വരള്‍ച്ചാ പ്രതിരോധം: മുടങ്ങിക്കിടക്കുന്ന ജല പദ്ധതികള്‍ പൂര്‍ത്തിയാക്കണം

തിരുവനന്തപുരം: മുടങ്ങിക്കിടക്കുന്ന കുടിവെള്ള പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുമെന്നു ജലവിഭവ മന്ത്രി മാത്യു ടി തോമസ്. അണക്കെട്ടുകളില്‍ നിലവില്‍ മൂന്നു മാസത്തേക്കുള്ള വെള്ളമുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും റവന്യൂ, ജലവകുപ്പുകളുടെ സംയുക്ത യോഗം വിലയിരുത്തി.
20ലധികം കുടിവെള്ള പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാനാണു ജലവിഭവ വകുപ്പിന്റെ നീക്കം. ഔപചാരിക ഉദ്ഘാടനത്തിനു കാത്തുനില്‍ക്കാതെ പൂര്‍ത്തീകരിച്ച ജലവിതരണ പദ്ധതികളില്‍ നിന്ന് ആവശ്യമായ മേഖലകളില്‍ ജലമെത്തിക്കാനും മന്ത്രി കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ റവന്യൂ, ജലവിഭവ മന്ത്രിമാര്‍ എല്ലാ ജില്ലാ കലക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മന്ത്രിയുടെ നിര്‍ദേശം.പാലക്കാടും മലപ്പുറവും രൂക്ഷമായ വരള്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നു വിലയിരുത്തി. പറമ്പിക്കുളം-ആളിയാര്‍ പദ്ധതിയില്‍ നിന്നും കൂടുതല്‍ വെള്ളമെത്തിക്കും. ഇതിനായി തമിഴ്‌നാടുമായി അഡീഷനല്‍ ചീഫ് സെക്രട്ടറി തലത്തില്‍ ചര്‍ച്ച നടത്താനും തീരുമാനിച്ചു. ഡാമുകളില്‍ നിലവില്‍ ജലനിരപ്പ് ഉയര്‍ന്നുതന്നെയാണ് മന്ത്രി അറിയിച്ചു.
അണക്കെട്ടുകളില്‍ കഴിഞ്ഞ തവണത്തേക്കാള്‍ അഞ്ചിരട്ടി വെള്ളമുണ്ടെന്നും ആശങ്കപ്പെടേണ്ടെന്നും അദ്ദേഹം അറിയിച്ചു. കുടിവെള്ളം സംഭരിക്കാനുള്ള സ്രോതസ്സുകളും വിതരണം ചെയ്യാനുള്ള സംവധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ജല വിതരണം കൃത്യമായി നിര്‍വഹിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ജല സംരക്ഷണ നിയമത്തിലെ പുതിയ വ്യവസ്ഥകള്‍ പ്രകാരം ജലസ്രോതസ്സുകള്‍ മലിനപ്പെടുത്തുന്നതു മൂന്നുവര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയും വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം നിയമ ലംഘനങ്ങളില്‍ കലക്ടര്‍മാര്‍ക്ക് കര്‍ശന നടപടി സ്വീകരിക്കാം.
Next Story

RELATED STORIES

Share it