Idukki local

വയോധികയുടെ ഭൂമി ഗ്രാമപ്പഞ്ചായത്ത് തട്ടിയെടുത്തതായി ആരോപണം

തൊടുപുഴ: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതിലുള്ള രാഷ്ട്രിയവിരോധം തീര്‍ക്കാന്‍ ഒറ്റയ്ക്കു താമസിക്കുന്ന അവിവാഹിതയായ സ്ത്രീയുടെ കൈവശഭൂമി   ഗ്രാമപ്പഞ്ചായത്ത് തട്ടിയെടുത്തതായി ആരോപണം. കുണിഞ്ഞി കച്ചേരിപ്പടവില്‍ സിസിലി മാത്യു(68)വാണ് പുറപ്പുഴ ഗ്രാമപ്പഞ്ചായത്തിനെതിരേ പരാതിയുമായി രംഗത്ത് വന്നത്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കേരളാകോണ്‍ഗ്രസ്സിനെതിരേ മല്‍സരിച്ചതിലുള്ള വിരോധം തീ ര്‍ക്കാന്‍ വാര്‍ഡ് മെംബറുടെ നേതൃത്വത്തില്‍ തന്റെ വസ്തു പഞ്ചായത്തിന്റെ ഉടമസ്ഥതയിലേക്ക് മാറ്റി എന്ന് സിസിലി വാര്‍ ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ജയ്ഭാരത് മഹിളാ സമാജം പ്രസിഡന്റായിരുന്ന സിസിലിക്ക് 1977ല്‍ ലഭിച്ച 14 സെന്റ് വസ്തുവാണ് അന്യാധീനപ്പെട്ടത്. 2012 വരെ ഈ സ്ഥലത്ത് സിസിലിയുടെ ചുമതലയില്‍ ഒരു അങ്കണവാടി പ്രവര്‍ത്തിച്ചിരുന്നു. ഇവര്‍ ജോലിയില്‍ നിന്ന് വിരമിച്ചതോടെ അങ്കണവാടി നിര്‍ത്തി. പിന്നീട് ഈ ഭൂമിയിലെ ചെറിയ കെട്ടിടത്തില്‍ തനിച്ച് താമസിച്ചിരുന്ന സിസിലി വാര്‍ഡ് മെംബര്‍ റെനീഷിന്റെ നേതൃത്വത്തില്‍ ബലമായി പുറത്താക്കി. ഇതുസംബന്ധിച്ച് കരിങ്കുന്നം പോലിസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പഞ്ചായത്ത് മെംബറുടെ രാഷ്ട്രീയ സ്വാധീനത്തിനുമുമ്പില്‍ സിസിലിയുടെ പരാതി നിഷ്പ്രഭമായി.
തുടര്‍ന്ന് കേരള ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചു. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ തൊടുപുഴ തഹസില്‍ദാര്‍ സിസിലിക്ക് ഭൂമി വിട്ടുനല്‍കാന്‍ പഞ്ചായത്തിന് നിര്‍ദേശം നല്‍കി. എന്നാല്‍, ഉത്തരവ് നടപ്പാക്കുന്നതിനു പകരം ഗ്രാമപ്പഞ്ചായത്ത് ആര്‍ഡിഒക്ക് അപ്പീല്‍ നല്‍ി. ഇതിന്മേലുള്ള വാദപ്രതിവാദങ്ങളും തെളിവെടുപ്പും അനിശ്ചിതമായി നീണ്ടുപോവുന്നതിനാല്‍ കിടപ്പാടം നഷ്ടപ്പെട്ട സിസിലി അയല്‍വീടുകളിലും ധ്യാനകേന്ദ്രങ്ങളിലുമൊക്കെയാണ് അന്തിയുറങ്ങുന്നത്. അവിവാഹിതയും ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയുമെന്ന നിലയില്‍ തനിക്കെതിരേ ഉണ്ടായ അതിക്രമത്തിനെതിരേ സംസ്ഥാന വനിത കമ്മീഷനെ സമീപിച്ചെങ്കിലും നീതി ലഭിച്ചില്ലെന്നും സിസിലി പറഞ്ഞു. വിവാദഭൂമിയില്‍ ഗ്രാമപ്പഞ്ചായത്ത് 11.5 ലക്ഷം ചെലവില്‍ 400 ചതുരശ്രഅടി വിസ്തീര്‍ണമുള്ള അങ്കണവാടിയും നിര്‍മിച്ചു. കൈവശഭൂമി ഉടമയുടെ അറിവോ സമ്മതോ കൂടാതെ ഗ്രാമപ്പഞ്ചായത്തിന്റെ പേരില്‍ പോക്കുവരവ് ചെയ്തുനല്‍കിയ റവന്യു ഉദ്യോഗസ്ഥരുടെ നടപടിയും സംശയാസ്പദമാണ്.
സിസിലി മാത്യുവിന്റെ ഭൂമി ഗ്രാമപ്പഞ്ചായത്ത് തട്ടിയെടുത്തെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് വാര്‍ഡ് മെംബര്‍ റെനീഷ് മാത്യു പറഞ്ഞു. മഹിളാസമാജത്തിന്റെ നടത്തിപ്പിന് വേണ്ടി പരാതിക്കാരിക്ക് നല്‍കിയ ഭൂമി പിന്നീട് അങ്കണവാടിയുടെ ആവശ്യത്തിന് സാമൂഹികക്ഷേമ വകുപ്പിന് കൈമാറിയതാണ്. പഞ്ചായത്ത് രാജ് ആക്ട് പ്രകാരം സാമൂഹികക്ഷേമ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള വസ്തുവകകള്‍ കൈകാര്യം ചെയ്യുന്നത് ഗ്രാമപ്പഞ്ചായത്താണ്. അങ്ങനെ പുറപ്പുഴ ഗ്രാമപ്പഞ്ചായത്തിന് നിയമപ്രകാരം നിഷ്പിതമായ ഭൂമിയാണ് സിസിലി മാത്യു അവകാശവാദം ഉന്നയിക്കുന്നത്. ഇതുസംബന്ധിച്ച് ഹൈക്കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ഭൂമി പഞ്ചായത്ത് സെക്രട്ടറിയുടെ പേരില്‍ പോക്കുവരവ് ചെയ്തതിന്റെ സാങ്കേതിക പിശകുകള്‍ പരിഹരിക്കണമെന്ന് മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളു. സ്ഥലത്തിന്റെ അവകാശം ഗ്രാമപ്പഞ്ചായത്തിന് ആയതുകൊണ്ടാണ് അവിടെ എംഎല്‍എ ഫണ്ടും പഞ്ചായ—ത്ത് ഫണ്ടും വിനിയോഗിച്ച് അങ്കണവാടി നിര്‍മിച്ചത്. അത് ഇപ്പോഴും പ്രവര്‍ത്തിച്ചുവരുന്നതുമാണെന്നും റെനീഷ് മാത്യു അറിയിച്ചു.
Next Story

RELATED STORIES

Share it