ട്ടോ ഫിര്‍മിനോ, മുഹമ്മദ് സലാഹ്, സാദിയോ മാനെ എന്നിവരോടൊപ്പം മധ്യനിരയിലേക്ക് സ്വിസ് താരം ഷെര്‍ദാര്‍ ഷാക്കിരിയും ഗോള്‍കീപ്പറായി ബ്രസീലിന്റെ അലിസണ്‍ ബെക്കറും എത്തുന്നതോടെ ഇത്തവണ ഇംഗ്ലീഷ് രാജാക്കന്‍മാരാവാം എന്ന പ്രതീക്ഷയിലാണ് ക്ലോപും സംഘവുമുള്ളത്.
Next Story

RELATED STORIES

Share it