Flash News

വരള്‍ച്ചയുടെ തീവ്രത വര്‍ധിച്ചു : നാളികേര ഉല്‍പാദനം 6.22% കുറയുമെന്ന് സര്‍വേ



കൊച്ചി: ഇന്ത്യയിലെ 2016 -17 കാര്‍ഷിക വര്‍ഷത്തിലെ നാളികേര ഉല്‍പാദനം പോയ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 6.22 ശതമാനം കുറയുമെന്ന് നാളികേര വികസന ബോര്‍ഡ് നടത്തിയ സര്‍വേഫലങ്ങള്‍ വ്യക്തമാക്കുന്നു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെയും വടക്കുകിഴക്കന്‍ മണ്‍സൂണിന്റെയും ലഭ്യതയില്‍ അനുഭവപ്പെട്ട കുറവാണ് ഉല്‍പാദനത്തെ ബാധിച്ചിരിക്കുന്നത്. നാളികേരമേഖല ഭൂരിഭാഗവും മഴയെ ആശ്രയിച്ചുള്ള കൃഷി മാത്രം ആയതിനാല്‍ വരള്‍ച്ചയുടെ തീവ്രത കൂടുതല്‍ അനുഭവപ്പെട്ടത്  ഉയര്‍ന്ന ഉല്‍പാദനക്കുറവിന് കാരണമായി. ഈ വര്‍ഷത്തെ ഇന്ത്യയിലെ ഉല്‍പാദനം 20,789 ദശലക്ഷം നാളികേരം ആയിരിക്കും എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.  പ്രധാന നാളികേരോല്‍പാദന സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍, ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് പഠനം നടത്തിയത്. പശ്ചിമബംഗാള്‍, മഹാരാഷ്ട്ര  ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും ഉല്‍പാദന തോത് കുറയുന്നതായാണ് കാണുന്നത്. പശ്ചിമ ബംഗാളില്‍ 3.96 ശതമാനം വര്‍ധന കാണിക്കുമ്പോള്‍ മഹാരാഷ്ട്രയിലെ വര്‍ധന കേവലം 0.37 ശതമാനമാണ്. ആന്ധ്രപ്രദേശില്‍ 0.81 ശതമാനത്തിന്റെ നാമമാത്രമായ കുറവാണ് നിര്‍ണയിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ 2013ലും 2014ലും സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടായ കൊടുങ്കാറ്റുകളുടെ ഫലമായി വന്‍തോതില്‍ ഇടിഞ്ഞ നാളികേര ഉല്‍പാദനം പൂര്‍വസ്ഥിതി പ്രാപിക്കുന്നു എന്നത് ശുഭോദര്‍ക്കമാണ്. ഗുജറാത്തിലും ഒഡീഷയിലുമാണ് യഥാക്രമം 15.86 ശതമാനത്തിന്റെയും 10.38 ശതമാനത്തിന്റെയും ഉയര്‍ന്ന ഉല്‍പാദനക്കുറവ് കാണിക്കുന്നത്. രാജ്യത്തെ ആകെ ഉല്‍പാദനത്തിന്റെ 91 ശതമാനവും സംഭാവന ചെയ്യുന്ന കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ യഥാക്രമം 8.47, 5.85, 5.17, 0.81 ശതമാനത്തിന്റെ ഉല്‍പാദനക്കുറവാണ് സര്‍വേ ഫലങ്ങളില്‍ വ്യക്തമാവുന്നത്. സര്‍േവ ഫലപ്രകാരം ഏറ്റവും കൂടുതല്‍ നാളികേര ഉല്‍പാദനക്ഷമത രേഖപ്പെടുത്തിയിരിക്കുന്നത് ആന്ധ്രപ്രദേശിലും ഏറ്റവും കുറവ് ഒഡീഷയിലുമാണ്. ആന്ധ്രയില്‍ ഹെക്ടറിന് 13,617 നാളികേരവും ഒഡീഷയില്‍ ഹെക്ടറിനു 5782 നാളികേരവുമാണ് ഉല്‍പാദനക്ഷമത. കേരളത്തിലെ കോഴിക്കോട്, മലപ്പുറം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഉല്‍പാദനക്ഷമത ദേശീയ ശരാശരിക്ക് തുല്യമോ മുകളിലോ ആണ്. കേരളത്തില്‍ ഉല്‍പാദനക്ഷമതയുടെ കാര്യത്തില്‍ കോഴിക്കോട് ജില്ലയാണ് മുന്‍പന്തിയില്‍. ഹെക്ടറില്‍ 11,972 നാളികേരമാണ് ജില്ലയിലെ ശരാശരി ഉല്‍പാദനം. മലപ്പുറവും (11840 നാളികേരം), തൃശൂരും (11218 നാളികേരം) ആണ് തൊട്ടു പിറകില്‍. ഏറ്റവും കുറവ് ഉല്‍പാദനക്ഷമത  രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലാണ്.
Next Story

RELATED STORIES

Share it