വരള്‍ച്ച യാഥാര്‍ഥ്യമെന്ന് നമ്മള്‍ തിരിച്ചറിയണം: പി സദാശിവം

തിരുവനന്തപുരം: വരള്‍ച്ച ഒരു യാഥാര്‍ഥ്യമാണെന്നു നാം തിരിച്ചറിയണമെന്നും ജലസംരക്ഷണത്തിനുള്ള ശ്രമങ്ങള്‍ വീടുകള്‍ മുതല്‍ ആരംഭിക്കണമെന്നും ഗവര്‍ണര്‍ പി സദാശിവം. ജലവിഭവ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക ജലദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുദ്ധജലം ലഭിക്കുകയെന്ന അവകാശം ദിനംതോറും നഷ്ടമാവുകയാണ്. ഇന്നത്തെ കാലത്തെ പ്രധാന പ്രതിസന്ധികളായ കാലാവസ്ഥാ വ്യതിയാനം, ആരോഗ്യപ്രശ്‌നങ്ങള്‍, ദാരിദ്ര്യം, ഭക്ഷ്യസുരക്ഷ തുടങ്ങിയവയ്‌ക്കെല്ലാം ജലലഭ്യതയുമായി ബന്ധമുണ്ട്.
ഇത്രയധികം നദികളും ജലാശയങ്ങളും ദേശീയ ശരാശരിയേക്കാള്‍ മഴയുമുള്ള കേരളത്തില്‍ വരെ കാലാവസ്ഥാ വ്യതിയാനത്തിനും ജലലഭ്യത കുറയുന്നതിനും അശാസ്ത്രീയമായ മനുഷ്യ ഇടപെടലുകള്‍ കാരണമാവുന്നുണ്ട്.
രാജ്ഭവനില്‍ കുപ്പിവെള്ളം ഉപയോഗിക്കരുതെന്നു നിര്‍ദേശിച്ചിട്ടുണ്ട്. ജലം ജനങ്ങളുടെ വിഭവമാണെന്നും വില്‍പനച്ചരക്കല്ലെന്നും സന്ദേശം നല്‍കാനാണ് അങ്ങനെ ചെയ്തത്. കേരളത്തിലുള്ളവര്‍ വിദ്യാസമ്പന്നരാണെങ്കിലും നന്നായി കൃഷിചെയ്യാന്‍ ഇനിയും പഠിക്കാനുണ്ട്. ഹരിതകേരളം മിഷന്‍ മികച്ച പ്രവര്‍ത്തനമാണ് ജലസ്രോതസ്സുകളുടെ പുനരുജ്ജീവനത്തിന് നടത്തുന്നത്. മഴവെള്ള സംരക്ഷണത്തിനും അവബോധം വര്‍ധിച്ചിട്ടുണ്ട്. നിര്‍മാണങ്ങള്‍ നടത്തുമ്പോള്‍ മഴവെള്ള സംരക്ഷണത്തിനുള്ള സംവിധാനമൊരുക്കാന്‍ നിയമങ്ങള്‍ കര്‍ശനമാക്കണം- ഗവര്‍ണര്‍ പറഞ്ഞു.
ജലച്ചോര്‍ച്ച പൈപ്പിലായാലും വീട്ടിലായാലും ഓഫിസിലായാലും സാമൂഹിക കുറ്റകൃത്യമായി കണക്കാക്കണം. ഇത്തരത്തില്‍ ചോര്‍ച്ച കണ്ടാല്‍ അതൊഴിവാക്കാന്‍ ശ്രമിക്കണം. വ്യവസായങ്ങള്‍ ജലസംസ്‌കരണത്തിനും പുനരുപയോഗത്തിനും സൗകര്യങ്ങളൊരുക്കണം. ജനങ്ങളില്‍ ഇത്തരത്തിലുള്ള അവബോധമുണ്ടാക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് മികച്ച പങ്കു വഹിക്കാനാവുമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. ജലവിഭവമന്ത്രി മാത്യു ടി തോമസ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് മന്ത്രി ജലദിനപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Next Story

RELATED STORIES

Share it