Alappuzha local

വരള്‍ച്ച: കുടിവെള്ള വിതരണത്തിന് നടപടി തുടങ്ങി



ആലപ്പുഴ: വരള്‍ച്ച രൂക്ഷമായ സ്ഥലങ്ങളില്‍ കിയോസ്‌കുകളിലൂടെയും ദുര്‍ഘടമായ സ്ഥലങ്ങളില്‍ ടാങ്കര്‍ വഴിയും കുടിവെള്ളം വിതരണം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ വീണ എന്‍ മാധവനാണ് ഇക്കാര്യം അറിയിച്ചത്.
ടാങ്കറുകളുടെ നിരക്ക് നിശ്ചയിക്കുന്നതിനുള്ള നടപടികള്‍ താലൂക്ക് തലത്തില്‍ ആരംഭിച്ചതായും കൈനകരി ഗ്രാമപ്പഞ്ചായത്തില്‍ വള്ളത്തിലും മറ്റും കുടിവെള്ളം എത്തിച്ചതായും കലക്ടര്‍ പറഞ്ഞു. കുടിവെള്ളവിതരണത്തിന് പാലിക്കേണ്ട നിബന്ധനകള്‍ സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും ഇതനുസരിച്ച് വിതരണം ചെയ്യുമെന്നും കലക്ടര്‍ പറഞ്ഞു. ജില്ലയിലെ കുടിവെള്ളം സംബന്ധിച്ച പരാതികള്‍ അറിയിക്കുന്നതിന് കണ്‍ട്രോള്‍ റൂം ആരംഭിച്ചതായി വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
എടത്വ- മാമ്പുഴക്കരി റോഡിന്റെ അറ്റകുറ്റപ്പണിക്കായി 10 ലക്ഷം രൂപയുടെയും കുന്നംകരി- കുമരംകരി റോഡിനായി അഞ്ചു ലക്ഷം രൂപയുടെയും എസ്റ്റിമേറ്റ് തയ്യാറാക്കി അടിയന്തര പ്രവൃത്തിക്കായി നടപടി സ്വീകരിച്ചെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. ഈ റോഡുകള്‍ ആധുനിക രീതിയില്‍ പുനര്‍നിര്‍മിക്കുന്നതിന് യഥാക്രമം 20 കോടി രൂപയുടെയും ആറു കോടിയുടെയും ബജറ്റ് പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും എക്‌സി. എന്‍ജിനീയര്‍ പറഞ്ഞു. ചേര്‍ത്തല ഇരമ്പുപാലം പുനര്‍നിര്‍മ്മിക്കുന്നതിനായി രണ്ടു കോടി രൂപ ബജറ്റില്‍ വകയിരുത്താന്‍ പദ്ധതി സമര്‍പ്പിച്ചു.
ആലപ്പുഴ ബോട്ട് ജെട്ടിയുടെ ആഴം കൂട്ടുന്നതിനുള്ള പദ്ധതിക്ക് അടുത്തയാഴ്ച അനുമതി നല്‍കുമെന്ന് ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. ആലപ്പുള നഗരസഭയിലെ എല്‍ഇഡി ലൈറ്റ് സ്ഥാപിക്കുന്ന പദ്ധതി ഉടന്‍ പൂര്‍ത്തീകരിച്ച് മീറ്ററുകള്‍ ഉടന്‍ സ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുന്നതിന് കെഎസ്ഇബിക്ക് യോഗം നിര്‍ദേശം നല്‍കി.
ആലപ്പുഴ നഗരത്തിലും തണ്ണീര്‍മുക്കം- മുഹമ്മ റോഡിലും ബസ് സ്റ്റോപ്പുകളില്‍ ഒരേ സമയം ഇരുവശത്തേ്ക്കുള്ള ബസ്സുകള്‍ നിര്‍ത്തി ഗതാഗത തടസം സൃഷ്ടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലിസ് മേധാവി അറിയിച്ചു. ജില്ലാ പ്ലാനിങ് ഓഫിസര്‍ എന്‍ കെ രാജേന്ദ്രന്‍, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it